ഡാള്ളസ് ക്രിസ്തു രാജ് ക്നാനായ ദേവാലയം കുദാശ ചെയ്തു

posted Jul 27, 2010, 2:25 PM by Saju Kannampally   [ updated Jul 28, 2010, 6:58 PM ]

ഡാളസ്‌ : ഫോര്‍ട്ട്‌ വര്‍ത്തിലെ ക്‌നാനായ കത്തോലിക്കാ മിഷന്‍ സ്വന്തമായി വാങ്ങിയ ദേവാലയം 2010 ജൂലൈ 26 ന്‌  10 മണിക്ക്‌ ബഹുമാനപ്പെട്ട ചിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതാ ബിഷപ്പ്‌ മാര്‍ ജേയ്ക്കബ്‌ അങ്ങാടിയാത്ത്‌,  കോട്ടയം അതിരൂപത ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ മാത്യും മൂലക്കാട്ട്‌, കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍, ഡാളസ്‌ അതിരൂപതാ സഹായ മെത്രാന്‍ എച്ച്‌.ഇ.മാര്‍ക്ക്‌ ജെ.സീറ്റ്‌സ്‌, മോണ്‍സിഞ്ഞോര്‍,  എബ്രാഹാം മുത്തോലത്ത്‌  എന്നിവരുടെ കാര്‍മ്മീകത്വത്തിലും ഫാദര്‍ റോയി കടുപ്പില്‍, ഫാദര്‍ ജോസഫ്‌ മണപ്പുറം, വികാരി ഫാദര്‍ ജോസഫ്‌ ശൌരിയാമാക്കിയില്‍  തുടങ്ങി മുപ്പതോളം വൈദീകരുടെയും സിസ്റ്റേഴ്സിന്റെയും ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ സമുദായ നേതാക്കളുടെയും പളളിയും പരിസരവും തിങ്ങിനിറഞ്ഞ വിശ്വാസികളുടെയും സാന്നിദ്ധ്യത്തിലും കൂദാശ കൂദാശ ചെയ്‌ത്‌ ഇടവകജനങ്ങള്‍ക്ക്‌ സമര്‍പ്പിച്ചു. ക്രൈസ്റ്റ്‌ ദി കിംഗ്‌ ക്‌നാനായ കത്തോലിക്കാ ദേവാലയം എന്നപേരിലായിരിക്കും ഈ പളളി ഇനി അറിയപ്പെടുക. വടക്കേ അമേരിക്കയിലെ ആറാമത്തെ ക്‌നാനായ കത്തോലിക്കാ ദേവാലയമാണിത്‌.

                മുപ്പതിനായിരത്തി അഞ്ഞുറ്റി നാല്‌പത്‌  ചതുരശ്ര അടിയാണ്‌ ഈ പളളി സമുച്ചയത്തിന്റെ വിസ്‌തീര്‍ണ്ണം. 25 ക്ലാസ്സ്‌ മുറികള്‍, 200 പേര്‍ക്ക്‌ ഉപയോഗിക്കാവുന്ന ചാപ്പല്‍, അഞ്ഞൂറിലധികം പേര്‍ക്ക്‌  ഉപയോഗിക്കാവുന്ന ബാസ്‌ക്കറ്റ്‌ ബോള്‍ കോര്‍ട്ട്‌  സൌകര്യമുളള ഹാള്‍, നൂറുപേര്‍ക്ക്‌ ഉപയോഗിക്കാവുന്ന മറ്റൊരു ഹാള്‍, രണ്ട്‌ വിശാലമായ അടുക്കള, 200 – ല്‍ പരം  കാറുകള്‍ പാര്‍ക്ക്‌ ചെയ്യാവുന്ന പാര്‍ക്കിംഗ്‌ ലോട്ട്‌, വൈദീകന്‌ താമസിക്കുവാനുളള സൌകര്യങ്ങള്‍, എഴുന്നൂറിലധികം പേര്‍ക്ക്‌  ഒരേ സമയം കുര്‍ബാനയില്‍ പങ്കെടുക്കാവുന്ന പ്രധാന പളളി എന്നിവ ഇവിടുത്തെ പ്രത്യേകതയാണ്‌. ഡാളസ്‌ ഫോര്‍ട്ട്‌ വര്‍ത്തിന്റെ ഏകദേശം മധ്യഭാഗത്തായി വരുന്ന ഇ പളളി പ്രധാന ഹൈവേകളുടെ തൊട്ടടുത്തായി ഫാര്‍മേഴ്സ്‌ ബ്രാഞ്ച്‌ സിറ്റിയാലാണ്‌ സ്ഥിതിചെയ്യുന്നത്‌.

