ബാസില്‍ഡണ്‍: ഇരവിംഗലം ഇടവകയില്‍ നിന്നും സമീപപ്രദേശങ്ങളില്‍ നിന്നും യു.കെ യുടെ വിവിധ ഭാഗങ്ങളിലേക്കു കുടിയേറിയവരുടെ രണ്ടാമത് സ്‌നേഹസംഗമം ബാസില്‍ഡണ്‍ ജയിംസ് ഹോന്‌സ്‌ബി ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തി. ജൂലൈ 11 നു രാവിലെ 11 മണിക്ക് ഫാ.തോമസ് പാറടയില്‍ അര്‍പ്പിച്ച ദിവ്യബലിയോടെ ചടങ്ങുകള്‍ക്കു തുടക്കമായി. തുടര്‍ന്നു ചേര്‍ന്ന യോഗത്തില്‍ ഫാ.തോമസ് പാറടിയില്‍ സംഗമത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചു. സാബു പ്രാലടിയില്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറി. നാടിന്റെ ഓര്‍മകള്‍ പങ്കുവയ്‌ക്കാന്‍ കിട്ടിയ അവസരം ഏവര്‍ക്കും ഏറെ ഹൃദ്യത പകര്‍ന്നു. സൈമണ്‍ തച്ചേരില്‍ നന്ദി പറഞ്ഞു. അടുത്ത വര്‍ഷം ജൂണ്‍ 27 ന് നോട്ടിങ്‌ഹാമില്‍ കണ്ടുമുട്ടാമെന്ന പ്രതീക്ഷയില്‍ കൂട്ടായ്‌മയുടെ നല്ല ഓര്‍മകളുമായി വൈകുന്നേരം ആറു മണിയോടെ എല്ലാവരും സ്വഭവനങ്ങളിലേക്കു യാത്രയായി. ഷാജി വലിയവെളിച്ചത്തില്‍, സൈമണ്‍ തച്ചേരില്‍, സനിമോന്‍ കുറുപ്പന്‍ചേരില്‍, സാബു പ്രാലടിയില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സിറില്‍ പനംകാലയില്‍
|