ചിക്കാഗോയിലെ റോയല്‍ ട്രാവല്‍സിന് അംഗീകാരം

posted Nov 16, 2010, 8:43 PM by Saju Kannampally   [ updated Nov 16, 2010, 8:48 PM ]
ചിക്കാഗോ: ജനങ്ങള്‍ക്ക് കൂടുതല്‍ സൌകര്യങ്ങളും മെച്ചപ്പെട്ട സേവനങ്ങളും നല്‍കുവാന്‍ എയര്‍ ഇന്‍ഡ്യ പ്രതിജ്ഞാബദ്ധമാണെന്ന് എയര്‍ ഇന്‍ഡ്യ മിഡ്വെസ്റ് മാനേജര്‍ ജൂഡ് ക്രാസ്റോ പ്രസ്താവിച്ചു. ചിക്കാഗോയില്‍നിന്നും ഡല്‍ഹിയിലേക്കുള്ള നോണ്‍സ്റോപ്പ് സര്‍വീസ് വളരെ വിജയകരമായി രണ്ടാഴ്ച പിന്നിട്ടിരിക്കുകയാണ്. ഡല്‍ഹിയില്‍നിന്നും കൊച്ചി ഉള്‍പ്പെടെയുള്ള സൌത്ത് ഇന്‍ഡ്യന്‍ എയര്‍പോര്‍ട്ടുകളിലേക്ക് കണക്ഷന്‍ ഫ്ളൈറ്റും ഉള്ളതിനാല്‍ വളരെയധികം സമയലാഭം പുതിയ റൂട്ടിന് കൈവരിക്കുവാന്‍ സാധിച്ചതായി ജൂഡ് ക്രാസ്റോ വിശദീകരിച്ചു. ചിക്കാഗോയുടെ സമീപപ്രദേശമായ ഡൌണേഴ്സ്ഗ്രോവിലെ ഐഷാനബാന്‍ക്വറ്റ് ഹാളില്‍ എയര്‍ ഇന്‍ഡ്യ സംഘടിപ്പിച്ച അത്താഴവിരുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എയര്‍ ഇന്‍ഡ്യയുടെ പുതിയ സര്‍വീസുകള്‍ അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് മലയാളികള്‍ക്ക് വളരെ പ്രയോജനകരമാണ്.
   ഇന്‍ഡ്യന്‍ കോണ്‍സുല്‍ വിശ്വാസ് സപ്ക്കല്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഓഫ് അമേരിക്കാസ് ചിത്ര സര്‍ക്കാര്‍, ഡിസ്ട്രിക്ട് സെയില്‍സ് മാനേജര്‍ കാതറിന്‍ തൊറാട്ട്, സൌത്ത് ഇന്‍ഡ്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍  സുനില്‍ കിഷോര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ എയര്‍ ഇന്‍ഡ്യയുടെ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിച്ച ട്രാവല്‍ ഏജന്‍സികളെ പ്രശംസാഫലകം നല്‍കി ആദരിച്ചു. 2008, 2009 വര്‍ഷങ്ങളില്‍ ഒരു മില്യനിലധികം എയര്‍ ഇന്‍ഡ്യയുടെ ടിക്കറ്റ് വില്പന നടത്തിയ ചിക്കാഗോയിലെ റോയല്‍ ട്രാവല്‍സ് പ്രസിഡന്റ് ജോസ് കൊരട്ടിയില്‍ പ്രശംസാഫലകം ഏറ്റുവാങ്ങി. എയര്‍ ഇന്‍ഡ്യ അധികൃതരും, കുടുംബാംഗങ്ങളും, ട്രാവല്‍ ഏജന്റുമാരും, മാധ്യമപ്രതിനിധികളും ബാന്‍ക്വറ്റ് സമ്മേളനത്തില്‍ പങ്കെടുത്തു.

 ജോസ് കണിയാലി

Comments