ഡിട്രോയിറ്റ് കെ സി എസ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉജ്വല തുടക്കം

posted Mar 1, 2011, 5:18 PM by Saju Kannampally   [ updated Mar 2, 2011, 5:10 AM ]

ഡിട്രോയിറ്റ് : ക്നാനായ കാത്തലിക് സൊസൈറ്റി ഡിട്രോയിറ്റ് - വിന്‍ഡ്സറിന്റെ 2011-12 എക്സിക്യൂട്ടീവ് കമ്മറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 26-ന് വൈകിട്ട് 6 മണിക്ക് വാറന്‍ സിറ്റിയിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയുടെ ഹാളില്‍ വച്ച് ഔദ്യോഗികമായി നടത്തപ്പെട്ടു. മുഖ്യ അതിഥി, ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ പള്ളിയുടെ വികാരി ബഹുമാനപ്പെട്ട മാത്യു മേലേടത്ത് അച്ചന്‍ നിലവിളക്കു തെളിച്ച് പുതിയ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. മാത്യു അച്ചന്റെ നേതൃത്വത്തില്‍ നടത്തിയ പ്രാര്‍ത്ഥനയോടുകൂടി കാര്യപരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് നടത്തിയ പൊതുസമ്മേളനത്തില്‍ കെ. സി. എസ്. പ്രസിഡന്റ് ശ്രീ. ഫിലിപ്പ് ചിറയില്‍മ്യാലില്‍ അദ്ധ്യക്ഷത വഹിച്ചു. അസ്സോസിയേഷനും പള്ളിയും അവരവരുടേതായ നിയമാവലി അനുസരിച്ച് പ്രവര്‍ത്തിക്കുന്നതൊടൊപ്പം ഇരുകൂട്ടരും പരസ്പരം സഹകരിച്ച് പ്രവര്‍ത്തിയ്ക്കേണ്ടതിന്റെ ആവശ്യകത അദ്ധ്യക്ഷപ്രസംഗത്തില്‍ പ്രസിഡന്റ് ഊന്നിപ്പറഞ്ഞു. അതുപോലെതന്നെ അമേരിക്കയില്‍ ക്നാനായ മിഷനുകളും പള്ളികളും സ്ഥാപിക്കുന്നതിന് ക്നാനായ ലോക്കല്‍ അസോസിയേഷനുകളും കെ. സി. സി. എന്‍. എ. യും വഹിച്ച പങ്ക് ഉദ്ഘാടന പ്രസംഗത്തില്‍ ബഹുമാനപ്പെട്ട മാത്യു അച്ചന്‍ നന്ദിയോടെ അനുസ്മരിച്ചു.
കെ. സി. എസ്സിന്റെ മുന്‍കാലങ്ങളിലെ എക്സിക്യൂട്ടീവ് കമ്മറ്റികളെ പ്രതിനിധീകരിച്ച് ശ്രീ. സിറിയക് കാഞ്ഞിരത്തിങ്കല്‍ ശ്രീമതി മെര്‍ലിന്‍ കല്ലേലിമണ്ണില്‍, ശ്രീ. ജോസ് കോട്ടൂര്‍, ശ്രീ. മാത്യു ചെരുവില്‍ എന്നിവര്‍ പുതിയ കമ്മറ്റിക്ക് എല്ലാവിധ വിജയാശംസകളും നേര്‍ന്നു. കെ. സി. എസ്സിന്റെ പോഷക സംഘടനകളെ പ്രതിനിധീകരിച്ച് കെ. സി. വൈ. എല്‍. പ്രസിഡന്റ് സുബിന്‍ കോട്ടൂര്‍, വിമന്‍സ് ഫോറം പ്രസിഡന്റ് പ്രമീള ഇട്ടൂപ്പ് എന്നിവര്‍ തങ്ങളുടെ പുതിയ കമ്മറ്റിയുടെ കര്‍മ്മ പരിപാടികള്‍ വിശദീകരിച്ചു. തുടര്‍ന്ന് കെ. സി. സി. എന്‍. എ. ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ശ്രീ. ജോസ് ലൂക്കോസ് പള്ളിക്കിഴക്കേതിലിന് എല്ലാവിധ വിജയാശംസകളും യോഗം നേര്‍ന്നു. കെ. സി. വൈ. എല്‍. കിഡ്സ് ക്ളബ്ബ്, വിമന്‍സ് ഫോറം എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ കലാപരിപാടികള്‍ ചടങ്ങിന് മോടികൂട്ടി. സെക്രട്ടറി ജൂബി ചക്കുങ്കലും കിഡ്സ് ക്ളബ്ബ് കോര്‍ഡിനേറ്റര്‍ സിമി തൈമാലിലും പരിപാടിയുടെ അവതാരകരായിരുന്നു. വൈസ് പ്രസിഡന്റ് സാബു കോട്ടൂര്‍ നന്ദി പ്രകാശനം നടത്തി. ഭക്ഷണത്തിനുശേഷം നടത്തിയ അന്താക്ഷരി മത്സരത്തില്‍ എല്ലാവരും ആവേശപൂര്‍വ്വം പങ്കെടുത്തു. 13 പേരടങ്ങുന്ന കെ. സി. എസ്. എക്സിക്യൂട്ടീവ് കമ്മറ്റി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ജൂബി ചക്കുങ്കല്‍
Comments