ആദരവിന്റെ കൈയൊപ്പിട്ട് മാധ്യമപ്രതിഭാ പുരസ്ക്കാരം സമ്മാനിച്ചു

posted Nov 29, 2010, 6:08 AM by Knanaya Voice   [ updated Nov 29, 2010, 7:25 AM by Saju Kannampally ]
ചിക്കാഗോ: അമേരിക്കയിലെ മലയാള മാധ്യമ ചരിത്രത്തില്‍ അംഗീകാരത്തിന്റെ ആട്ടവിളക്ക് തെളിയിക്കുകയാണ് ബാബു ചാഴികാടന്‍ ഫൌണ്ടേഷനെന്ന് ചിക്കാഗോ സീറോ മലബാര്‍ രൂപതാ ബിഷപ്പ്  മാര്‍ ജേക്കബ് അങ്ങാടിയത്ത് അഭിപ്രായപ്പെട്ടു. ഇവിടെ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരെ ആദരിക്കുന്നതിലൂടെ അമേരിക്കയിലെ മലയാള മാധ്യമ മേഖലയ്ക്ക് യൌവന പ്രസരിപ്പ് നല്‍കാനും ബാബു ചാഴികാടന്‍ ഫൌണ്ടേഷന് കഴിഞ്ഞതായി ബിഷപ്പ് അങ്ങാടിയത്ത് ചൂണ്ടിക്കാട്ടി. ആയിരം ഡോളര്‍ സമ്മാനത്തുകയും പ്രശംസാഫലകവും അടങ്ങുന്ന ബാബു ചാഴികാടന്‍ ഫൌണ്ടേഷന്റെ പ്രഥമ മാധ്യമ പ്രതിഭാ പുരസ്ക്കാരം മലയാളംപത്രം എഡിറ്റര്‍ ടാജ് മാത്യുവിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മാര്‍ അങ്ങാടിയത്ത്. ചിക്കാഗോയുടെ പ്രാന്തനഗരമായ എല്‍മസ്റിലുള്ള മാരിയറ്റ് സ്പ്രിംഗ്ഹില്‍ സ്യൂട്ട് ഹോട്ടലില്‍ നവംബര്‍ 28 നായിരുന്നു അവാര്‍ഡ് വിതരണവും അനുമോദന സമ്മേളനവും.

ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടും പുരോഗതിയുടെ പാതകള്‍ താണ്ടുന്ന അമേരിക്കയിലെ മലയാള മാധ്യമ രംഗത്തിന്റെ പ്രോത്സാഹനത്തിനും അതുവഴിയുള്ള വികസനത്തിനുമായാണ് മാധ്യമ പ്രതിഭാ പുരസ്ക്കാരം ഏര്‍പ്പെടുത്തിയതെന്ന് ബാബു ചാഴികാടന്‍ ഫൌണ്ടേഷന്‍  പ്രസിഡന്റ് ജോസ് കണിയാലി അദ്ധ്യക്ഷ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. പിടിച്ചുനില്‍പ്പിനായി പെടാപ്പാടുപെടുകയാണ് താനുള്‍പ്പെടെയുള്ളവര്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കയിലെ മാധ്യമമേഖല. തളരാതെ തങ്ങളുടെ കര്‍ത്തവ്യബോധം നിറവേറ്റുന്നവരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക എന്ന ഉദ്ദേശമാണ് മാധ്യമപ്രതിഭാ പുരസ്ക്കാരം ഏര്‍പ്പെടുത്തിയതിന് പിന്നിലുള്ളത്. രാഷ്ട്രീയരംഗത്തും മാധ്യമങ്ങളിലും ഒരുപോലെ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു 1991 ല്‍ നമ്മെ വിട്ടുപിരിഞ്ഞ ബാബു ചാഴികാടന്റേത്. അതുകൊണ്ടുതന്നെ ഓരോവര്‍ഷവും മാറിമാറി മാധ്യമ, രാഷ്ട്രീയ മേഖലയിലുള്ളവര്‍ക്കായിരിക്കും പുരസ്ക്കാരം നല്‍കുക. അടുത്തവര്‍ഷം അമേരിക്കന്‍ രാഷ്ട്രീയരംഗത്തുപ്രവര്‍ത്തിക്കുന്ന ഒരു മലയാളിക്ക് രാഷ്ട്രീയ പ്രതിഭാ പുരസ്ക്കാരം നല്‍കി ഫൌണ്ടേഷന്‍ ആദരിക്കുന്നതാണെന്ന് ജോസ് കണിയാലി പ്രസ്താവിച്ചു.
