ഇംഗ്ലണ്ടിലെ മലയാറ്റൂരില്‍ ദുക്‌റാന തിരുനാള്‍

posted Jun 17, 2009, 7:42 AM by Anil Mattathikunnel
 

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിലെ മലയാറ്റൂര്‍ എന്നു വിശേഷിപ്പിക്കുന്നതും തീര്‍ത്ഥാടന കേന്ദ്രവുമായ മാഞ്ചസ്റ്ററിലെ സെന്റ്‌ ആന്റണീസ്‌ ചര്‍ച്ചില്‍ ദുക്‌റാന തിരുന്നാളും മതബോധനവാര്‍ഷികവും ജൂലൈ നാലിന്‌ ആചരിക്കുന്നു. മലയാറ്റൂര്‍ പള്ളിയിലെ തിരുന്നാളിനെ അനുസ്‌മരിപ്പിക്കും വിധമാണ്‌ ഷൂസ്‌ബെറി രൂപതയില്‍പ്പെട്ട സെന്റ്‌ ആന്റണീസ്‌ ചര്‍ച്ചില്‍ ദുക്‌റാന തിരുന്നാള്‍ ആചരിക്കുന്നത്‌. ദേവാലയവും പരിസരവും കൊടിതോരണങ്ങളാലും, ദീപാലംകൃത അലങ്കാരങ്ങളാലും ആകര്‍ഷണത ഉളവാക്കും. തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള തിരുനാള്‍ പ്രദക്ഷിണത്തില്‍ ശിങ്കാരിമേളവും, ഐറിഷ്‌ ഡാന്‍സും, മുത്തുക്കുടകളും, കൊടികളും കൊഴുപ്പേകും. പ്രൌഢഗംഭീരമായ വിശ്വാസറാലിയ്ക്കു ശേഷമുള്ള ആയിരങ്ങള്‍ പങ്കെടുക്കുന്ന ഊട്ടുനേര്‍ച്ച തിരുനാളിന്റെ പ്രത്യേകതയാണ്‌.
തിരുനാള്‍ദിനം ഉച്ചകഴിഞ്ഞ്‌ 2.30 ന്‌ കൊടിയേറ്റും തുടര്‍ന്ന്‌ പ്രസുദേന്തി വാഴ്‌ച്ചയും തുടര്‍ന്ന്‌ ചങ്ങനാശ്ശേരി അതിരൂപതാ മെത്രാന്‍ മാര്‍ ജോസഫ്‌ പെരുന്തോട്ടം, ഷൂസ്സര്‌റി മെത്രാന്‍ മാര്‍ ബ്രയാന്‍ നോബിള്‍ എന്നിവര്‍ക്ക്‌ ഗംഭീരസ്വീകരണം. അതേതുടര്‍ന്ന്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പൊന്തിപ്പിക്കല്‍ കുര്‍ബ്ബാന, തിരുനാള്‍ സന്ദേശം മാര്‍ ബ്രയാന്‍ നോബിള്‍.
ഊട്ടുനേര്‍ച്ചയ്ക്കു ശേഷം സെന്റ്‌ മേരീസ്‌ സണ്‍ഡേസ്‌കൂളും സാന്തോം കാത്തലിക്‌ യൂത്ത്‌ മൂവ്‌മന്റും നേതൃത്വം നല്‍കുന്ന കലാസന്ധ്യയും ഉണ്ടായിരിക്കുന്നതാണെന്ന്‌ ദുക്‌റാനാ പെരുന്നാളിന്‌ ചുക്കാന്‍ പിടിക്കുന്ന ഫാ. സജി മലയില്‍പുത്തന്‍പുര പറഞ്ഞു.
വിലാസം

St. Antony’s Church

MZZ OWR

 

സഖറിയാ പുത്തെന്‍കളം

Comments