പത്മശ്രീ കെ.എസ്.ചിത്ര നയിച്ച ചിത്രാ നൈറ്റ് 2010 പരിപാടി ഡിഡ്രോയിറ്റിന്റെ പ്രാന്തപ്രദേശമായ വാറന്‍ സിറ്റിയിലെ ഫിറ്റ്സ്ജറാള്‍ഡ് ഹൈസ്കൂള്‍ ആഡിറ്റോറിയത്തില്‍ വച്ച് സെപ്റ്റംബര്‍ 10-ാം തീയതി വെളളിയാഴ്ച വൈകുന്നേരം വളരെ വിജയകരമായി നടത്തപ്പെട്ടു.1993-ല്‍ സ്ഥാപിതമായ ക്നാനായ കത്തോലിക് സൊസൈറ്റി ഡിഡ്രോയിറ്റ്-വിന്‍ഡ്സര്‍(കെ.സി.എസ്.)നടത്തിയ ചിത്രാ നൈറ്റ് അത്ഭുത പൂര്‍വ്വമായ ഒരു മലയാളി സംഗമമായി പരിണമിച്ചതില്‍ സൊസൈറ്റി അഭിമാനം കൊളളുന്നു. എപ്പോഴും സുസ്മേരവദയായി കാണപ്പെടുന്ന ഗാനകോകിലം ചിത്രയുടെ എല്ലാ ഗാനങ്ങള്‍ക്കും സദസ്സു നിറഞ്ഞ കയ്യടി സമ്മാനമായി നല്കി. സദസ്സിനെ ഇളക്കിമറിക്കുന്ന ഗാനങ്ങളുമായാണ് നിഷാദും സുമിയും ആസ്വാദകരെ കയ്യിലെടുത്തത്. വില്‍സണ്‍ പിറവം ക്നാനായ സമുദായത്തിന്റെ തനതായ ഗാനശകലങ്ങള്‍ ആലപിച്ചത് സദസ്സിനു വളരെയേറെ ആസ്വാദ്യകരമായിരുന്നു.ഇവയോടൊപ്പം വര്‍ണ്ണശബളമായ വേഷഭൂഷാദികളോടെ ഡിഡ്രോയിറ്റിന്റെ സ്വന്തം കാര്‍ത്തികയും യദുകൃഷ്ണനും (കെ.സി.എസ്.) ഡിഡ്രോയിറ്റ്-വിന്‍ഡ്സര്‍ലെ യുവകലാകാരികളും ചുവടുകള്‍ വച്ചത് സദസ്യര്‍ക്ക് വളരെ ആസ്വാദകരമായി. ഡിഡ്രോയിറ്റിലെ മലയാളി സമൂഹത്തിന്റെ മുഴുവന്‍ പിന്തുണയും നേടി, ഇത്രയേറെ വിജയകരമായി ഈ സംരംഭം പരിണമിച്ചതില്‍ ക്നാനായ സൊസൈറ്റി അഭിമാനം കൊളളുകയാണ്. പ്രത്യേകിച്ചും, ഇത് സൊസൈറ്റിയുടെ ആദ്യ സംരംഭമാണ് എന്നുളളത് എടുത്തുപറയേണ്ട വസ്തുതയാണ്. സമൂഹത്തിലെ നാനാ തുറകളിലുമുളള എല്ലാ മലയാളികളും ,ജാതിമത വര്‍ണ്ണ വ്യത്യാസമന്യേ ഈ പരിപാടിയില്‍ സഹകരിച്ച് ഇതിനെ വിജയിപ്പിച്ചതിന്റെ നന്ദി സൊസൈറ്റി ഇവിടെ വീണ്ടും രേഖപ്പെടുത്തുന്നു.ചിത്രാ നൈറ്റിന്റെ വിജയത്തില്‍ താനേറെ സന്തുഷ്ടനാണെന്ന് ഈ സംരംഭത്തിന്റെ ചെയര്‍മാന്‍ മാത്യു ചെരുവില്‍ പ്രസ്ഥാവിക്കുകയുണ്ടായി. സൊസൈറ്റിയുടെ അംഗങ്ങളെല്ലാവരും അത്യുത്സാഹപൂര്‍വ്വംകഠിനാദ്ധ്വാനം ചെയ്തതിന്റെ ഫലമാണ് ഈ വിജയം എന്നു പ്രസ്ഥാവിച്ച മാത്യൂസ് സൊസൈറ്റി അംഗങ്ങളോടുളള അകമഴിഞ്ഞ നന്ദിയും രേഖപ്പെടുത്തി. പ്രോഗ്രാമിന്റെ ആരംഭത്തില്‍ സൊസൈറ്റി പ്രസിഡണ്ട് മെര്‍ലിന്‍ ഫ്രാന്‍സീസ് എല്ലാവരേയും സ്വാഗതം ചെയ്ത് കൊണ്ട് ഏവരുടേയും സഹകരണത്തേയും ഒത്തൊരുമയേയും പ്രത്യേകം അഭിനന്ദിച്ചു. സൊസൈറ്റിയുടെ വൈസ്പ്രസിഡണ്ട് ജോസ് ലൂക്കോസ്, ജോയിന്റ് സെക്രട്ടറി ജൂബി ചക്കുങ്കല്‍ എന്നിവര്‍ ഈ പരിപാടിയില്‍ സഹായിച്ച എല്ലാ ബിസിനസ്സ് സ്പോണ്‍സര്‍മാരോടും സൊസൈറ്റിയുടെ അകമഴിഞ്ഞ അഭിനന്ദനം അവരുടെ പേരെടുത്തുപറഞ്ഞു രേഖപ്പെടുത്തുകയുണ്ടായി.നാന്‍സി കിഴക്കേതില്‍,ജൂഡി കോട്ടൂര്‍ എന്നിവര്‍ ഈ പ്രോഗ്രാമിന്റെ എം.സി.മാരായിരുന്നു.സെക്രട്ടറി ബാബു ഇട്ടൂപ്പ് ഔദ്യോഗികമായി ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. ബാബു ഇട്ടൂപ്പ് |