ചിക്കാഗോ മലയാളി അസോസിയേഷന്‍ യൂത്ത് വിംഗ് ആരംഭിക്കുന്നു

posted Dec 11, 2010, 3:55 AM by Knanaya Voice   [ updated Dec 11, 2010, 6:17 AM by Saju Kannampally ]
ചിക്കാഗോ: നോര്‍ത്ത് അമേരിക്കയില്‍ മലയാളി സമൂഹത്തിന്റെ കൂട്ടായ്മയ്ക്കുവേണ്ടി ആദ്യമായിരൂപംകൊണ്ട മലയാളി സംഘടനകളില്‍ ഒന്നായ ചിക്കാഗോ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനം പുതിയ പ്രവര്‍ത്തനമണ്ഡലത്തിലേക്ക് വ്യാപിക്കാന്‍ തീരുമാനിച്ചു.
പുതിയ തലമുറയുടെ സ്പന്ദനങ്ങള്‍ മനസ്സിലാക്കി യുവജനങ്ങള്‍ക്ക് പ്രവര്‍ത്തനമണ്ഡലത്തില്‍ തങ്ങളുടേതായ വ്യക്തിമുദ്രപതിപ്പിക്കാനും, നേതൃത്വനിരയിലേക്ക് അവരെ കൈപിടിച്ചുയര്‍ത്താനുമായി ചിക്കാഗോ മലയാളി അസോസിയേഷന്‍ യുവജനസംഘടനകള്‍ക്ക് രൂപം നല്‍കുന്നു. ഇന്നത്തെ യുവജനങ്ങള്‍ നാളത്തെ തലമുറയുടെ നേതാക്കളുമായി അമേരിക്കന്‍ മണ്ണില്‍ തങ്ങളുടേതായ സംഭാവന നല്‍കുവാന്‍ പ്രാപ്തരാകുക എന്ന ലക്ഷ്യത്തോടെയാണ് യുവജനസംഘടന സ്ഥാപിക്കുന്നതെന്ന് പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ പ്രസ്താവിച്ചു.
ചിക്കാഗോയിലെ സാമൂഹിക സാംസ്കാരിക, യുവജനക്ഷേമപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനും ചിക്കാഗോ മലയാളി അസോസിയേന്‍ ജോ.ട്രഷററുമായ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ യുവജനസംഘടനയുടെ കണ്‍വീനര്‍ ആയി പ്രവര്‍ത്തിക്കും. ചിക്കാഗോയിലെ മലയാളികളുടെ യോഗം എത്രയുംവേഗം വിളിച്ചുകൂട്ടി ശക്തവും ക്രിയാത്മകവുമായ ഒരു യുവജനസംഘടനയ്ക്ക് നേതൃത്വം നല്‍കുമെന്ന് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ പറഞ്ഞു.

 ജോര്‍ജ് തോട്ടപ്പുറം

Comments