ഹൂസ്റണും, ന്യൂയോര്‍ക്കും സംഘടനാ തെരഞ്ഞെടുപ്പിന്റെ ചൂടില്‍

posted Nov 18, 2010, 2:07 AM by Knanaya Voice   [ updated Nov 18, 2010, 9:45 AM by Saju Kannampally ]
ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ. സി. സി. എന്‍. എ.) യുടെ കീഴിലുള്ള പ്രബല ക്നാനായ കാത്തലിക് സംഘടനകളായ ന്യൂയോര്‍ക്ക് ഹൂസ്റണ്‍ ക്നാനായ കാത്തലിക് സംഘടനകള്‍ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ്. രണ്ടു സ്ഥലങ്ങളിലും പുതിയ ഭരണസമിതിയേ തെരഞ്ഞെടുക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് നവംബര്‍ 20-ം തീയതി ശനിയാഴ്ചയാണ് നടക്കുന്നത്. രണ്ടു സ്ഥലങ്ങളിലും വാശിയേറിയ തെരഞ്ഞെടുപ്പിനാണ് ജനം സാക്ഷ്യം വഹിക്കുന്നത്. സ്ഥാനാര്‍ത്ഥികള്‍ വീടുകള്‍ കയറിയും ഫോണ്‍ വിളിച്ചും, ലഘുലേഖകള്‍ പ്രസിദ്ധപ്പെടുത്തിയും, ചെറിയ കുടുംബ സംഗമങ്ങള്‍ നടത്തിയും വോട്ടര്‍മാരെ സ്വാധീനിക്കുകയും, വോട്ട് അഭ്യര്‍ത്ഥിക്കുകയും തകൃതിയായി നടന്നുവരുന്നു. സമുദായത്തിന്റെ പൈതൃകവും, പാരമ്പര്യവും കൈമോശം വരാതെ, സംഘടനയെ ശക്തിപ്പെടുത്തുന്നവര്‍ക്കേ തങ്ങളുടെ വോട്ടുകള്‍ നല്‍കുകയുള്ളൂ എന്ന അഭിപ്രായത്തിലാണ് ഇത്തവണ വോട്ടര്‍മാര്‍. നാട്ടിലെ തെരഞ്ഞെടുപ്പില്‍ കാണുന്നതുപോലെ വര്‍ണ്ണഭംഗിയുള്ള നോട്ടീസുകളും, ബാനറുകളും, ഫ്ളക്സ് ബോര്‍ഡുകളും തെരഞ്ഞെടുപ്പ് ദിനത്തിലേയ്ക്ക് തയ്യാറായികഴിഞ്ഞു. വോട്ടെടുപ്പില്‍ തങ്ങളുടെ വോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ എത്തിക്കാനാവശ്യമായ വാഹന സൌകര്യവും രണ്ടു സ്ഥലങ്ങളിലും സ്ഥാനാര്‍ത്ഥികളുടെ വകയായി നടന്നുവരുന്നു. ശനിയാഴ്ച രണ്ടുസ്ഥലത്തും നടക്കുന്ന തെരഞ്ഞെടുപ്പ് കെ. സി. സി. എന്‍. എ. തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാകും. കെ. സി. സി. എന്‍. എ. തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുമെന്നു പ്രതീക്ഷിക്കുന്ന മുന്‍ ജനറല്‍ സെക്രട്ടറി ഷീന്‍സ് ആകശാലയില്‍ ന്യൂയോര്‍ക്കില്‍ നിന്നും ജനവിധി തേടുന്നുണ്ട്. കെ. സി. സി. എന്‍. എ. പ്രസിഡന്റിന്റെ സ്ഥാനത്തേയ്ക്ക് ഇതിനോടകം രണ്ടുപേര്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്. ജോജോ വട്ടാടികുന്നേല്‍ (സാന്‍ഹൊസേ), ടോമി മേല്‍ക്കരപ്പുറം (താമ്പാ) എന്നിവരാണ് അവര്‍. തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്നതു മുതല്‍ ലഭ്യമാകുന്ന വിവരങ്ങള്‍ ക്നാനായ വോയിസില്‍ തല്‍സമയം ലഭ്യമായിരിക്കും.
 
തെരഞ്ഞെടുപ്പുകളുടെ എല്ലാം അവസാനം ക്നാനായ സമുദായത്തിന്റെ ഉന്നമനവും ഐക്യവും നമുക്ക് കാംക്ഷിക്കാം

ക്നാനായ വോയ്സ് ന്യൂസ്‌ ഡെസ്ക്
 

 

Comments