ആവേശോജ്വലമായ കെ. സി. സി. എന്‍. എ. ഇലക്ഷന് അറ്റ്ലാന്റായില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

posted Feb 24, 2011, 10:10 PM by Knanaya Voice
        അറ്റ്ലാന്റാ: രണ്ടാമതൊരിക്കല്‍ക്കൂടി കെ. സി. സി. എന്‍. എ. ഇലക്ഷന് അതിഥേയത്വമരുളുവാനുള്ള സന്തോഷത്തിലാണ് ഹോളി ഫാമിലി പള്ളി ഇടവകാംഗങ്ങളം കെ. സി. എ. ജി. അംഗങ്ങളും. സഭയും സമുദായവും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് വിദേശ രാജ്യങ്ങളിലുള്ള ക്നാനായ സമുദായ അംഗങ്ങളുടെ കൂട്ടായ്മയ്ക്ക് മാതൃകയായി പ്രവര്‍ത്തിക്കുന്ന അല്‍മായ സംഘടനയാണ് കെ. സി. എ. ജി. (ക്നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് ജോര്‍ജ്ജിയ) മാര്‍ച്ച് 5-ന് അറ്റ്ലാന്റാ നോര്‍ക്രോസ് ലെ സിംഗില്‍ടണ്‍ കമ്മ്യൂണിറ്റി ഹാളിലാണ് കെ. സി. സി. എന്‍. എ. യുടെ ഇലക്ഷന്‍ മൂന്നു പാനലുകളിലായി ഇഞ്ചോടിഞ്ച് പോരാടുന്ന ഒരു ത്രികോണ മത്സരത്തിനാണ് അറ്റ്ലാന്റാ സാക്ഷ്യം വഹിക്കുന്നത്. 2006-ല്‍ കെ. സി. സി. എന്‍. എ. യില്‍ നടന്ന ത്രികോണ മത്സരത്തേക്കാളും വീറും വാശിയും കലര്‍ന്നതാണ് ഇത്തവണത്തെ ത്രികോണ മത്സരം.
       അമേരിക്കല്‍ ഐക്യനാടുകളിലെ സാഹചര്യങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും അവസരോചിതമായി നാഷണല്‍ കൌണ്‍സില്‍ മെമ്പേഴ്സിന്റെ അംഗബല വ്യത്യാസങ്ങളില്ലാതെ കഴിവുള്ളവരുടെ കഴിവുതെളിയിക്കുവാനും തെരഞ്ഞെടുക്കപ്പെടുവാനുമുള്ള സുവര്‍ണ്ണാവസരമാണിത്. ഓരോ നാഷണല്‍ കൌണ്‍സില്‍ അംഗങ്ങള്‍ക്കും സ്വതന്ത്രമായ ചിന്താഗതികളോടെ കഴിവും അനുഭവപരിചയവും, പ്രാഗത്ഭ്യവും നോക്കി, പാശ്ചാത്യ സംസ്ക്കാരത്തിന്റെ അലയടികളില്‍ അലിഞ്ഞുപോകാതെ നൂറ്റാണ്ടുകളായി പൂര്‍വ്വികരിലൂടെ കാത്തുസൂക്ഷിച്ചുപോന്നിരുന്ന സമുദായത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പൈതൃകങ്ങളും കാത്തുസൂക്ഷിക്കുവാന്‍ പ്രതിജ്ഞാബദ്ധരായ കെ. സി. സി. എന്‍. എ. ഭാരവാഹികളെ തെരഞ്ഞെടുക്കുവാനുള്ള വേദിയായി മാറുകയാണ് ഈ ഇലക്ഷന്‍. ജോര്‍ജ്ജ് നെല്ലാമറ്റവും, സുനില്‍ മാധവപള്ളിയുടെയും നേതൃത്വത്തിലുള്ള കെ. സി. സി. എന്‍. എ. എക്സിക്യൂട്ടീവ് കമ്മറ്റി സമാധാനപൂര്‍വ്വമായ സമുദായ അംഗങ്ങളുടെ കൂട്ടായ്മ ഊട്ടിഉറപ്പിക്കുന്ന ഒരു തെരഞ്ഞെടുപ്പിനാവശ്യമായ ക്രമീകരണങ്ങള്‍ സജ്ജമാക്കിക്കഴിഞ്ഞു. ജോണി പുത്തന്‍പറമ്പില്‍, ചീഫ് ഇലക്ഷന്‍ കമ്മീഷനായുള്ള ഇലക്ഷന്‍ കമ്മറ്റി വളരെ സുതാര്യപൂര്‍വ്വമായ ഒരു ഇലക്ഷന്‍ നടത്തുവാനുള്ള തയ്യാറെടുപ്പിലാണ്.
        കഴിവും പ്രാഗത്ഭ്യവും അനുഭവപരിചയവും കൈമുതലായ, യുവജനങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങല്‍ നേടിക്കൊടുത്തുകൊണ്ടാണ് മൂന്നു പാനലുകളും സജീവമായി പ്രചരണരംഗത്തുള്ളത്. വളര്‍ന്നുവരുന്ന യുവജനങ്ങള്‍ക്കായി കൂടുതല്‍ അവസരങ്ങള്‍ ഒരുക്കിക്കൊടുത്തുകൊണ്ട്, ക്നാനായ സമുദായത്തിന്റെ കര്‍മ്മസരണിയില്‍ അവരെ പങ്കുകാരാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഒരിക്കലും പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത സ്വന്തം മനഃസാക്ഷി ആരുടെയും മുമ്പില്‍ അടിയറവയ്ക്കാത്ത നാഷണല്‍ കൌണ്‍സില്‍ അംഗങ്ങള്‍ ക്നാനായ സമുദായത്തിന്റെ വംശീയതയും പൈതൃകങ്ങളും ആത്മാര്‍ത്ഥമായി കാത്തുസൂക്ഷിക്കുകയും, തങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം സമുദായത്തിന്റെ നന്മയ്ക്കായി വിനിയോഗിക്കുമെന്ന പ്രതീക്ഷയോടെ എല്ലാ കണ്ണുകളും അറ്റ്ലാന്റായിലേയ്ക്ക്. ഫിലിപ്പ് ചാക്കച്ചേരില്‍, ഷാജന്‍ പൂവത്തുംമൂട്ടിലിന്റെയും നേതൃത്വത്തിലുള്ള കെ. സി. എ. ജി. എക്സിക്യൂട്ടീവ് കമ്മറ്റി, കെ.സി. സി. എന്‍. എ. യുടെ ഇലക്ഷനാവശ്യമായ എല്ലാ സഹായസഹകരണങ്ങളും നല്‍കിക്കൊണ്ട് സമുദായ സ്നേഹികളായ ഏവരേയും അറ്റ്ലാന്റായിലേയ്ക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

ഷാജന്‍ പൂവത്തുംമൂട്ടില്‍
Comments