കര്‍ദ്ദിനാള്‍ വിതയത്തിലിന് കെ.സി.സി.എന്‍.എയുടെ ആദരാഞ്ജലികള്‍

posted Apr 7, 2011, 11:44 PM by Knanaya Voice
ന്യൂയോര്‍ക്ക് : സീറോ മലബാര്‍സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ ദേഹവിയോഗത്തില്‍ ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ) അനുശോചനം രേഖപ്പെടുത്തി. എറണാകുളം- അങ്കമാലി അതിരൂപതാദ്ധ്യക്ഷന്‍, സീറോ മലബാര്‍സഭയുടെ ആത്മീയാചാര്യന്‍ എന്നീ നിലകളില്‍ പതിനഞ്ച് സംവത്സരക്കാലം സ്തുത്യര്‍ഹമായ സേവനസാക്ഷ്യമാണ് കര്‍ദ്ദിനാള്‍ നല്‍കിയത്.
കോട്ടയം രൂപതയെ അതിരൂപതയാക്കിയതുള്‍പ്പെടെയുള്ള സഭാത്മകമായ വളര്‍ച്ചയില്‍ ക്രിയാത്മക പങ്ക് വഹിച്ച കര്‍ദ്ദിനാള്‍ ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന ക്നാനായ സമുദായാംഗങ്ങളുടെ കൂട്ടായ്മയും വളര്‍ച്ചയും ലോകത്തിലെ "എട്ടാമത്തെ അത്ഭുതമായി'' ഹൂസ്റണ്‍ ക്നാനായ കണ്‍വന്‍ഷനില്‍ വെച്ച് ചൂണ്ടിക്കാട്ടിയത് കെ.സി.സി.എന്‍.എ പ്രസിഡന്റ് ഡോ.ഷീന്‍സ് ആകശാല, ജനറല്‍ സെക്രട്ടറി സിബി വാഴപ്പള്ളില്‍ എന്നിവര്‍ അനുസ്മരിച്ചു. അദ്ദേഹം ക്നാനായ സമുദായത്തിന് നല്‍കിയിട്ടുള്ള പ്രചോദനവും പ്രോത്സാഹനവും എക്കാലവും നന്ദിയോടെ സ്മരിക്കപ്പെടും. ജാതിമതഭേദമെന്യേ ഏവരുടേയും സ്നേഹാദരവുകള്‍ പിടിച്ചുപറ്റിയ കര്‍ദ്ദിനാളിന് നോര്‍ത്തമേരിക്കന്‍ ക്നാനായ സമൂഹത്തിന്റെ പേരില്‍ കെ.സി.സി.എന്‍.എ എക്സിക്യൂട്ടീവ് കമ്മിറ്റി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ജോസ് കണിയാലി

Comments