അറ്റ്ലാന്റാ: ഹോളി ഫാമിലി ക്നാനായ കാത്തലിക് ദേവാലയത്തില്‍ വി. എസ്തപ്പാനോസിന്റെ തിരുനാള്‍ ഡിസംബര്‍ 26-ാം തീയതി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 10.30 ന് പ്രഥമ വികാരിയായ ഫാ. സ്റാനി ഇടത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ തിരുനാള്‍ ദിവ്യബലി നടത്തപ്പെടുകയുണ്ടായി. തുടര്‍ന്ന് അമേരിക്കയിലെ അതിശൈത്യം അവഗണിച്ചുകൊണ്ട് നൂറ് കണക്കിന് വിശ്വാസികള്‍ പങ്കെടുത്ത പ്രദക്ഷിണം അവിസ്മരണീയമായി. അറ്റ്ലാന്റായിലെ ഉഴവൂര്‍ നിവാസികളും, കോട്ടയം അതിരൂപതയില്‍പെടുന്ന ഉഴവൂര്‍ ഫൊറോന അംഗങ്ങളും തങ്ങളുടെ പ്രവാസ ജീവിതത്തില്‍ സ്വന്തം നാടിനെയും ആചാരങ്ങളേയും ഒരുപോലെ മനസ്സില്‍ സൂക്ഷിച്ച് അറ്റ്ലാന്റയില്‍ ഉഴവൂര്‍ തിരുനാള്‍ പുനര്‍ജനിക്കുന്ന രീതിയില്‍ ആവിഷ്ക്കരിക്കുകയായിരുന്നു. ഉഴവൂര്‍ ഫൊറോന അംഗങ്ങള്‍ എല്ലാവരുംതന്നെ പ്രസുദേന്തി ആയി നടത്തിയ തിരുനാളിന് രാജു അറയ്ക്കല്‍ ചുക്കാന്‍ പിടിച്ചു. വാദ്യമേളങ്ങളോടുകൂടിയുള്ള പ്രദക്ഷിണവും, കരിമരുന്ന് പ്രകടനവും തിരുനാളിന് മാറ്റുകൂട്ടി. കുപ്ളിക്കാട്ട് സുഷ, അലീഷ, റോഷിന്‍, അറയ്ക്കല്‍ പ്രിന്‍സിലി, ഷോണ്‍ എന്നിവര്‍ ചേര്‍ന്ന് നയിച്ച ഭക്തിനിര്‍ഭരമായ ഗാനങ്ങള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് കൊഴുപ്പേകി. തിരുനാള്‍ ഇത്രയും മനോഹരമാക്കിയതിന് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഏവര്‍ക്കും ജോസ് കാപറമ്പില്‍ നന്ദി രേഖപ്പെടുത്തി. പ്രസുദേന്തിമാര്‍ തയ്യാറാക്കിയ സ്നേഹവിരുന്നോടെ രണ്ടായിരത്തി പത്തിലെ സെന്റ് സ്റ്റീഫന്‍സ് തിരുനാളിന് തിരശ്ശീല വീണു. സാജു തോമസ് വട്ടക്കുന്നത്ത്. |