ബാബു ചാഴികാടന്‍ ഫൌണ്ടേഷന്റെ മാധ്യമ പുരസ്ക്കാരം തനിക്ക് ആകസ്മിതകളുടെ ഒത്തുചേരലാണെന്ന് ടാജ് മാത്യു മറുപടി പ്രസംഗത്തില്‍ പറഞ്ഞു. പത്രപ്രവര്‍ത്തനരംഗത്ത് തുടക്കക്കാരനായി കടന്നുവന്ന തന്റെ കരിയറിലെ ഏറ്റവും ആദ്യത്തെ ബ്രേക്കിംഗ് ന്യൂസായിരുന്നു ബാബു ചാഴികാടന്‍ ഇടിമിന്നലേറ്റ് മരിച്ച സംഭവം. അതിന് ഒരുമാസം മുമ്പാണ് ബാബു ചാഴികാടനെ പരിചയപ്പെടുന്നത്. ആദ്യ അഭിമുഖത്തില്‍ തന്നെ വേറിട്ട രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്ന ബഹുമാനം ബാബു ചാഴികാടനോട് തോന്നിയിരുന്നു. എന്നാല്‍ ഒരുമാസത്തിനുള്ളില്‍ ബാബുവിന്റെ വിയോഗവാര്‍ത്ത മലയാളം പത്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടിവന്നത് ഒരു പത്രപ്രവര്‍ത്തകന്റെ ഉള്ളില്‍ വിതുമ്പിവരുന്ന സ്വകാര്യദു:ഖങ്ങളെ അടിച്ചമര്‍ത്തിക്കൊണ്ടാണ്. പത്രപ്രവര്‍ത്തകന്റെ ഏറ്റവും വലിയ ദുര്യോഗവും ഇതുതന്നെയാണ്. വാര്‍ത്തകള്‍ക്ക് പിന്നാലെ വേട്ടപ്പട്ടിയെപ്പോലെ പായുന്ന അവനിലെ സ്വകാര്യമനസ്സിന്റെ വിങ്ങല്‍ പലപ്പോഴും പുറംലോകം അറിയാതെ പോകുന്നു. അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് കിട്ടാവുന്ന ഏറ്റവും വലിയ പുരസ്ക്കാരം ഏര്‍പ്പെടുത്താനിടയാകുമെന്നും അതിലേക്ക് നടന്നെത്താന്‍ കഴിയുമെന്നും  ഇരുപതുവര്‍ഷം മുമ്പ് താന്‍ ചിന്തിച്ചിരുന്നുപോലുമില്ല. ഇന്ന് പിന്നിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ എല്ലാം ഒരു നിമിത്തമായിതോന്നുന്നു; ടാജ് മാത്യു അനുസ്മരിച്ചു.
