ഡാളസ്: ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ ക്നാനായ സമുദായത്തിന്റെ വളര്‍ച്ച പൂര്‍ണമാവുകയുള്ളൂ എന്ന് കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത പ്രസ്താവിച്ചു. കെ.സി.സി.എന്‍.എ കണ്‍വന്‍ഷ നോടനുബന്ധിച്ചു നടന്ന സെമിനാറില്‍ സമാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സഭാമക്കളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ സഭയ്ക്ക് അര്‍ഥപൂര്‍ണമായ വികാസം നോടാന്‍ കഴിയൂ. സഭയുടെ ലക്ഷ്യം സഭാതനയരുടെ ആത്മീയവും, ഭൗതികവുമായ വളര്‍ച്ചയാണ്. സഭയുടെ നിയമമനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ എല്ലാവര്ക്കും കടമയുണ്ടെന്ന് മാര്‍ മൂലക്കാട്ട് പറഞ്ഞു. സഭഎപ്പോഴും വിവിധ സമുദായങ്ങളുടെ പൈതൃകത്തെ സംരക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്. ക്നാനായ സമുദായത്തിന്റെ പൈതൃകം സംരക്ഷിക്കേണ്ട പ്രധാന ചുമതല സമുദായാംഗങ്ങള്‍ക്കു തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപതാ സഹായ മെത്രാന് മാര്‍ ജോസഫ് പണ്ടാരശേരില്‍ ആമുഖ പ്രസംഗം നടത്തി. ക്നാനായ സമൂഹം തീര്‍ഥാടക സമൂഹമാണ്. കാനാന്‍ ദേശത്തേക്കുള്ള യാത്രയില്‍ തടസങ്ങളും, പ്രതിബന്ധങ്ങളും സ്വാഭാവികമാണ്. ചിന്തയില്‍ ശിശുക്കളാകാതെ ഉയര്‍ന്ന ലക്ഷ്യബോധത്തോടെ, പ്രായോഗിക സമീപനത്തിലൂടെ മുന്നോട്ടുപോകുമ്പോള്‍ അംഗീകാരങ്ങള്‍ തനിയെ ലഭിക്കുമെന്ന് മാര്‍ പണ്ടാരശേരില്‍ പറഞ്ഞു. എന്‍ഡോഗമി ഒരിക്കലും ബൈബിള്‍ വിരുദ്ധമല്ലെന്ന് വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് റവ.ഡോ.മാത്യു മണക്കാട്ട് ചൂണ്ടിക്കാട്ടി. ഓരോ ജനതയ്ക്കും അവരുടെ പൈതൃകം സംരക്ഷിക്കുവാന്‍ സഭ അവകാശം നല്‍കുന്നുണ്ട്. വിശുദ്ധ പൗലോസ് ഓരോ സമൂഹങ്ങളുടെയും സംസ്കാരത്തെയും, പൈതൃകത്തെയും ന്യായീകരിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വടക്കേ അമേരിക്കയിലെ ക്നാനായക്കാര്‍ക്ക് അര്‍ഹമായ പരിഗണന ലഭിച്ചു തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. കെ.സി.സി.എന്‍.എ യുടെ സംഭാവനകളെപ്പറ്റി മുന്‍ പ്രസിഡന്റ് ജോസ് കോട്ടൂര്‍ വിശദീകരിച്ചു. അമേരിക്കിയലെ ക്നാനായ സമുദായാംഗങ്ങളെ ഒരുമിച്ചു വളര്‍ത്തി, ഒരു കുടക്കീഴിലാക്കുന്നതില് കെ.സി.സി.എന്‍.എ ചരിത്രപരമായ ദൗത്യം നിര്‍വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 20 അസോസിയേഷനുകളെ ഒന്നിച്ചു നിറുത്തി ശക്തമായ ഫെഡറേഷനായി കെ.സി.സി.എന്‍.എ മാറിക്കഴിഞ്ഞു. ഇനി ആഗോള തലത്തില്‍ ക്നാനായക്കാരെ ഒരു കുടക്കീഴിലാക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വാരാന്ത്യങ്ങളിലെ കുടുംബകൂട്ടായ്മകളാണ് അമേരിക്കയിലെ സംഘടനാ പ്രവര്‍ത്തനത്തിനു തുടക്കമിട്ടതെന്ന് ന്യൂയോര്‍ക്ക് ഐ.