ചിക്കാഗോ: ചിക്കാഗോ സെയിന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ വൈദികസമ്മേളനം സെപ്റ്റംബര്‍ 21, 22, 23 തീയതികളില്‍ ചിക്കാഗോയിലുള്ള ടെക്നി ടവേഴ്സ് കോണ്‍ഫറന്‍സ് ആന്‍ഡ് റിട്രീറ്റ് സെന്ററില്‍ വെച്ച് നടത്തപ്പെട്ടു. 21-ന് വൈകുന്നേരത്തോടെ രൂപതയില്‍ സേവനം ചെയ്യുന്ന മിക്കവാറും മുഴുവന്‍ വൈദികരും അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് കോണ്‍ഫറന്‍സ് സെന്ററില്‍ എത്തിച്ചേര്‍ന്നു. സന്ധ്യാപ്രാര്‍ത്ഥനയോടെ സമ്മേളനം സമാരംഭിച്ചു.
22-ന് രാവിലെ 9 മണിക്ക് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ആമുഖ പ്രാര്‍ത്ഥനയ്ക്കുശേഷം വൈദിക കൂട്ടായ്മയുടെ പ്രസക്തിയും പ്രാധാന്യവും എടുത്തുകാട്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു. രൂപതയില്‍ സ്തുത്യര്‍ഹമായ സേവനം പൂര്‍ത്തിയാക്കി ഈ വര്‍ഷം നാട്ടിലേക്കു തിരികെപ്പോയ മോണ്‍. ജേക്കബ് വെള്ളിയാന്‍, ഫാ. ആന്റോ കുടുക്കാംതടം, ഫാ. സജി ചക്കിട്ടമുറിയില്‍, ഫാ. ജയ്മോന്‍ ചേന്നാക്കുഴി എന്നീ വൈദികരെ പിതാവ് നന്ദിയോടെ സ്മരിച്ചു. ഈ വര്‍ഷം പുതുതായി സേവനത്തിനെത്തിയിരിക്കുന്ന ഫാ. അഗസ്റിന്‍ പാലയ്ക്കാപറമ്പില്‍, ഫാ. തദേവൂസ് അരവിന്ദത്ത്, ഫാ. ജോര്‍ജ് ഇളമ്പാശ്ശേരില്‍, ഫാ. ജിന്‍സ് ചേത്തലില്‍, ഫാ. മാത്യു ശാശ്ശേരില്‍, ഫാ. ജോസ് ഇല്ലിക്കുന്നുമ്പുറത്ത്, ഫാ. ജോണിക്കുട്ടി പുലിശ്ശേരില്‍ എന്നീ വൈദികരെ ഹൃദയപൂര്‍വം വൈദിക കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്തു. ദൈവപരിപാലനയില്‍ സ്വന്തമായി ദേവാലയങ്ങള്‍ വാങ്ങി കൂദാശ ചെയ്ത് ഈ വര്‍ഷം ഇടവക പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട സാന്‍ ഫ്രാന്‍സിസ്കോ സെന്തോമസ് ഇടവകയേയും ചിക്കാഗോ സെയിന്റ് മേരീസ്, ഡിട്രോയിറ്റ് സെയിന്റ് മേരീസ്, സാന്‍ അന്റോണിയോ സെയിന്റ് ആന്റണീസ്, ഡാളസ് ക്രൈസ്റ് ദ കിംഗ്, ലോസാഞ്ചലസ് സെയിന്റ് പയസ്, താമ്പ സെയിന്റ് മേരീസ് ക്നാനായ ഇടവകകളേയും അഭിവന്ദ്യ പിതാവ് പ്രത്യേകം പ്രശംസിച്ചു. രൂപതയിലെ വിശ്വാസ പരിശീലനം, യുവജനപ്രേഷിതത്വം, ദേവാലയഘടനയിലും ആരാധനാക്രമാനുഷ്ഠാനങ്ങളിലും ഉണ്ടാകേണ്ട ഐകരൂപ്യം, രൂപതയുടെയും ഇടവകകളുടെയും ഫിനാന്‍ഷ്യല്‍ പോളിസി ക്രോഡീകരണം തുടങ്ങിയ വിഷയങ്ങള്‍ പഠനത്തിനും ചര്‍ച്ചകള്‍ക്കും വിധേയമാക്കി. 2011 രൂപതയുടെ പത്താം വാര്‍ഷികമായി ആചരിക്കുവാന്‍ തീരുമാനിക്കുകയും അതിന്റെ കര്‍മ്മപരിപാടികളെക്കുറിച്ച് ആലോചിക്കുകയും ചെയ്തു. 23-ന് വൈദികരുടെയും രൂപതാ പാസ്ററല്‍ കൌണ്‍സിലിന്റെയും സംയുക്തസമ്മേളനം കത്തീഡ്രല്‍ പാരിഷ് ഹാളില്‍ നടന്നു. രാവിലെ എട്ടരയ്ക്ക് മുഴുവന്‍ വൈദികരും ഒത്തുചേര്‍ന്ന് കത്തീഡ്രല്‍ പള്ളിയില്‍ സമൂഹബലിയര്‍പ്പിച്ചു. തുടര്‍ന്നു നടന്ന സംയുക്തസമ്മേളനം മാര്‍ ജേക്കബ് അങ്ങാടിയത്ത് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ വെച്ച് രൂപതയിലെ എല്ലാ ഇടവകകളിലും മിഷനുകളിലും നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന ഡേറ്റാ കളക്ഷന്‍ സോഫ്റ്റ്വെയര്‍ രൂപതാ ഐടി ടീമിനെ സദസ്സിനു പരിചയപ്പെടുത്തുകയും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് പത്തുവര്‍ഷം പിന്നിടുന്ന സീറോ മലബാര്‍ രൂപതയില്‍ അടുത്ത അഞ്ചു വര്‍ഷത്തേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്തി നടപ്പിലാക്കേണ്ട കര്‍മ്മപരിപാടികളെക്കുറിച്ച് ഗ്രൂപ്പ് ചര്‍ച്ചകളും പൊതുവിശകലനങ്ങളും നടന്നതായി രൂപതാ ചാന്‍സലര്‍ റവ.ഡോ. റോയി കടുപ്പില്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. |