ചിക്കാഗോയില്‍ നിന്നുള്ള ഡോ. ആന്‍ ലതാ കാലായില്‍ ഫെഡറല്‍ ജനറല്‍ സര്‍വീസസ്സ് അഡ്മിനിസ്ട്രേഷന്റെ ഗ്രേറ്റ് ലേക്ക് റിജിയന്‍ അഡ്മിനിസ്ട്രേറ്റര്‍ ആയി നിയമിതയായി. അമേരിക്കന്‍ പ്രസിഡന്റ് നേരിട്ട് നടത്തുന്ന നിയമനങ്ങളില്‍ ഒന്നാണ് ഈ പദവി. ജനുവരി 24 ന് രാവിലെ 10.30 ന് ചിക്കാഗോയിലെ യൂണിയന്‍ ലീഗ് ക്ളബില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ ജി.എസ്.എ. അഡ്മിനിസ്ട്രേറ്റര്‍ മാര്‍ത്താ ജോണ്‍സന്റെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ആന്‍ കാലായില്‍ ചുമതല ഏല്‍ക്കും. ചിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജി.എസ്.എ. ഗ്രേറ്റ് ലേക്ക് റീജിയന്റെ കീഴില്‍ ഇല്ലിനോയി, ഇന്‍ഡ്യാന, മിച്ചിഗണ്‍, ദഹായോ, മിനസോട്ടാ, വിസ്കോണ്‍സില്‍ എന്നീ 6 സംസ്ഥാനങ്ങള്‍ ഉള്‍പ്പെടും. ഈ സംസ്ഥാനങ്ങളില്‍ സ്ഥിതിചെയ്യുന്ന 123 ഫെഡറല്‍ ബില്‍ഡിംഗുകളുടെയും, ഫെഡറല്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന 986 വാടകക്കെട്ടിടങ്ങളുടെയും, കരമാര്‍ഗ്ഗം കാനഡയില്‍നിന്ന് അമേരിക്കയിലേക്കുള്ള 11 പ്രവേശന കവാടങ്ങളുടെയും പ്രവര്‍ത്തനമേല്‍നോട്ടം ആന്‍ കാലായിലെ ചുമതലയില്‍ വരും. ഈ പദവിയിലെത്തുന്ന പ്രഥമ വനിതയും ഏഷ്യന്‍ വംശജയെന്ന പ്രത്യേകതയും ഡോ. ആന്‍ കാലായിലിന്റെ നിയമനത്തിനുണ്ട്. 950 ഉദ്യോഗസ്ഥര്‍ അവര്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കും. കോട്ടയം ജില്ലയിലെ കീഴൂര്‍ സ്വദേശികളായ കാലായില്‍ ഫിലിപ്പ് -അന്നമ്മ ദമ്പതികളുടെ പുത്രിയാണ് ആന്‍ കാലായില്‍. ഇന്‍ഡോ അമേരിക്കന്‍ ഡമോക്രാറ്റിക് ഓര്‍ഗനൈസേഷന്‍ ഉള്‍പ്പെടെ അമേരിക്കയിലെ നിരവധി ആദ്യകാല ഇന്ത്യന്‍ സംഘടനകളുടെ സ്ഥാപകനേതാക്കളിലൊന്നാണ് ഫിലിപ്പ് കാലായില്‍. മാതാപിതാക്കളുടെയും, സഹോദരങ്ങളായ ടോം കാലായില്‍, സാലു കാലായില്‍, അന്തരിച്ച ലിസ്സ പുല്ലുകാട്ട് എന്നിവരുടെയും ഉറച്ച പിന്തുണയാണ് അമേരിക്കയിലെ പൊതുജീവിതത്തിലും സാമൂഹ്യപ്രവര്‍ത്തനങ്ങളിലും സജീവമാകുവാന്‍ ആന്‍ കാലായിലിന് പ്രേരണയായത്. ഐ.എ.ഡി.ഒ. യുടെ പ്രസിഡന്റായി രണ്ടുതവണ തെരഞ്ഞെടുക്കപ്പെട്ട ആന്‍ കാലായില്‍ ഇപ്പോള്‍ സംഘടനയുടെ ഡയറക്ടര്‍ബോര്‍ഡ് മെമ്പര്‍കൂടിയാണ്. പ്രസിഡന്റ് ബെറാക്ക് ഒബാമയുടെ ഇല്ലിനോയ്സിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ ഡോ. ആന്‍ കാലായിലും ഉള്‍പ്പെടും.ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ മാസ്റേഴ്സ് ബിരുദവും ചരിത്രത്തില്‍ യൂണിവേഴ്സിറ്റി ഓഫ് വിസ്കോണ്‍സണില്‍നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കിയ ആന്‍ കാലായില്‍ യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോയിലെ ഐ.ടി. വിഭാഗത്തിന്റെ സൂപ്പര്‍വൈസറായിരുന്നു. ലയോള യൂണിവേഴ്സിറ്റിയില്‍ വിസിറ്റിംഗ് പ്രൊഫസറായും സേവനം ചെയ്തിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലെ വൈദഗ്ദ്ധ്യമാണ് അമേരിക്കന്‍ ജനതയ്ക്ക് വേണ്ടി സുതാര്യവും കാര്യക്ഷമവുമായി പ്രവര്‍ത്തിക്കേണ്ട ഈ പദവിയിലേക്ക് ഡോ. ആന്‍ കാലായിലിനെ നിയമിക്കുവാന്‍ ഒബാമ ഭരണകൂടത്തെ പ്രേരിപ്പിച്ചതെന്ന് ജി.എസ്.എ. അഡ്മിനിസ്ട്രേറ്റര്‍ മാര്‍ത്താ ജോണ്‍സണ്‍ ഒരു വാര്‍ത്താക്കുറിപ്പില്‍ വെളിപ്പെടുത്തി. ജോസ് കണിയാലി |