കെ സി സി എന്‍ എ കണ്‍വെന്‍ഷന്റെ ഉദ്ഘാടനം പ്രൌഡഗംഭീരം

posted Jul 23, 2010, 7:28 PM by Anil Mattathikunnel   [ updated Jul 23, 2010, 10:46 PM by Knanaya Voice ]
 

ഡാളസ്‌: ആയിരക്കണക്കിനു ക്‌നാനായ മക്കളുടെ സാന്നിധ്യം കൊണ്ട്‌ ധന്യമായ ഗേലോഡ്‌  ടെക്‌സാന്‍ കണ്‍വന്‍ഷന്‍ സെന്ററിലെ പ്രധാന വേദിയില്‍ കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്ത കെ.സി.സി.എന്‍.എ യുടെ ഒമ്പതാമത്‌ ദേശീയ കണ്‍വന്‍ഷന്‍ നിലവിളക്കു കൊളുത്തി ഉദ്‌ഘാടനം ചെയ്‌തു. വര്‍ണപ്പകിട്ടാര്‍ന്ന റാലിക്കു ശേഷമാണ്‌ പ്രൗഡമായ ഉദ്‌ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്‌. വടക്കേ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ ക്‌നാനായ അസോസിയേഷനുകളുടെ ആഭിമുഖ്യത്തില്‍ ഒരുക്കിയ റാലി വൈവിധ്യം കൊണ്ടും, അര്‍ഥപൂര്‍ണമായ അവതരണം കൊണ്ടും, വര്‍ണശോഭ കൊണ്ടും സമ്പന്നമായിരുന്നു. ഓപ്പണിംഗ്‌ ഡാന്‍സോടെയായിരുന്നു ഉദ്‌ഘാടന ചടങ്ങുകളുടെ തുടക്കം. കെ.സി.സി.എന്‍. ഷിക്കാഗോ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ അലക്‌സാണ്ടര്‍ കൊച്ചുപുരയ്‌ക്കല്‍ അതിഥികളെ പരിചപ്പെടുത്തി വേദിയിലേക്ക്‌ ക്ഷണിച്ചു. സംഘടനയുടെ സ്‌പിരിച്വല്‍ ഡയറക്ടര്‍ ഫാ.തോമസ്‌ മുളവനാല്‍ പ്രാരംഭ പ്രാര്‍ഥന നടത്തി. ഡാളസ്‌ ക്‌നാനായ അസോസിയേഷന്‍ പ്രസിഡന്റ്‌ സാബു തടത്തില്‍ സ്വാഗതം ആശംസിച്ചു.
വടക്കേ അമേരിക്കയിലെ ക്‌നാനായ സമുദായം വളര്‍ച്ചയുടെ വഴിത്താരയില്‍ വിസ്‌ത്രിതമാകുമ്പോള്‍ പൈതൃകവും, പാരമ്പര്യവും നഷ്ടമാകാതെ വിശ്വാസമൂല്യങ്ങളെ മുറുകെ പിടിക്കണമെന്ന്‌ മാര്‍ മാത്യു മൂലക്കാട്ട്‌ ഉദ്‌ഘാടന പ്രസംഗത്തില്‍ ആഹ്വാനം ചെയ്‌തു. കോട്ടയം അതിരൂപത ശതാബ്ദി ആഘോഷിക്കുന്ന അവസരത്തില്‍ വടക്കേ അമേരിക്കയില്‍ സഭാ സംവിധാനം ശക്തമാവുകയാണ്‌. പുതിയതായി ആറ്‌ ഇടവകകള്‍ കൂദാശ ചെയ്യപ്പെടുന്നു. സമുദായ വളര്‍ച്ച കണ്ട്‌ നമ്മുടെ പൂര്‍വികര്‍ ആഹ്ലാദിക്കുന്നുണ്ടാവും. യേശുക്രിസ്‌തുവിനെ മുന്നില്‍ കണ്ടാണ്‌ നാം ജീവിക്കേണ്ടത്‌. ശക്തമായ അല്‍മായ നേതൃത്വത്തെ സഭ എന്നും പ്രോത്സാഹിപ്പിക്കും. ക്‌നായി തൊമ്മന്‍ കൊളുത്തിയ ദീപശിഖ വരുംതലമുറകളിലേക്കു കൈമാറാന്‍ നുമക്കു സാധിക്കണം. സഭാത്മകമായി വളരുവാനുള്ള ശ്രമത്തില്‍ ഉണ്ടാകുന്ന നഷ്ടങ്ങള്‍ ഒരിക്കലും നഷ്ടമാവുകയില്ല. തനിമയും, കൂട്ടയ്‌മയും, സാഹോദര്യവും ശക്തിപ്പെടുത്താന്‍ കണ്‍വന്‍ഷനു സാധിക്കട്ടെ എന്ന്‌ മാര്‍ മൂലക്കാട്ട്‌ ആശംസിച്ചു.
