ഈസ്റ്റര്‍ നല്‌കുന്നത്‌ ക്ഷമയുടെ സന്ദേശം: മാര്‍പാപ്പ

posted Apr 5, 2010, 11:06 AM by Cijoy Parappallil   [ updated Apr 5, 2010, 11:11 AM ]
വത്തിക്കാന്‍ സിറ്റി: ഈസ്റ്റര്‍ ലോകത്തിന്‌ നല്‌കുന്നത്‌ ക്ഷമയുടെയും നന്മയുടെയും സത്യത്തിന്റെയും സന്ദേശമാണെന്ന്‌ ബനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പ. ഈസ്റ്ററിനോട്‌ അനുബന്ധിച്ച്‌ നഗരത്തിനും ലോകത്തിനും (ഊര്‍ബി എത്ത്‌ ഓര്‍ബി) സന്ദേശം നല്‌കുകയായിരുന്നു മാര്‍പാപ്പ. പാക്കിസ്ഥാനില്‍ ക്രൈസ്‌തവര്‍ മതപീഡനത്തിനും മരണത്തിനും ഇരയാകുന്നതില്‍ ദുഃഖം പ്രകടപ്പിച്ച മാര്‍പാപ്പ, ഉത്ഥിതനായ ക്രിസ്‌തു അവര്‍ക്ക്‌ ആശ്വാസം നല്‍കട്ടെയെന്നു പ്രാര്‍ഥിച്ചു.
 
ഹെയ്‌തിയിലും ചിലിയിലുമുണ്ടായ ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്ന്‌ മാര്‍പാപ്പ ലോകരാഷ്‌ട്രങ്ങളോട്‌ ആവശ്യപ്പെട്ടു. മയക്കുമരുന്ന്‌ കടത്തലിന്റെ ഫലമായി ലാറ്റിന്‍ അമേരിക്കന്‍ രാഷ്‌്‌ട്രങ്ങളിലുണ്ടാകുന്ന കലാപങ്ങളില്‍ ആശങ്ക പ്രകടിപ്പിക്കാനും അദ്ദേഹം മറന്നില്ല.

വൈദികര്‍ക്കെതിരേയുള്ള ലൈംഗിക അപവാദ ആരോപണങ്ങളിലൂടെ കത്തോലിക്കാ സഭയുടെമേല്‍ കളങ്കം ചാര്‍ത്താനുള്ള ബോധപൂര്‍വമായ നീക്കം അവഗണിക്കണമെന്ന്‌ കര്‍ദിനാള്‍ തിരുസംഘത്തിന്റെ ഡീന്‍ കര്‍ദിനാള്‍ ആഞ്ചലോ സൊഡാനോ ഈസ്റ്റര്‍ തിരുക്കര്‍മങ്ങള്‍ക്ക്‌ ആമുഖമായി നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. കോടിക്കണക്കിനു വരുന്ന വിശ്വാസസമൂഹത്തെ ദൈവത്തിലാശ്രയിച്ച്‌ സധൈര്യം മുന്നോട്ടു നയിക്കുന്ന ശുശ്രൂഷകനാണ്‌ ബനഡിക്‌്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പയെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു. "പരിശുദ്ധ പിതാവേ, ദൈവജനം അങ്ങയോടൊപ്പമുണ്ട്‌. നിസാരമായ അപവാദ പ്രചാരണങ്ങളില്‍ അവര്‍ ഒരിക്കലും വീണുപോകില്ല." തീര്‍ഥാടകരുടെ നിറുത്താതെയുള്ള കൈയടികള്‍ക്കിടയില്‍ കര്‍ദിനാള്‍ വ്യക്തമാക്കി. വേദിയില്‍ സന്നിഹിതനായിരുന്ന മാര്‍പാപ്പ കര്‍ദിനാളിന്റെ പ്രസംഗം സാകൂതം ശ്രവിച്ചു.
 
കനത്ത മഴയെ അവഗണിച്ച്‌ ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ള പതിനായിരക്കണക്കിന്‌ വത്തിക്കാനിലെ തീര്‍ഥാടകര്‍ ഈസ്റ്റര്‍ തിരുക്കര്‍മങ്ങളില്‍ സംബന്ധിച്ചു. ലോകമെങ്ങും ലക്ഷക്കണക്കിനു വിശ്വാസികള്‍ ടിവിയില്‍ ചടങ്ങുകള്‍ വീക്ഷിച്ചു. ഈസ്റ്റര്‍ സന്ദേശത്തിനു ശേഷം മലയാളം, തമിഴ്‌, ഹിന്ദി, ബംഗാളി എന്നിവ ഉള്‍പ്പെടെ 65 ഭാഷകളില്‍ മാര്‍പാപ്പ ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു.
Comments