ഫ്ളോറിഡ: ദൃശ്യവിസ്മയങ്ങളുടെ മായാലോകം സൃഷ്ടിക്കപ്പെടുന്ന ആധുനിക കാലത്തും ഉത്തമ നാടകങ്ങളുടെ പ്രസക്തി നിലനില്‍ക്കുന്നു. നാടകകലയെ സ്നേഹിക്കുകയും അതിന്റെ ആധാരശിലകളെ മാറ്റി മറിക്കാനാഗ്രഹിക്കുകയും ചെയ്യുന്ന നാടകപ്രേമികള്‍ രംഗപക്ഷത്തും പ്രേക്ഷകപക്ഷത്തും എന്നുമുണ്ട്. തിയേറ്റര്‍ പ്രസ്ഥാനങ്ങളുടെ ഭാവി ഇരുളടഞ്ഞതാണെന്നു വിശ്വസിക്കുന്നവരും ഇല്ലാതില്ല. ഒരേ അച്ചുതണ്ടില്‍ ചലിക്കുന്ന പ്രൊഫഷണല്‍ നാടകവേദിയെ കണ്ടിട്ടു പരിതപിക്കുന്നവരുമുണ്ട്. നാടകവേദിയുടെ വളര്‍ച്ചയും പുരോഗതിയും കാംക്ഷിക്കുന്ന നാടകപ്രേമികളുടെ ഒത്തുചേരലാണ് കോട്ടയം തിയേറ്റര്‍ അക്കാദമിക്ക് രൂപംകൊടുത്തത്. സിനിമ-നാടക-സീരിയല്‍ രംഗത്തെ അഭിനേതാവും നാടകകല വളരണമെന്ന് ആത്മാര്‍ത്ഥമായി കാംക്ഷിക്കുകയും ചെയ്യുന്ന അമേരിക്കന്‍ മലയാളിയായ ജയിംസ് മുകളേല്‍ (ഫ്ളോറിഡ) ചെയര്‍മാനായി രൂപവല്‍ക്കരിച്ചതാണ് തിയേറ്റര്‍ അക്കാദമി. പ്രൊഫഷണല്‍ നാടകങ്ങളുടെ സമഗ്രമായ പുരോഗതിക്കുവേണ്ടി നാടകരംഗത്തെ പുതുതലമുറയ്ക്ക് നിയതമായ പരിശീലനം നല്‍കുന്നതിനുവേണ്ടി പ്രയത്നിക്കാനാണ് തിയേറ്റര്‍ അക്കാദമി ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായി കോട്ടയം തിയേറ്റര്‍ അക്കാദമി ദര്‍ശന സാംസ്കാരിക കേന്ദ്രവുമായി സഹകരിച്ച് സംസ്ഥാനതലത്തില്‍ രണ്ട് പ്രൊഫഷണല്‍ നാടകമത്സരം സംഘടിപ്പിച്ചത് ഏറെ ഉചിതമായി. അഭിനയം, സംവിധാനം, അവതരണം, രചന എന്നീ വിഭാഗങ്ങളിലായി മികവുറ്റ കലാകാരന്മാരെ കണ്ടെത്താന്‍ ഒരുലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡ് ഏര്‍പ്പെടുത്തിക്കൊണ്ടാണ് തിയേറ്റര്‍ അക്കാദമിയുടെ രംഗപ്രവേശം. 2009 ല്‍ നടന്ന പ്രഥമ നാടകമത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 8 നാടകങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി. കേരളത്തിലെ എണ്ണമറ്റ പ്രൊഫഷണല്‍ നാടകസമിതികളില്‍നിന്നും 8 നാടകങ്ങള്‍ തെരഞ്ഞെടുക്കുക അതീവ ദുഷ്ക്കരമായിരുന്നു. അവതരണാനുമതി കിട്ടിയ നാടകങ്ങള്‍ ദര്‍ശന ഓഡിറ്റോറിയത്തില്‍ നിറഞ്ഞ സദസ്സിനുമുന്നില്‍ അവതരിപ്പിച്ചു. സംവിധായകന്‍ ജയരാജ്, പ്രേംപ്രകാശ്, സി.