ബ്രാഡ്ഫോർഡിൽ മാർ പെരുന്തോട്ടത്തിന്‌ സ്വീകരണം

posted Jun 20, 2009, 9:13 AM by Saju Kannampally   [ updated Jun 20, 2009, 12:03 PM by Anil Mattathikunnel ]
 

ബ്രാഡ്ഫോർഡ്‌: ബ്രാഡ്ഫോർഡിലുള്ള കേരളത്തിലെ എല്ലാ രൂപതാംഗങ്ങളുടേയും കൂട്ടായ്മയായ ബ്രാഡ്ഫോർഡ്‌ കേരള കാത്തലിക്‌ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ചങ്ങനാശ്ശേരി അതിരൂപതാ മെത്രാൻ മാർ ജോസഫ്‌ പെരുന്തോട്ടത്തിന്‌ ഉജ്വല സ്വീകരണം നൽകും. അടുത്തമാസം 23 ന്‌ ഉച്ചകഴിഞ്ഞ്‌ 3 ന്‌ ബ്രാഡ്‌ ഫോർഡിലെ ഫസ്റ്റ്‌ മർട്ടയേഴ്സ്‌ ദേവാലയത്തിലാണ്‌ സ്വീകരണം നൽകുക.

          നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ജൂലൈ 22 ന്‌ ലിവർപൂളിൽ നിന്ന്‌ ബ്രാഡ്‌ ഫോർഡിലേക്ക്‌ മാർ ജോസഫ്‌ പെരുന്തോട്ടത്തെ സ്വീകരിച്ച്‌ നയിക്കും. തുടർന്ന്‌ ബ്രാഡ്‌ ഫോർഡിനെ കുടുംബാംഗങ്ങളുമായി സ്നേഹസംഭാഷണം നടത്തും. 23 ന്‌ ഉച്ചകഴിഞ്ഞ്‌ 2.45 ന്‌ ഡെയ്സി ഹിൽ-ലിൽ നിന്നും ശിങ്കാരിമേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ബിഷപ്പ്‌ മാർ ജോസഫ്‌ പെരുന്തോട്ടത്തെ ഏലക്കാ മാല അണിയിച്ച്‌ സ്വീകരിക്കും. ഒപ്പം ലീഡ്സ്‌ കത്തീഡ്രൽ ഡീൻ മോൺസിഞ്ഞോർ ഫിലിപ്പ്‌ മോർഗനേയും സ്വീകരണ ഘോഷയാത്രയുടെ മുൻ നിരയിൽ പേപ്പൽ പതാകയും ഇന്ത്യൻ - ബ്രിട്ടീഷ്‌ ദേശീയ പതാകയും വഹിച്ച യുവതി-യുവാക്കൾ അണിനിരക്കും. 11 ബാലികാ-ബാലകന്മാര്‍ കത്തിച്ച മെഴുകു തിരികള്‍ കയ്യിലേന്തിയും അവർക്കു പിന്നിലായി  മുത്തുക്കുടകൾ വഹിച്ചുകൊണ്ട്‌ വിശ്വാസികളും അണിചേരും.

               ഫാസ്റ്റ്‌ മാർട്ടയേഴ്സ്‌ ദേവാലയത്തിന്റെ പ്രധാന വാതിലിൽ വികാരി ഫാ. എഡ്മണ്ട്‌ മെഴുകുതിരി നൽകി മാർ ജോസഫ്‌ പെരുന്തോട്ടത്തെ സ്വീകരിക്കും. തുടർന്ന്‌ ആഘോഷമായ പൊന്തിഫിക്കൽ കുർബ്ബാന. കുർബ്ബാനയ്ക്കു ശേഷമുള്ള പൊതുസമ്മേളനത്തിൽ മോൺസിഞ്ഞോർ ഫിലിപ്പ്‌ മോർഗൻ അദ്ധ്യക്ഷത വഹിക്കും. ഡോക്ടറേറ്റ്‌ ലഭിച്ച ജോമിമാത്യുവിന്‌ മൊമന്റോ സമ്മാനിക്കും. ഫാ. എഡ്മണ്ട്‌, സക്കറിയ പുത്തൻകളം എന്നിവർ ആശംസയർപ്പിക്കും. തുടർന്ന്‌ ബ്രാഡ്ഫോർഡ്‌ കേരളാ കാത്തലിക്‌ കമ്യൂണിറ്റ്‌ മാർ ജോസഫ്‌ പെരുന്തോട്ടം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ജേശി ജോസഫ്‌ സ്വാഗതവും, ജെന്റിൽ താന്നിക്കൽ പറമ്പിൽ നന്ദിയും പറയും. തുടർന്ന്‌ കുട്ടികളുടെ കലാപരിപാടിയും, ഗാനമേളയും സ്നേഹവിരുന്നിനുശേഷം കരിമരുന്ന്‌ കലാപ്രകടനവും ഉണ്ടായിരിക്കുന്നതാണെന്ന്‌ പരിപാടികൾക്കു നേതൃത്വം നൽകുന്ന ലിജു പറത്തോട്ടാൽ, വർഗീസ്‌ ചക്കരപ്പറമ്പിൽ, ടോം പാറയ്ക്കൽ, ജോൺ എബ്രഹാം എന്നിവർ പറഞ്ഞു
 
 
 സഖറിയാ പുത്തെന്‍കളം
 
 
Comments