ഷിക്കാഗോ : സീറോ മലബാര്‍ സഭയുടെ തലവനും, പിതാവുമായ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ ദേഹവിയോഗത്തില്‍ ഷിക്കാഗോ രൂപതാ മെത്രാന്മാര്‍ ജേക്കബ് അങ്ങാടിയത്ത് അനുശോചിച്ചു. സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും പ്രത്യക്ഷ സാക്ഷ്യത്തിലേയ്ക്ക് സഭയെ വളര്‍ത്തുവാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ച വര്‍ക്കി പിതാവിന്റെ വേര്‍പാട് സഭാമക്കള്‍ക്ക് വലിയ നഷ്ടമാണ്. നോര്‍ത്ത് അമേരിക്കയിലെ സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയെ വളരെ സന്തോഷത്തെടെ കാണുകയും എല്ലാ പ്രോത്സാഹനങ്ങളും നല്‍കുകയും ചെയ്ത പ്രിയപ്പെട്ട പിതാവിനെ ഷിക്കാഗോ സീറോമബലാര്‍ വിശ്വാസികള്‍ എക്കാലവും സ്മരിക്കുമെന്നും ബിഷപ്പ് പറഞ്ഞു. കര്‍ദ്ദിനാളിന്റെ നിര്യാണത്തില്‍ ഷിക്കാഗോ സീറോമലബാര്‍ രൂപതയിലെ എല്ലാ വൈദികരും അനുശോചിക്കുന്നതായി രൂപതാ കേന്ദ്രത്തില്‍നിന്നും അറിയിച്ചു. ഷിക്കാഗോ സീറോ മലബാര്‍ രൂപതയിലെ എല്ലാ ഇടവകകളിലും, മിഷന്‍ കേന്ദ്രങ്ങളിലും ഏപ്രില്‍ 3, ഏപ്രില്‍ 10 എന്നീ ഞായറാഴ്ചകളില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ ദിവംഗതനായ പിതാവിന്റെ ആത്മനിയോഗത്തനായി പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തുവാന്‍ രൂപതാ കേന്ദ്രത്തില്‍നിന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഞായറാഴ്ച ദിവസങ്ങളില്‍ മരിച്ചവര്‍ക്കുവേണ്ടിയുള്ള വി. കുര്‍ബാന നടത്താത്തതിനാല്‍ ഏപ്രില്‍ 9 ശനിയാഴ്ച മരിച്ചവര്‍ക്കുവേണ്ടിയുള്ള വി. കുര്‍ബാന അര്‍പ്പിച്ച് പിതാവിനുവേണ്ടി പ്രാര്‍ത്ഥിക്കുവാനും നിര്‍ദ്ദേശമുണ്ട്. രൂപതയെ പ്രതിനിധീകരിച്ച് ബിഷപ്പ് ജേക്കബ് അങ്ങാടിയത്ത് കര്‍ദ്ദിനാളിന്റെ ശവസംസ്ക്കാര ശുശ്രൂഷയില്‍ പങ്കെടുക്കും. ജോയിച്ചന്‍ പുതുകുളം |