പി. രാജശേഖരന്‍, പി.ആര്‍. ഹരിലാല്‍, തേക്കിന്‍കാട് ജോസഫ്, ജോസ് വട്ടപ്പലം, ജോഷി മാത്യു എന്നിവര്‍ നാടകങ്ങളെ വിലയിരുത്തി.2010 ലെ നാടക മത്സരത്തിലും രജിസ്റര്‍ ചെയ്ത 36 സ്ക്രിപ്റ്റുകളില്‍നിന്ന് 8 നാടകങ്ങള്‍- (1) കൊല്ലം അരീനയുടെ ആദിയുഷസ്സ്, (2) ഒളശ്ശ കൈരളിയുടെ നാട്ടറിവ്, (3) ചങ്ങനാശ്ശേരി അണിയറയുടെ മഴനനയാത്ത മക്കള്‍, (4) കൊച്ചിന്‍ സംഗമിത്രയുടെ അതിജീവനക്കാറ്റ്, (5) ആലപ്പുഴ സിന്ധുഗംഗയുടെ കഥയറിയാതെ, (6) ഗുരുവായൂര്‍ ബന്ധുരയുടെ അമൃതസാഗരം (7) പാലാ കമ്മ്യൂണിക്കേഷന്‍സിന്റെ മധുരം ഈ ജീവിതം, (8) കാഞ്ഞിരപ്പളളിയുടെ അമലയുടെ നിലാവില്‍ ഉറങ്ങുന്ന സൂര്യന്‍ എന്നിവ തെരഞ്ഞെടുത്തു. ഇത്തവണയും കേരളത്തിലെ പ്രമുഖ നാടക സമിതികളാണ് നാടകങ്ങള്‍ അവതരിപ്പിച്ചത്. ഡോ. വി.സി. ഹാരിസ്, സി.സി. അശോകന്‍, പി.ആര്‍. ഹരിലാല്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. ഏറ്റവും മികച്ച നാടകമായി കൊച്ചിന്‍ സംഗമിത്രയുടെ അതിജീവനക്കാറ്റും, രണ്ടാമത്തെ നല്ല നാടകമായി കൊല്ലം അരീനയുടെ ആദിയുഷസ്സും, മികച്ച സംവിധായകനായ പയ്യന്നൂര്‍ മുരളിയും (അമൃതസാഗരം), മികച്ച നടനായി തോമ്പില്‍ രാജശേഖരനും (പാലാ കമ്മ്യൂണിക്കേഷന്‍സിന്റെ മധുരമീ ജീവിതം), മികച്ച രണ്ടാമത്തെ നടനായി രാജന്‍ എങ്കക്കാടും (ഗുരുവായൂര്‍ ബന്ധുരയുടെ അമൃതസാഗരം), മികച്ച നടിയായി അനിത വി. നായരും (മധുരമീ ജീവിതം), മികച്ച രണ്ടാമത്തെ നടിയായി റംല ചേലക്കരയെയും (ഗുരുവായൂര്‍ ബന്ധുരയുടെ (അമൃതസാഗരം), മികച്ച രചനയ്ക്ക് കെ.സി. ജോര്‍ജ് കട്ടപ്പനയെയും (ഒളശ്ശ കൈരളി നാടകവേദിയുടെ നാട്ടറിവ് തെരഞ്ഞെടുക്കപ്പെട്ടു. ദര്‍ശന അന്താരാഷ്ട്ര പുസ്തകമേള ഓഡിറ്റോറിയത്തില്‍ ജനുവരി 29 ന് നാടക രംഗത്തെ കുലപതി തിലകന്‍ വിജയിച്ച കലാകാരന്മാര്‍ക്കുള്ള ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിച്ചു. മികച്ച നാടകത്തിന് ഈ വര്‍ഷം മുതല്‍ മുകളേല്‍ ഫൌണ്ടേഷന്‍ (യു.എസ്.എ) ഏര്‍പ്പെടുത്തിയ എവര്‍ റോളിംഗ് ട്രോഫിയും നല്‍കി വരുന്നു.
ജോസ് കണിയാലി |