ബാബു ചാഴികാടന്‍ ഫൌണ്ടേഷന്‍ മാധ്യമ പ്രതിഭാ പുരസ്‌കാരം പ്രഖ്യാപിച്ചു

posted Oct 19, 2010, 8:24 AM by Saju Kannampally
ഷിക്കാഗോ: കേരളത്തിലെ രാഷ്‌ട്രീയ, മാധ്യമ മേഖലയില്‍ നിറസാനിധ്യമായിരുന്ന ബാബു ചാഴികാടന്റെ സ്‌മരണക്കായി ഷിക്കാഗോ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ബാബു ചാഴികാടന്‍ ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മാധ്യമ പ്രതിഭാ പുരസ്‌കാരത്തിന്‌ മലയാളം പത്രം എഡിറ്റര്‍ ടാജ്‌ മാത്യു അര്‍ഹനായി. ആയിരം ഡോളര്‍ സമ്മാനത്തുകയും പ്രശംസാപത്രവും അടങ്ങുന്ന പുരസ്‌കാരം നവംബര്‍28 ന്‌ ഷിക്കാഗോയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. വ്യവസായിയായ സണ്ണി ഇണ്ടിക്കുഴിയാണ്‌ അവാര്‍ഡിന്റെ സ്‌പോണ്‍സര്‍

അമേരിക്കന്‍ മലയാളി സമൂഹത്തില്‍ വിവിധ നിലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലൂടെയാണ്‌ പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തതെന്ന്‌ ബാബു ചാഴികാടന്‍ ഫൌണ്ടേഷന്‍ പ്രസിഡന്റ്‌ ജോസ്‌ കണിയാലി അറിയിച്ചു. വാര്‍ത്താ സംഭരണത്തിലും വിതരണത്തിലും പുലര്‍ത്തുന്ന നിഷ്‌പക്ഷത, പോസിറ്റീവ്‌ മനോഭാവം, വാര്‍ത്തകള്‍ തയാറാക്കുന്നതിലെ പ്രത്യേക വൈഭവം തുടങ്ങിയവ ടാജ്‌ മാത്യുവിന്റെ ഗുണങ്ങളായി അഭിപ്രായ വോട്ടെടുപ്പില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.

ബാബു ചാഴികാടന്‍ ഫൌണ്ടേഷന്റെ പ്രഥമ മാധ്യമ പ്രതിഭാ പുരസ്‌കാരത്തിന്‌ അര്‍ഹനായ ടാജ്‌ മാത്യുവിനെ ഫൌണ്ടേഷന്‍ രക്ഷാധികാരി കെ.എം മാണി എം.എല്‍.എയും ഉപരക്ഷാധികാരി തോമസ്‌ ചാഴികാടന്‍ എം.എല്‍.എയും അഭിനന്ദിച്ചു.

ഫൌണ്ടേഷന്‍ പ്രസിഡന്റ്‌ ജോസ്‌ കണിയാലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്‌ടര്‍ ബോര്‍ഡ്‌ യോഗം അവാര്‍ഡ്‌ദാന ചടങ്ങിനെക്കുറിച്ചുളള വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്‌തു. ജോര്‍ജ്‌ തോട്ടപ്പുറം, ചാക്കോ മറ്റത്തിപറമ്പില്‍, ജോയി നെടിയകാലായില്‍, ജോര്‍ജ്‌ നെല്ലാമറ്റം, സണ്ണി ഇണ്ടിക്കുഴി, ജീനോ കോതാലടിയില്‍, അഡ്വ. സാജു കണ്ണമ്പളളി എിവരുടെ നേതൃത്വത്തില്‍ വിവിധ സബ്‌കമ്മിറ്റികള്‍ ഇതിനായി രൂപീകരിച്ചിട്ടുണ്ട്‌.

  ചങ്ങനാശേരി എസ്‌.ബി കോളജില്‍ നിന്നും സാമ്പത്തിക ശാസ്‌ത്രത്തില്‍ ബിരുദാനന്തര ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും കരസ്‌ഥമാക്കിയിട്ടുളള ടാജ്‌ മാത്യു മലയാളം പത്രത്തിന്റെ തുടക്കം മുതല്‍ എഡിറ്ററായി പ്രവര്‍ത്തിക്കുന്നു. അമേരിക്കന്‍ മാധ്യമ മേഖലയുടെ വളര്‍ച്ചക്ക്‌ നിദാനമായ പല വഴിത്തിരിവുകള്‍ക്കും പിണിയില്‍ നിന്നു പ്രവര്‍ത്തിക്കുകയുണ്ടായി. മലയാളി സമൂഹത്തിന്റെ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരുതിനും കെട്ടിലും മട്ടിലും നാട്ടിലെ പത്രങ്ങളോട്‌ കിടപിടിക്കുന്ന രീതിയില്‍ മലയാളം പത്രത്തെ അണിയിച്ചൊരുക്കുന്നതിനും മുണിയില്‍ നിന്നു പ്രവര്‍ത്തിച്ചു. അമേരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്‌മക്കും അതിലൂടെയുളള ഈ മേഖലയുടെ വളര്‍ച്ചക്കും കാരണമായ ഇന്ത്യ പ്രസ്‌ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ സ്‌ഥാപക നേതാക്കളില്‍ ഒരാളാണ്‌. 2008 മുതല്‍ 2009 ഡിസംബര്‍ വരെയുളള കാലയളവില്‍ ഇന്ത്യ പ്രസ്‌ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ നാഷണല്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. ഇപ്പോള്‍ പ്രസ്‌ക്ലബ്‌ ഉപദേശക സമിതി വൈസ്‌ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നു.

എത്നിക്‌ ജേര്‍ണലിസ്‌റ്റുകള്‍ക്കുളള ന്യൂയോര്‍ക്ക്‌ ടൈംസിന്റെ  ഫെലോഷിപ്പ്‌ 2005ല്‍ നേടിയ ടാജ്‌ മാത്യു ന്യൂയോര്‍ക്ക്‌ ടൈംസില്‍ പത്രപ്രവര്‍ത്തന പരിശീലനവും പൂര്‍ത്തിയാക്കിയിട്ടുണ്ട്‌. ഫിലാഡല്‍ഫിയ ട്രൈസ്‌റ്റേറ്റ്‌ കേരള ഫോറത്തിന്റെ  ഈവര്‍ഷത്തെ മാധ്യമ അവാര്‍ഡും ടാജ്‌ മാത്യുവിനായിരുന്നു.

ചുങ്കപ്പാറ തെങ്ങുംപളളില്‍ റിട്ട. അഗ്രികള്‍ച്ചറല്‍ അസിസ്‌റ്റന്റ്‌ ഡയറക്‌ടര്‍ എം.ടി മത്തായിയുടെയും റിട്ട. വിമന്‍സ്‌ വെല്‍ഫയര്‍ ഓഫിസര്‍ ടി.സി മറിയത്തിന്റെയും പുത്രനാണ്‌. കോട്ടയം നീറിക്കാട്‌ വലിയമറ്റത്തില്‍ പരേതനായ പി.സി ചാക്കോയുടെ പുത്രി റീനയാണ്‌ ഭാര്യ. ടോണിയ, രേഷ്‌മ എന്നിവര്‍ മക്കളാണ്‌.
ജോര്‍ജ്‌ തോട്ടപ്പുറം
 
Comments