ബാബു ചാഴികാടന്‍ സ്‌മാരക മാധ്യമ പ്രതിഭാ പുരസ്‌കാരം 28 ന്‌ സമ്മാനിക്കും

posted Nov 10, 2010, 10:16 PM by Anil Mattathikunnel   [ updated Nov 10, 2010, 10:18 PM ]
ഷിക്കാഗോ: അമേരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ പൊന്‍തൂവല്‍ എന്നു വിലയിരുത്തപ്പെടുന്ന ബാബു ചാഴികാടന്‍ സ്‌മാരക ഫൗണ്ടേഷന്റെ പ്രഥമ മാധ്യമ പ്രതിഭാ പുരസ്‌കാരം ഷിക്കാഗോ സെന്റ്‌തോമസ്‌ സീറോ മലബാര്‍ രൂപതയുടെ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പുരസ്‌കാര ജേതാവായ മലയാളം പത്രം എഡിറ്റര്‍ ടാജ്‌ മാത്യുവിന്‌ നവംബര്‍ 28 ന്‌ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. ഷിക്കാഗോയുടെ സമീപ നഗരമായ എല്‍മസ്‌റ്റിലുളള മാരിയറ്റ്‌ സ്‌പ്രിംഗ്‌ഹില്‍ സ്യൂട്ട്‌ ഹോട്ടലിലാണ്‌ അവാര്‍ഡ്‌ദാന സമ്മേളനം. കേരളത്തിലെ രാഷ്‌ട്രീയ, സാമൂഹ്യ മേഖലകളില്‍ നിറസാന്നിധ്യമായിരുന്ന ബാബു ചാഴികാടന്റെ സ്‌മരണക്കായി ഷിക്കാഗോ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ബാബു ചാഴികാടന്‍ ഫൗണ്ടേഷന്‍ ഇദംപ്രഥമമായി ഏര്‍പ്പെടുത്തിയിരിക്കുന്ന മാധ്യമ പ്രതിഭാ പുരസ്‌കാരത്തിന്റെ സ്‌പൊണ്‍സര്‍ പ്രമുഖ വ്യവസായിയായ സണ്ണി ഇണ്ടിക്കുഴിയാണ്‌.

നവംബര്‍ 28 ഞായറാഴ്‌ച വൈകുന്നേരം ആറുമണിയോടെ പരിപാടികള്‍ തുടങ്ങും. ബാബു ചാഴികാടന്‍ ഫൗണ്ടേഷന്‍ പ്രസിഡന്റും മികച്ച സംഘാടകനുമായ ജോസ്‌ കണിയാലി യുടെ അധ്യക്ഷതയിലാണ്‌ സമ്മേളനം അരങ്ങേറുക. ഷിക്കാഗോയിലെ സാമൂഹിക, സാമു ദായിക, മാധ്യമ മേഖലയില്‍ മാറ്റു തെളിയിച്ചവര്‍ സമ്മേളനത്തില്‍ പ്രസംഗിക്കും. ആയിരം ഡോളര്‍ സമ്മാനത്തുകയും പ്രശംസാപത്രവും അടങ്ങിയതാണ്‌ പുരസ്‌കാരം. ഫൗണ്ടേഷന്‍ പ്രസിഡന്റ ജോസ്‌ കണിയാലിയുടെ നേതൃത്വത്തില്‍ ജോര്‍ജ്‌ തോട്ടപ്പുറം, ചാക്കോ മറ്റത്തിപ്പറമ്പില്‍, ജോയി നെടിയകാലായില്‍, ജോര്‍ജ്‌ നെല്ലാമറ്റം, സണ്ണി ഇണ്ടിക്കുഴി, ജിനോ കോതാലടിയില്‍, അഡ്വ. സാജു കണ്ണമ്പളളി എന്നിവരടങ്ങിയ വിവിധ സബ്‌ കമ്മിറ്റികള്‍ അവാര്‍ഡ്‌ദാന ചടങ്ങിന്റെ വിജയത്തിനായി പ്രവര്‍ത്തനം തുടങ്ങി. 

ജോര്‍ജ്‌ തോട്ടപ്പുറം
Comments