കെ.സി.എസ് വിമന്‍സ് ഫോറത്തിന് കരുത്തുറ്റ സാരഥികള്‍

posted Jan 16, 2011, 6:23 PM by Saju Kannampally   [ updated Jan 18, 2011, 12:21 AM by Knanaya Voice ]
ചിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റിയുടെ വനിതാ വിഭാഗമായ കെ.സി.എസ്. വിമന്‍സ് ഫോറത്തിന്റെ പുതിയ സാരഥികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ഗ്രേസി വാച്ചാച്ചിറ, വൈസ് പ്രസിഡന്റായി ഡെല്ല നെടിയകാലായില്‍, സെക്രട്ടറി ലിസി തോട്ടപ്പുറം, ജോയിന്റ് സെക്രട്ടറി പ്രതിഭ തച്ചേട്ട്, ട്രഷറര്‍ മേഴ്സി തിരുനെല്ലിപറമ്പില്‍ എന്നിവരാണ് വിമന്‍സ് ഫോറത്തിന്റെ പുതിയ എക്സിക്യൂട്ടീവ്  അംഗങ്ങള്‍. ജനുവരി 4-ാം തീയതി ചൊവ്വാഴ്ച കമ്മ്യൂണിറ്റി സെന്ററില്‍ കൂടിയ ചിക്കാഗോ കെ.സി.എസ്. വിമന്‍സ് ഫോറത്തിന്റെ പൊതുയോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയിലും മറ്റ് സാമൂഹ്യസംഘടനാപ്രവര്‍ത്തനരംഗത്തും പ്രവര്‍ത്തിച്ച് കഴിവുതെളിയിച്ച ഗ്രേസി വാച്ചാച്ചിറയുടെ നേതൃത്വത്തിലുള്ള മുഴുവന്‍ എക്സിക്യൂട്ടീവ് അംഗങ്ങളും
സംഘടനാപ്രവര്‍ത്തനരംഗത്ത് തനതായ വ്യക്തിമുദ്രപതിച്ചവരാകയാല്‍ കരുത്തുറ്റ നേതൃത്വമാണ് കെ.സി.എസ്. വിമന്‍സ് ഫോറത്തിന്റെ സാരഥികളായി വന്നിരിക്കുന്നതെന്ന്  കെ.സി.എസ്. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ പ്രസ്താവിച്ചു. കെ.സി.എസ്. വൈസ് പ്രസിഡന്റ് ബിനു പൂത്തുറയില്‍, സെക്രട്ടറി സൈമണ്‍ മുട്ടത്തില്‍, ജോയിന്റ് സെക്രട്ടറി മത്ത്യാസ് പുല്ലാപ്പള്ളില്‍, ട്രഷറര്‍ ജോമോന്‍ തൊടുകയില്‍  എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. ചിക്കാഗോ ക്നാനായ സമുദായത്തിലെ വനിതകളുടെ സാമൂഹികവും സാംസ്കാരികവും കുടുംബപരവുമായ പ്രവര്‍ത്തനങ്ങളില്‍ സമഗ്രമായ ഇടപെടലുകള്‍ നടത്തി വിമന്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായ രീതിയില്‍ നടത്തി മുഴുവന്‍ സമുദായാംഗങ്ങളുടെയും സജീവപങ്കാളിത്തം ഉറപ്പുവരുത്തുവാന്‍ പരമാവധി ശ്രമിക്കുമെന്ന് മറുപടി പ്രസംഗത്തില്‍ പ്രസിഡന്റായി തെരഞ്ഞെടുത്ത ഗ്രേസി വാച്ചാച്ചിറ പറഞ്ഞു. ഏരിയാതലത്തില്‍ കോര്‍ഡിനേറ്റേഴ്സിനെ തെരഞ്ഞെടുത്തത് വടക്കേ അമേരിക്കയിലെ  മുഴുവന്‍ സംഘടനകള്‍ക്കും മാതൃകയാക്കുന്നതരത്തില്‍ കെ.സി.എസ്. വിമന്‍സ് ഫോറത്തെ ശക്തമാക്കുവാന്‍ എല്ലാ സഹായവും കെ.സി.എസ്. എക്സിക്യൂട്ടീവ് ബോര്‍ഡ് വാഗ്ദാനം ചെയ്തു.

റിപ്പോര്‍ട്ട്: സൈമണ്‍ മുട്ടത്തില്‍

Comments