ചിക്കാഗോയിലെ സാമൂഹ്യ, സാംസ്കാരിക മാധ്യമരംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങ് സംഘാടകമികവിനാലും ചിട്ടയാര്‍ന്ന നടത്തിപ്പിനാലും പ്രഭാവലയം പരത്തുന്നതായിരുന്നു. ക്യാഷ് അവാര്‍ഡ് സ്പോണ്‍സറും ഫൌണ്ടേഷന്‍  ഭാരവാഹിയുമായ സണ്ണി ഇണ്ടിക്കുഴി, ജോര്‍ജ് നെല്ലാമറ്റം (കെ.സി.സി.എന്‍.എ. പ്രസിഡന്റ്),  ശിവന്‍ മുഹമ്മ (കൈരളി ടിവി), ബിജു സക്കറിയ (ജയ് ഹിന്ദ് ടിവി), ബിജു കിഴക്കേക്കുറ്റ് (മാസപ്പുലരി),  സ്റാന്‍ലി കളരിക്കമുറി (ഫോമ വൈസ് പ്രസിഡന്റ്), വര്‍ഗീസ് പാലമല (ഫൊക്കാന ജോയിന്റ് ട്രഷറര്‍), പീറ്റര്‍ കുളങ്ങര (ഫോമ ആര്‍.വി.പി.), ടോമി അംമ്പേനാട്ട് (ഫൊക്കാന ആര്‍.വി.പി.), സതീശന്‍ നായര്‍ (ഓവര്‍സീസ് കോണ്‍ഗ്രസ് ചിക്കാഗോ പ്രസിഡന്റ്), സണ്ണി വള്ളിക്കളം (പ്രവാസി കേരളാ കോണ്‍ഗ്രസ് ചിക്കാഗോ), ജോയി വാച്ചാച്ചിറ (സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് ട്രസ്റി), റോയി നെടുംചിറ (സെന്റ് മേരീസ് ചര്‍ച്ച് പി.ആര്‍.ഒ.),  ബെന്നി വാച്ചാച്ചിറ (ചിക്കാഗോ മലയാളി അസോസിയേഷന്‍),  തമ്പി ചെമ്മാച്ചേല്‍ (കേരളാ അസോസിയേഷന്‍), സിറിയക് കൂവക്കാട്ടില്‍ (കെ.സി.എസ്.), ജോണ്‍ ഇലക്കാട്ട് (സാഹിത്യവേദി), സാബു തോമസ് (എഞ്ചിനിയേഴ്സ് അസോസിയേഷന്‍), ജോസ് കല്ലിടുക്കില്‍ (റെസ്പിറേറ്ററി അസോസിയേഷന്‍), ഗ്ളാഡ്സണ്‍ വര്‍ഗീസ് (ഐ.എ.ഡി.ഒ), ബിജി സി. മാണി (റേഡിയോളജി അസോസിയേഷന്‍), അനിലാല്‍ ശ്രീനിവാസന്‍ (ഇന്ത്യാ പ്രസ് ക്ളബ് ചിക്കാഗോ), ചാക്കാ മറ്റത്തിപറമ്പില്‍ (ജോയിന്റ് സെക്രട്ടറി ), റോയി നെടുങ്ങോട്ടില്‍ (ഫോമ),  ലെജി പട്ടരുമഠം (ചിക്കാഗോ മലയാളി അസോസിയേഷന്‍), ജെയിംസ് കട്ടപ്പുറം (ഓവര്‍സീസ് കോണ്‍ഗ്രസ്), പ്രസന്നന്‍പിള്ള (കൈരളി ടിവി), മാത്തുക്കുട്ടി ആലുംപറമ്പില്‍ (ഇന്ത്യാ പ്രസ് ക്ളബ് ചിക്കാഗോ),  ബിനു പൂത്തറയില്‍ (കെ.സി.എസ്.), റ്റിറ്റോ കണ്ടാരപ്പള്ളില്‍, പയസ് സക്കറിയ ഒറ്റപ്ളാക്കില്‍ (മീനച്ചില്‍ അസോസിയേഷന്‍) തുടങ്ങിയവര്‍ അനുമോദന പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി ജോര്‍ജ് തോട്ടപ്പുറം എം.സി.യായിരുന്നു. ഫൌണ്ടേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ അഡ്വ. സാജു കണ്ണമ്പള്ളി സ്വാഗതവും അഡ്വ. ജിനോ കോതാലടി കൃതജ്ഞതയും പറഞ്ഞു. ജോയി നെടിയകാലായില്‍ ആമുഖ പ്രസംഗം നടത്തി. സജി മാലിത്തുരുത്തേല്‍ പ്രാര്‍ത്ഥനാഗാനം ആലപിച്ചു. മലബാര്‍ കേറ്ററിംഗ് സര്‍വ്വീസ് വില്യം ജോര്‍ജിന്റെ നേതൃത്വത്തിലായിരുന്നു ഡിന്നര്‍. ഏഷ്യാനെറ്റ്, കൈരളി, ജയ് ഹിന്ദ് ടിവി ചാനലുകള്‍ പ്രോഗ്രാം അഭ്രപാളികളിലാക്കി. മാത്തുക്കുട്ടി ആലുംപറമ്പില്‍ ഫോട്ടോഗ്രഫിയും, ചാക്കോ മറ്റത്തിപറമ്പില്‍ സൌണ്ട് സിസ്റവും കൈകാര്യംചെയ്തു.

 ജോര്‍ജ് തോട്ടപ്പുറം

Comments