കെ.സി.സി പ്രസിഡന്റ് ടോമി വടുതല തന്റെ് പ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടി. പ്രാദേശിക സംഘടനകളുടെ സംഭാവനകളെപ്പറ്റി വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ക്നാനായ സമുദായത്തിലെ പുതിയ തലമുറയുടെ ആശയാഭിലാഷങ്ങള്‍ക്കനുസൃതമായി അസോസിയേഷന് പ്രവര്‍ത്തക്കണമെന്ന് ആവശ്യപ്പെട്ട കെ.സി.സി.എന്‍.എ ജനറല്‍ സെക്രട്ടറി സുനില്‍ മാധവപ്പള്ളി, വംശീയ തനിമയില്‍ വെള്ളം ചേര്‍ക്കാന്‍ ആരെയും അനുവദിക്കരുതെന്ന് തന്റെ പ്രബന്ധത്തില്‍ നിര്‍ദേശിച്ചു. കേരളത്തില്‍ വികാരിയാത്തുകള്‍ ആരംഭിച്ചതു വഴിയാണ്, കോട്ടയം വികാരിയാത്തും, അതുവഴി ക്നാനായക്കാര്‍ക്ക് രൂപതയും ലഭിച്ചതെന്നും, അതുപോലെ അമേരിക്കന്‍ ക്നാനായക്കാര്ക്കു വേണ്ടി ഒരു രൂപത ലഭിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും കെ.സി.സി.എന്‍.എ മുന്‍ പ്രസിഡന്റ് ബേബി ഊരാളില്‍ പറഞ്ഞത്, സദസില്‍ കരഘോഷമുയര്‍ത്തി. കുടുംബകൂട്ടായ്മകളിലൂടെ മാത്രമേ ക്നാനായ സമൂഹം വളരുകയുള്ളൂ എന്ന് യു.കെ.കെ.സി.എ പ്രസിഡന്റ് ഐന്സ്റ്റിന് വാലയില്‍ പറഞ്ഞു. സമുദായത്തിലെ രാഷ്ട്രീയം വളര്‍ച്ചയ്ക്കു വിഘാതമാണ്. വ്യക്തിവിദ്വേഷങ്ങളും, ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളും നിരുത്സാഹപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഇടവകകള്‍ കെ.സി.സി.എന്‍.എ യുടെ സ്വപ്നശിശുവാണെന്നും അതിനെ സംരക്ഷിച്ചു വളര്‍ത്തേണ്ടത് സംഘടനയുടെ ചുമതലയാമെന്നും കെ.സി.സി.എന്‍.എ പ്രസിഡന്റ് ജോര്‍ജ് നെല്ലാമറ്റം പറഞ്ഞു. ദൈവാലയങ്ങള്‍ ദൈവസ്നേഹത്തിന്റെ ആലയങ്ങളാണെന്നും, അവ നിര്‍മിക്കുന്നതില്‍ സ്നേഹാധിഷ്ഠിതമായ സമീപനം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്നാനായ പൈതൃകം എന്‍ഡോഗമി മാത്രമല്ലെന്ന് ഷിക്കാഗോ രൂപതായുടെ ക്നാനായ റീജിയണ്‍ വികാരി ജനറാള്‍ മോണ്‍.ഏബ്രഹാം മുത്തോലത്ത് പറഞ്ഞു. സുറിയാനി റീത്തും, വൈദിക പാര്മ്പര്യവുമെല്ലാം ക്നാനായ പൈതൃകത്തിന്റെ ഭാഗങ്ങളാണ്. കുട്ടികളെ ചെറുപ്പം മുതല്‍ പരിശീലിപ്പിച്ചാല്‍ മാത്രമേ സമുദായം നിലനില്ക്കുകയുള്ളൂ എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ക്നാനായ സമുദായത്തിന്റെ പൈതൃകങ്ങളും, പാരമ്പര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള ദീര്‍ഘകാല പദ്ധതികളെക്കുറിച്ച് തിയോഫിന്‍ ചാമക്കാലായും പ്രബന്ധം അവതരിപ്പിച്ചു. കെ.സി.സി.എന്‍.എ മുന്‍ പ്രസിഡന്റ് ജോസ് കണിയാലി മോഡറേറ്ററായിരുന്നു. സൈമണ്‍ കോട്ടൂര്‍ സ്വാഗതം ആശംസിച്ചു. ജോസ് കണിയാലി |