ബാബു ചാഴികാടന്‍ ഫൌണ്ടേഷന്‍ മാധ്യമ പ്രതിഭാപുരസ്ക്കാരം നല്‍കുന്നു

posted Oct 5, 2010, 7:28 AM by knanaya news
ചിക്കാഗോ: വടക്കേ അമേരിക്കന്‍ മലയാളി സമൂഹത്തില്‍നിന്നും അച്ചടി-ദൃശ്യമാധ്യമരംഗത്ത് കഴിവുതെളിയിച്ചിട്ടുള്ള ഒരു വ്യക്തിക്ക് ഈവര്‍ഷം ബാബു ചാഴികാടന്‍ ഫൌണ്ടേഷന്‍ പ്രവാസി മാധ്യമ പ്രതിഭാ പുരസ്ക്കാരം നല്‍കും. സ്വന്തമായി വാര്‍ത്തകള്‍ എഴുതുവാനും പ്രസിദ്ധീകരിക്കുവാനും പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ളവരെയാണ് ഈ അവാര്‍ഡിനായി പരിഗണിക്കുന്നത്. അമേരിക്കന്‍ മലയാളി സമൂഹത്തില്‍നിന്നും അഭിപ്രായവോട്ടെടുപ്പിലൂടെയായിരിക്കും അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുക്കുന്നത്. വിജയിക്ക് പ്രശംസാ  പത്രവും കാഷ് അവാര്‍ഡും നവംബര്‍ മാസത്തില്‍ ചിക്കാഗോയില്‍ ചേരുന്ന സമ്മേളനത്തില്‍വെച്ച് സമ്മാനിക്കും.

               അടുത്തവര്‍ഷം അമേരിക്കന്‍ രാഷ്ട്രീയ രംഗത്ത് കഴിവുതെളിയിച്ചിട്ടുള്ള ഒരു മലയാളിക്കായിരിക്കും അവാര്‍ഡ് നല്‍കുക. വരുംകാലങ്ങളില്‍ രാഷ്ട്രീയ, മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിക്ക് ബാബു ചാഴികാടന്‍ ഫൌണ്ടേഷന്‍ ഓഫ് നേര്‍ത്ത് അമേരിക്ക അവാര്‍ഡ് നല്‍കും. 1970-80 കാലഘട്ടത്തില്‍ കേരളത്തിലെ വിദ്യാര്‍ത്ഥി യുവജനരംഗത്ത് നിറഞ്ഞുനിന്നിരുന്ന  ബാബു ചാഴികാടന്‍ രാഷ്ട്രീയ, മാധ്യമരംഗങ്ങളില്‍ ഏറ്റവുമധികം ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി രാഷ്ട്രീയ, മാധ്യമ രംഗത്ത് പ്രാഗത്ഭ്യം തെളിയിക്കുന്ന ഒരു പ്രവാസി മലയാളിയ്ക്ക്  ഓരോ വര്‍ഷവും അവാര്‍ഡ് നല്‍കുവാന്‍ തീരുമാനിച്ചതെന്ന് ഫൌണ്ടേഷന്‍ പ്രസിഡന്റ് ജോസ് കണിയാലി പറഞ്ഞു.

       ബാബു ചാഴികാടന്‍ ഫൌണ്ടേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പ്രസിഡന്റ് ജോസ് കണിയാലി അദ്ധ്യക്ഷത വഹിച്ചു. ചാക്കോ മറ്റത്തിപറമ്പില്‍, ജോര്‍ജ് നെല്ലാമറ്റം, സണ്ണി ഇണ്ടിക്കുഴി, അഡ്വ. സാജു കണ്ണമ്പള്ളി, ജീനോ  ജോസഫ് കോതാലടിയില്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ജോര്‍ജ് തോട്ടപ്പുറം സ്വാഗതവും ട്രഷറര്‍ ജോയി നെടിയകാലായില്‍ കൃതജ്ഞതയും പറഞ്ഞു.

റിപ്പോര്‍ട്ട് : ജോര്‍ജ് തോട്ടപ്പുറം

Comments