ഗൃഹാതുരമുണര്‍ത്തിയ മൂന്നാമത്‌ കല്ലറ സംഗമം ലിവര്‍ പൂളില്‍ സമാപിച്ചു

posted Jun 28, 2009, 12:27 PM by Anil Mattathikunnel   [ updated Jun 29, 2009, 12:46 PM ]
 

UK Kallara Sagamam

 

ലിവര്‍പൂള്‍: യുകെയില്‍ കുടിയേറിയിട്ടുള്ള കല്ലറ സ്വദേശികളുടെ മൂന്നാമത്‌ സംഗമം ലിവര്‍പൂളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ സമാപിച്ചു. ലിവര്‍പൂളിലെ ബ്രോസ്‌ഗ്രീന്‍ ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10 മണിക്ക്‌ യുകെയുടെ നാനാഭാഗങ്ങളില്‍ നിന്നും എത്തിയ കല്ലറക്കാരുടെ സാന്നിധ്യത്തില്‍ നടവിളികളുടേയും പുരാതന പാട്ടുകളുടെ അകമ്പടിയോടെയും കല്ലറ പഴയപള്ളി ഇടവകാംഗമായ ഫാ. ജോര്‍ജ്‌ജ്‌ പുതുപറമ്പില്‍ ഭദ്രദീപം തെളിയിച്ചതോടെ സംഗമത്തിന്‌ തുടക്കമായി നാട്ടില്‍ നിന്നും സന്ദര്‍ശനാര്‍ത്ഥം യുകെയില്‍ എത്തിച്ചേര്‍ന്നിട്ടുള്ള മാതാപിതാക്കള്‍ ഫാ. ജോര്‍ജ്‌ജിനോടൊപ്പം ഉദ്‌ഘാടനവേദി പങ്കിട്ടപ്പോള്‍, അത്‌ പ്രവാസി ജീവിതത്തിന്റെ തിരക്കിനിടയുലും ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ പ്രത്യേകം താത്‌പര്യം കാട്ടുന്ന കല്ലറക്കാര്‍ക്ക്‌ ഗൃഹാതുരമുണര്‍ത്തുന്ന ഒരു അനുഭവമായി മാറി. സംഗമങ്ങളിലൂടെ പാരമ്പര്യവും ബന്ധങ്ങളും കാത്തുസൂക്ഷിക്കാനുള്ള കല്ലറക്കാരുടെ താത്‌പര്യത്തെ ഫാ. ജോര്‍ജ്‌ജ്‌ തന്റെ ഉദ്‌ഘാടനപ്രസംഗത്തില്‍ പ്രത്യേകം അഭിനന്ദിച്ചു.

കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ  ആസ്വദിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍  സംഗമത്തിന്റെ  മാറ്റ്‌ കൂടി. നാടന്‍ രീതിയില്‍  പാകം ചെയ്ത സ്വാദിഷ്‌ടമായ സ്‌നേഹവിരുന്ന്‌ സംഗമത്തില്‍ പങ്കെടുത്തവര്‍ക്ക്‌ രുചിയേറുന്ന ഒരു അനുഭവമായരുന്നു. സംഗമത്തില്‍ പങ്കെടുത്ത കല്ലറ അളിയന്മാരെ പ്രത്യേകം ആദരിച്ചു. പരിപാടികളുടെ വിജയത്തിനായി ജോജോ മാത്യു കരത്തുരുത്തേലും ആനി തോമസ്‌ വാരിക്കാട്ടും കോ ഓര്‍ഡിനേറ്റേഴ്സ്‌ ആയിരുന്നു. മികച്ച സംഘാടകരായി പ്രവര്‍ത്തിച്ച  ജോജോയും ആനിയും എല്ലാവരുടേയും പ്രശംസ നേടി. അടുത്ത കല്ലറ സംഗമം 2010 ജൂണ്‍ 30ന്‌ ലെസ്‌റ്ററില്‍ നടത്താന്‍ തീരുമാനിച്ചു.

സുനില്‍ മറ്റത്തികുന്നേല്‍




 

Comments