             ആറ്‌ കുട്ടികളുടെ ആദ്യ കുര്‍ബ്ബാന സ്വീകരണവും 28 കുട്ടികളുടെ സ്ഥര്യലേപനവും ഇതോടൊപ്പം നടത്തപ്പെട്ടു. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം നടത്തപ്പെട്ട പൊതു സമ്മേളനത്തില്‍ ഫാര്‍മേഴ്സ്‌ ബ്രാഞ്ച്‌ സിറ്റി മേയര്‍ മിസ്റ്റര്‍ റ്റിം ഒഹയര്‍, ബഹുമാനപ്പെട്ട ബിഷപ്പ്‌മാര്‍, വികാരി ജനറാള്‍,  ഇടവക വികാരി ഫാദര്‍ ജോസഫ്‌ ശൌരിയാമാക്കിയില്‍, ഡാളസ്‌ ക്‌നാനായ കത്തോലിക്കാ അസ്സോസിയേഷന്‍ പ്രസിഡണ്ട്‌ സാബു തടത്തില്‍ , കെ സി സി എന്‍ എ പ്രസിഡന്റ്‌ ശ്രീ.ജോര്‍ജ്‌ നെല്ലാമറ്റം തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡെന്നീസ്‌ നടക്കുഴയ്ക്കല്‍ നന്ദി പറഞ്ഞു. തിയോഫിന്‍ ചാമക്കാല, മോഡറേറ്റര്‍ ആയിരുന്നു. എം.എല്‍.എ. മാരായ ശ്രീ.തോമസ്‌ ചാഴിക്കാടന്‍, ശ്രീ.മോന്‍സ്‌ ജോസഫ്‌,  ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ പ്രഫസര്‍ ജോയി മുപ്രാപ്പളളില്‍, സൈമണ്‍ അരുപറ, ഐന്‍സ്റ്റിന്‍ വാലയില്‍, ബിജോമോന്‍ ചേന്നാത്ത്‌, സ്റ്റെബി ചെറിയാക്കല്‍, കോട്ടയം രൂപതയിലെ സന്യാസിനി സമൂഹങ്ങളായ സെന്റ്‌ ജോസഫിന്റെ മദര്‍ ജനറാള്‍ സിസിറ്റര്‍ ആനി ജോണ്‍, വിസിറ്റേഷന്‍ സമൂഹത്തിന്റെ മദര്‍ ജനറാള്‍ സിസ്റ്റര്‍ മെറിന്‍, ഫാര്‍മേഴ്സ്‌ ബ്രാഞ്ച്‌ സിറ്റി പോലീസ്‌ ചീഫ്‌സ്‌ ഫുളളര്‍, കെ.സി.സി.എന്‍.എ.യുടെ നേതാക്കന്‍മാര്‍ തുടങ്ങി ആയിരങ്ങള്‍ പങ്കെടുത്തു. സാമ്പത്തീകമായും മറ്റു രീതികളിലും പളളികള്‍ക്കു വേണ്ടി വളരെ കാര്യങ്ങള്‍ ചെയ്‌ത ശ്രീ.കുരുവിള ചെമ്മാച്ചേല്‍, മത്തച്ചന്‍ തോട്ടപ്പുറം തോമസ്‌ മുകളേല്‍ എന്നിവരെ സമ്മേളനത്തില്‍ വച്ച്‌ ആദരിച്ചു. സമ്മേളനത്തിനു ശേഷം സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.  മിയാവു രൂപതാ ബിഷപ്പുമാര്‍ ജോര്‍ജ്‌ പളളിപ്പറമ്പില്‍ ആശംസകള്‍ അറിയിച്ചു .
ഡാളസില്‍ മനോഹരമായ ഒരു പളളി വാങ്ങുവാന്‍ സഹായിക്കുകയും സഹകരിക്കുകയും ബുദ്ധിമുട്ടുകയും ചെയ്‌ത ഇടവകാംഗങ്ങളെയും കൈക്കാരത്താരെയും പാരീഷ്‌ കൌണ്‍സില്‍ മെമ്പര്‍മാരേയും എല്ലാറ്റിനുമുപരി വികാരി ഫാദര്‍ ജോസഫ്‌ ശൌരിയാമാക്കിലിനെയും ബിഷപ്പുമാരും വികാരി ജനറാളും മുക്തകണ്‌ഠം പ്രശംസിച്ചു. എല്ലാ അനുഗ്രഹങ്ങള്‍ക്കും ക്രിസ്‌തുരാജനോട്‌ നന്ദി പറഞ്ഞു.

ബാബു പടവത്തിങ്കല്‍
സിബി കാരക്കാട്ടില്‍
 Comments