ഈ നേട്ടം അഭിമാനവും അനുഗ്രഹവും

posted Jun 27, 2010, 9:08 PM by Knanaya Voice   [ updated Jun 27, 2010, 10:15 PM by Anil Mattathikunnel ]

കോട്ടയം അതിരൂപതയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന സന്ദര്‍ഭമാണല്ലോ ഇത്.1911-ല്‍ ഭാഗ്യ സ്മരണാര്‍ഹനായ  വിശുദ്ധ പത്താം പീയൂസ് മാര്‍പാപ്പയില്‍ സ്ഥാപിതമായ കോട്ടയം രൂപത വളര്‍ച്ചയുടെ പാതയില്‍ നൂറാം വര്‍ഷത്തിലേക്ക് എത്തിയിരിക്കുന്നു. ഈശോയുടെ തിരുഹൃദയത്തിനു പ്രതിഷ്ഠിതമായ ഈ രൂപത ഇന്ന് അതിരൂപതയായിരിക്കുന്നു.തിരുവിതാംകൂറില്‍ മാത്രം ഒതുങ്ങി നിന്ന തെക്കുംഭാഗസമുദായം- ക്നാനായ സമുദായം ഇന്ന് കേരളത്തിലും, ഇന്ത്യയിലും, യൂറോപ്യന്‍ രാജ്യങ്ങളിലും,അമേരിക്കയിലും വളര്‍ച്ചയുടെ പാതയിലാണ്. ഇതിനു കൃപ നല്കിയ ഈശോയുടെ തിരുഹൃദയത്തോടും,നേതൃത്വം നല്തിയ സഭാ പിതാക്കന്മാരോടും സമുദായ നേതാക്കളോടും നന്ദിപറയുന്നതോടൊപ്പം അവരുടെ പാതകള്‍ പിന്തുടര്‍ന്ന് വരും കാലങ്ങളിലും വളരട്ടെ എന്നാശംസിക്കുന്നു.
2001-ല്‍ സീറോമലബാര്‍ സഭയുടെ ഷിക്കാഗോ സെന്റ് തോമസ് രൂപത രൂപം കൊണ്ടപ്പോള്‍ ക്നാനായ സമുദായവും ഇതിന്റെ ഭാഗമായി.അന്നു മുതല്‍ അമേരിക്കയില്‍ ക്നാനായ മിഷനുകളായും ഇടവകകളായും വളരാനുളള പരിശ്രമത്തിലാണ്.രൂപത ഉണ്ടാകുന്നതിനുമുന്‍പ് കെ.സി.സിഎന്‍.എ. എന്ന സംഘടന സമുദായംഗങ്ങളെ ഒന്നിപ്പിച്ചു കൊണ്ടുവരുന്നതിനും ആദ്ധ്യാത്മീകവും സാമൂഹ്യവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും നേതൃത്വം നല്‍കിയെന്നത് നന്ദിയോടെ ഓര്‍ക്കുന്നു.ഇപ്പോഴും കണ്‍നെന്‍ഷനിലൂടെ സമുദായത്തെ ഒന്നിച്ചു നിര്‍ത്തുന്നതില്‍ സംഘടന നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ട്. ഡാളസ്സില്‍ നടക്കുന്ന കെ.സി.സി.എന്‍.എ.കണ്‍വന്‍ഷന് എല്ലാ വിധ വിജയവും ആശംസിക്കുന്നു.
ഷിക്കാഗോ രൂപതയുടെ ഭാഗമായി വളരുന്ന ക്നാനായ സമൂഹം 6 സ്ഥലങ്ങളില്‍ സ്വന്തമായി ദേവാലയങ്ങള്‍ കൂദാശ ചെയ്യപ്പെടുന്നതിനായി  തയ്യാറാക്കിയിരിക്കുന്നു എന്നത് വലീയ അഭിമാനവും അനുഗ്രഹവുമാണ്.വികാരി ജനറാളായിരുന്ന പെരിയ ബഹുമാനപ്പെട്ട മോണ്‍.അബ്രാഹാം മുത്തോലത്തും മറ്റു ബഹുമാനപ്പെട്ട അച്ചന്‍മാരും ആളുകളുടെ സഹകരണത്തോടെ തീഷ്ണമായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണിത്.കണ്‍വെന്‍ഷനില്‍ സംബന്ധിക്കാനും ദേവാലയ കൂദാശകളില്‍ പങ്കെടുക്കുവാനുമായി  എത്തുന്ന അഭിവന്ദ്യ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്,സഹായമെത്രാന്‍ മാര്‍ജോസഫ് പണ്ടാരശ്ശേരില്‍ എന്നിവര്‍ക്ക് ഷിക്കാഗോ രൂപതയിലേക്ക് സ്വാഗതം ആശംസിക്കുന്നു.ഷിക്കാഗോ രൂപതയുടെ എല്ലാവിധ ആശംസകളും ഡാളസില്‍ നടക്കുന്ന ക്നാനായ കണ്‍വെന്‍ഷനും ഒപ്പം ദേവാലയങ്ങള്‍ കൂദാശചെയ്യപ്പെടുന്ന എല്ലാ ഇടവകകള്‍ക്കും രൂപതാദ്ധ്യക്ഷനെന്ന നിലയില്‍ ഞാന്‍ ആശംസിക്കുന്നു.ഈശോയുടെ തിരുഹൃദയം നമ്മെ അനുഗ്രഹിക്കട്ടെ.

മാര്‍ ജേക്കബ് അങ്ങാടിയാത്ത്
Comments