അഭിവന്ന്യ പണ്ടാരശ്ശേരി പിതാവിന്റെ സന്ദർശനത്തോടനുബന്ധിച്ച്‌ സ്വിറ്റ്സർലൻഡിൽ നടത്തിയ ക്നാനായ സംഗമം അവിസ്മരണീയമായി

posted Oct 4, 2009, 5:48 AM by Anil Mattathikunnel   [ updated Oct 6, 2009, 4:17 PM ]
 
ടെസ്സിന്‍: ഏകദേശം മൂന്നുപതിറ്റാണ്ടുകളായി കേരളത്തില്‍ നിന്നും, യൂറോപ്പിലെ ഇതര രാജ്യങ്ങളില്‍ നിന്നും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍തേടി സ്വിറ്റ്‌സര്‍ലണ്ടില്‍ കുടിയേറിയ ക്‌നാനായ മക്കളുടെ കുടുംബസംഗമവും, ഓണാഘോഷവും, മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ പിതാവിന്‌ ഉജ്ജ്വലസ്വീകരണവും സെപ്‌റ്റംബര്‍ 19, 20 തീയതികളില്‍ ഗ്രോണോ കമ്യൂണിറ്റി സെന്ററില്‍ നടത്തപ്പെട്ടു.

ആദ്യമായി സ്വിസ്സ്‌ ക്‌നാനായ കൂട്ടായ്‌മയിലേക്ക്‌ കടന്നുവന്ന അഭിവന്ദ്യ പിതാവിനെ, 19–ാം തീയതി ശനിയാഴ്‌ച 10 മണിക്ക്‌ ഓണക്കോടികളണിഞ്ഞ്‌, താലപ്പൊലികളേന്തിയ ക്‌നാനായ മക്കളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ കൂട്ടായ്‌മയുടെ പേരില്‍ ശ്രീ. ടോം തൊടുകയില്‍ പൊന്നാടയണിയിച്ച്‌ സ്വീകരിച്ചു. ഹൃദ്യമായ സ്വീകരണസമ്മേളനത്തില്‍ ഫാ. ബിനോയ്‌ കുട്ടനാല്‍ എല്ലാവരേയും സ്വാഗതം ചെയ്‌തു. അഭിവന്ദ്യ പിതാവ്‌ ഭദ്രദീപം കൊളുത്തി സംഗമം ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്‌തു. തുടര്‍ന്ന്‌ ക്‌നാനായ യുവതികള്‍ മാര്‍ഗ്ഗംകളി അവതരിപ്പിച്ചു. അഭിവന്ദ്യ പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ ഫാ. ബിനോയ്‌ കുട്ടനാല്‍, ഫാ. ചാക്കോ ഇല്ലിക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

നവദമ്പതികളായ കുന്നത്തേട്ട്‌ ക്രിസ്‌ജോ–മേബിള്‍, കറ്റുവീട്ടില്‍ അനീഷ്‌–റ്റിന്‍സി എന്നിവരെ സ്വിസ്സ്‌ ക്‌നാനായ കൂട്ടായ്‌മയിലേക്ക്‌ ആഘോഷമായി സ്വീകരിക്കുകയും, ദാമ്പത്യത്തിന്റെ 25–ാം വാര്‍ഷികം ആഘോഷിക്കുന്ന ചിറപ്പുറം ജയിംസ്‌–ഷേര്‍ളി ദമ്പതികളെ വിവിധ ചടങ്ങുകളോടെ അനുമോദിക്കുകയും ചെയ്‌തു.
വിഭവസമൃദ്ധമായ ഓണസദ്യയ്ക്കുശേഷം വിവിധ കായിക മത്സരങ്ങള്‍ നടന്നു. കുടുംബജീവിതത്തെ ആധാരമാക്കി ഫാ. ചാക്കോ ഇല്ലിക്കല്‍ വിജ്ഞാനപ്രദമായ ക്ലാസ്സ്‌ നയിച്ചു. സന്ധ്യയ്ക്കു നടന്ന കുടുംപ്രാര്‍ത്ഥനയില്‍ മാതാപിതാക്കളും കുട്ടികളും സജീവമായി പങ്കെടുത്തു. തനിമയെ ഉണര്‍ത്തിയ പിടിയുംകോഴിയും അത്താഴവിരുന്നിന്‌ മോടി പകര്‍ന്നു. തുടര്‍ന്ന്‌ നടന്ന മുതിര്‍ന്നവരുടെയും കുട്ടികളുടെയും കലാവിരുന്ന്‌ ആസ്വാദ്യകരമായി.

20–ാം തീയതി ഞായറാഴ്‌ച അഭിവന്ദ്യ പിതാവ്‌ കൂട്ടായ്‌മയ്ക്കുവേണ്ടി ആഘോഷമായ ദിവ്യബലിയര്‍പ്പിച്ച്‌ സന്ദേശം നല്‍കി. തുടര്‍ന്നു നടന്ന പൊതുയോഗത്തില്‍ ശ്രീ. അവറാച്ചന്‍ പാലപ്പുരയ്ക്കല്‍ അധ്യക്ഷണായിരുന്നു. വിവിധ ചര്‍ച്ചകള്‍ക്കുശേഷം സ്വിസ്സ്‌ ക്‌നാനായ കൂട്ടായ്‌മയ്ക്കുവേണ്ടി മഞ്‌ജു പാലപ്പുരയ്ക്കല്‍ അഭിവന്ദ്യ പിതാവിന്‌ ഉപഹാരം നല്‍കി. സമ്മാനദാനത്തിനുശേഷം ജോജോ കള്ളിക്കല്‍ എല്ലാവര്‍ക്കും നന്ദിയര്‍പ്പിച്ചു.

കുടുംബസംഗമത്തെ ഉജ്ജ്വലമാക്കിയ അഭിവന്ദ്യ കൊച്ചുപിതാവിന്റെ സാന്നിദ്ധ്യവും പുതുതായി രൂപീകൃതമായ സ്വിസ്സ്‌ ക്‌നാനായ യൂത്ത്‌ സ്റ്റാര്‍സിന്റെ (എസ്‌.കെ.വൈ.എസ്‌.) സേവനവും ഈ കൂട്ടായ്‌മയുടെ പ്രത്യേകതയായിരുന്നു. ആഘോഷമായ ഉച്ചഭക്ഷണത്തോടുകൂടി രണ്ടുദിവസത്തെ ഊഷ്‌മളമായ സംഗമത്തിന്‌ തിരശ്ശീലവീണു.

ഫാ. ബിനോയ്‌ കുട്ടനാല്‍.
 
Comments