ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക: ഗവര്‍ണര്‍ ഡീന്‍

posted Oct 2, 2010, 6:29 AM by Knanaya Voice
ഷിക്കാഗോ: അമേരിക്കയില്‍ നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുവാന്‍ ഗവര്‍ണര്‍ ഹവാര്‍ഡ് ഡീന്‍ ആഹ്വാനം ചെയ്തു. ആറ് ടേം വെര്‍മോണ്ട്് ഗവര്‍ണറായും 2005-2009 ല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ദേശീയ അദ്ധ്യക്ഷനായും, 2004 ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നോമിനേഷനുവേണ്ടിയുള്ള മുന്‍നിരക്കാരില്‍ പ്രമുഖനുമായിരുന്ന ഗവര്‍ണര്‍ ഡീന്‍  ഷിക്കാഗോയില്‍ സ്ക്കോക്കിയിലെ ഹോളിഡേ ഇന്നില്‍ ഡാന്‍സീലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.

ഇല്ലിനോയിസിലെ  പത്താമത്തെ കോണ്‍ഗ്രസ് ഡിസ്ട്രിക്ടില്‍നിന്നും ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ  യു.എസ്. കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്ന വ്യക്തിയാണ് ഡാന്‍സീല്‍. ധാരാളം ഭാരതീയര്‍ താമസിക്കുന്ന നോര്‍ത്ത് ബ്രൂക്ക്, ഗ്ലെന്‍വ്യൂ, വീലിംഗ്, ഗര്‍ണിയുള്‍പ്പെടെയുള്ള സബര്‍ബുകള്‍ ചേര്‍ന്ന മണ്ഡലത്തില്‍ നിന്നുമാണ് ഡാന്‍സീല്‍ മത്സരിക്കുന്നത്.  ഇപ്രാവശ്യം വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയാണ് ഡാന്‍സീലെന്ന് ഇല്ലിനോയിസിലെ ഡമോക്രാറ്റിക് പാര്‍ട്ടി നേതാവും ഇന്‍ഡോ അമേരിക്കന്‍ ഡമോക്രാറ്റിക് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ഡോ. ലതാ കാലായില്‍ അഭിപ്രായപ്പെട്ടു. അമേരിക്കന്‍ സെനറ്റിലും കോണ്‍ഗ്രസിലും ഡമോക്രാറ്റിക് പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം നിലനിര്‍ത്തേണ്ടതാവശ്യമാണെന്ന് ഗവര്‍ണര്‍ ഡീന്‍ ചൂണ്ടിക്കാട്ടി. 35 വയസ്സില്‍ താഴെയുള്ള വോട്ടര്‍മാരുടെ പിന്തുണ പ്രസിഡന്റ് ഒബാമയ്ക്കും ഡമോക്രാറ്റിക് പാര്‍ട്ടിക്കുമുണ്ടെന്ന്  അദ്ദേഹം അവകാശപ്പെട്ടു. പ്രസിഡന്റ് ഒബാമയുടെ  നയപരിപാടികള്‍ അമേരിക്കയെ സാമ്പത്തികമാന്ദ്യത്തില്‍നിന്നും കരകയറ്റുവാന്‍ സഹായിക്കുമെന്ന് ഗവര്‍ണര്‍ ഡീന്‍ ചോദ്യത്തിനുത്തരമായി പറഞ്ഞു.


സമ്മേളനത്തില്‍ ഇന്‍ഡോ അമേരിക്കന്‍ ഡമോക്രാറ്റിക് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ഡോ.  റാം ഗജേല, ടോം കാലായില്‍, ബാബു ചാഴികാടന്‍ ഫൌണ്ടേഷന്‍ ജനറല്‍ സെക്രട്ടറിയും, ഷിക്കാഗോ മലയാളി അസോസിയേഷന്‍ നിയുക്ത ജനറല്‍ സെക്രട്ടറിയുമായ ജോര്‍ജ് തോട്ടപ്പുറം ഉള്‍പ്പെടെയുള്ള അനേകം പേര്‍ പങ്കെടുത്തു. ഭാരതീയരോടും ഭാരതീയ സംസ്ക്കാരത്തോടും എക്കാലവും ആദരവും ബഹുമാനവും പ്രകടിപ്പിച്ചിട്ടുള്ള ഡാന്‍സീലിന്റെ വിജയത്തിനുവേണ്ടി മുന്നിട്ടുപ്രവര്‍ത്തിക്കുവാന്‍ ഇന്‍ഡോ അമേരിക്കന്‍ ഡമോക്രാറ്റിക് ഓര്‍ഗനൈസേഷന്‍ ആഹ്വാനം ചെയ്തു.

ജോസ് കണിയാലി


Comments