കെ സി എസ് ക്യാമ്പിംഗ് ഉജ്വലമായി

posted Aug 25, 2010, 4:35 PM by Knanaya Voice   [ updated Aug 28, 2010, 8:19 AM by Anil Mattathikunnel ]
 ഷിക്കാഗോ: ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ ഇക്കൊല്ലത്തെ ക്യാമ്പിംഗ്‌ യോഗി ബെയേഴ്‌സ്‌ ക്യാമ്പ്‌ ഗ്രൂപ്പിന്റെ ആംബോയി സിറ്റിയിലുള്ള ജെല്ലി സ്‌റ്റേണ്‍ ക്യാമ്പ്‌ റിസോര്‍ട്ടില്‍ വച്ച്‌ വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തി. ഓഗസ്‌റ്റ്‌ 20 മുതല്‍ 22 വരെ നടത്തിയ ക്യാമ്പിംഗില്‍ മുപ്പതില്‍പരം ക്‌നാനായ കുടുംബങ്ങള്‍ പങ്കെടുത്തു. പ്രായഭേദമെന്യേ എല്ലാവര്‍ക്കും ഉല്ലാസം പകരുന്ന അനുഭവം സംജാതമാക്കാന്‍ ക്യാമ്പിംഗിനു കഴിഞ്ഞു. ഫിഷിംഗ്‌, ബോട്ടിംഗ്‌, സ്വിമ്മിംഗ്‌, വാട്ടര്‍ സ്ലൈഡ്‌, വോളിബോള്‍, ബാസ്‌കറ്റ്‌ ബോള്‍ തുടങ്ങിയ വിനോദങ്ങള്‍ കൊണ്ട്‌ ക്യാമ്പ്‌ സൈറ്റ്‌ സജീവമായിരുന്നു. തനിമയില്‍, ഒരുമയില്‍ കഴിയുന്ന ഒരു ക്‌നാനായ തറവാട്ടില്‍ ഒത്തുചേരുന്ന അനുഭൂതിയാണ്‌ ക്യാമ്പിംഗിനു തുടക്കം മുതല്‍ ഉണ്ടായിരുന്നത്‌. പുരുഷന്മാരും, സ്‌ത്രീകളും ചേര്‍ന്ന്‌ എല്ലാ നേരത്തേക്കുമുള്ള ഭക്ഷണം തയാറാക്കുന്നതിന്‌ പ്രത്യേക താല്‍പര്യമെടുത്തത്‌ ശ്രദ്ധേയമായി. ഫിഷിംഗിലൂടെ ലഭിച്ച മത്സ്യങ്ങള്‍ പാചകം ചെയ്‌തും, ബാര്‍ബിക്യു ഒരുക്കിയും വ്യത്യസ്‌ത അനുഭവം പകരാന്‍ സംഘാടകര്‍ക്കു കഴിഞ്ഞു. രണ്ടാം ദിനം വൈകുന്നേരം ഫാ.സൈമണ്‍ പായിക്കാട്ടിന്റെ സന്ധ്യാപ്രാര്‍ഥനയോടെ ക്യാമ്പ്‌ ഫയറിനു തുടക്കമായി. കെ.സി.എസ്‌ സെക്രട്ടറി ജോസ്‌ തൂമ്പനാല്‍ സ്വാഗതം ആശംസിച്ചു. സിറിയക്‌ പുത്തന്‍പുര, ജോയി വാച്ചാച്ചിറ, ജോണി പുത്തന്‍പറമ്പില്‍, ഷാജി എടാട്ട്‌, കുഞ്ഞുമോന്‍ തൊട്ടിച്ചിറ എന്നിവര്‍ കെ.സി.എസും ക്യാമ്പിംഗും എന്ന വിഷയം വിലയിരുത്തി സംസാരിച്ചു.

തുടര്‍ന്ന്‌ കെ.സി.എസ്‌ എക്‌സിക്യൂട്ടീവിന്റെ നേതൃത്വത്തില്‍ ക്യാമ്പ്‌ ഫയറിനു തിരി കൊളുത്തി. കെ.സി.സി.എന്‍.എ റീജണല്‍ വൈസ്‌ പ്രസിഡന്റ്‌ അലക്‌സാണ്ടര്‍ കൊച്ചുപുരയിക്കല്‍, വിമന്‍സ്‌ ഫോറം നാഷണല്‍ വൈസ്‌ പ്രസിഡന്റ്‌ ഡെല്ല നെടിയകാലായില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. നാടന്‍ പാട്ടുകള്‍ കോര്‍ത്തിണക്കി എല്ലാവരും ചേര്‍ന്ന്‌ അവതരിപ്പിച്ച ഗാനസല്ലാപം ആനന്ദകരമായ അനുഭവമായി. കെ.സി.എസ്‌ ഭാരവാഹികളായ ജോസ്‌ തൂമ്പനാല്‍, സ്റ്റീഫന്‍ ചൊള്ളമ്പേല്‍, നിണല്‍ മുണ്ടപ്ലാക്കല്‍ എന്നിവര്‍ക്കൊപ്പം ജോണ്‍സണ്‍ കൂവക്കട, ഗ്രേസി വാച്ചാച്ചിറ, സിറിയക്‌ കൂവക്കാട്ടില്‍, ജോണിക്കുട്ടി പിള്ളവീട്ടില്‍ എന്നിവരുടെ നേതൃത്വത്തില്‍ നിരവധി പേര്‍ നല്‍കിയ നിര്‍ലോഭമായ സഹകരണം ഇത്തവണത്തെ ക്യാമ്പിംഗ്‌ വന്‍ വിജയമാക്കുവാന്‍ സഹായിച്ചു.

സ്റ്റീഫന്‍ ചൊള്ളമ്പേല്‍
 
Comments