സഭയുടെ വളര്‍ച്ചയില്‍ ഗുണകരമായ മാറ്റം ഉണ്ടാകണമെങ്കില്‍ ശക്തമായ അല്‍മായ നേതൃത്വം അനിവാര്യമാണെന്ന്‌ മുഖ്യപ്രഭാഷണം നടത്തിയ ഇന്ത്യന്‍ സുപ്രീംകോടതി ജഡ്‌ജി ജസ്‌റ്റിസ്‌ സിറിയക്‌ ജോസഫ്‌ പറഞ്ഞു. വടക്കേ അമേരിക്കയിലെ അല്‍മായ നേതൃത്വം ഇന്ന്‌ ശക്തമാണ്‌. വൈദികരും, വൈദികമേലധ്യക്ഷന്മാരും നിയന്ത്രിക്കുന്ന സംഘടനയായിട്ടല്ല കെ.സി.സി.എന്‍.എ പ്രവര്‍ത്തിക്കുന്നത്‌. കേരളത്തില്‍ ഇത്ര വലിയ ക്‌നാനായ കൂട്ടായ്‌മ സംഘടിപ്പിച്ചു കാണാറില്ല. യു.കെ യിലും, അമേരിക്കയിലുമാണ്‌ ഇന്ന്‌ ഏറ്റവും വലിയ ക്‌നാനായ സംഗമങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നത്‌. അതിരൂപതയുടെ ശതാബ്ദി മുദ്രാവാക്യം "തനിമയില്‍, ഒരുമയില്‍, വിശ്വസ നിറവില്‍ " ഏറെ അന്വര്‍ഥമാണ്‌. തനിമയില്‍ വളരുമ്പോഴും കത്തോലിക്കാ സഭയുടെ ഭാഗമാണെന്ന വസ്‌തുത മറക്കരുത്‌. കോട്ടയം അതിരൂപത കേരളത്തിലെ കത്തോലിക്കാ സഭയെ ശക്തിപ്പെടുത്തിയിട്ടേയുള്ളു. അതുപോലെ, വടക്ക അമേരിക്കയിലും ക്‌നാനായക്കാര്‍ക്കായി ഒരു രൂപത ഉണ്ടായാല്‍ അത്‌ കത്തോലിക്കാ സഭയ്‌ക്ക്‌ ശക്തി പകരുക തന്നെ ചെയ്യും. സഭയയോടുള്ള അചഞ്ചലമായ കൂറ്‌ തനിമയുടെ ഭാഗം തന്നെയാണെന്ന കാര്യം വിസ്‌മരിക്കരുതെന്നും ജസ്‌റ്റിസ്‌ സിറിയക്‌ ജോസഫ്‌ ഓര്‍മിപ്പിച്ചു.
കോട്ടയം അതിരൂപത ശതാബ്ദി ആഘോഷിക്കുന്ന ഈ അവസരത്തില്‍ ലോകമെമ്പാടുമുള്ള ക്‌നാനായ സഹോദരങ്ങള്‍ക്ക്‌ ആശംസ നേരുകയാണെന്ന്‌ അനുഗ്രഹ പ്രഭാഷണം നടത്തിയ ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പറഞ്ഞു. അല്‍മായ സമൂഹത്തിന്റെ വളര്‍ച്ച സഭയ്‌ക്ക്‌ വളരെയധികം പ്രാധാന്യമുള്ളതാണ്‌. അമേരിക്കിയലെ സീറോ മലബാര്‍ സഭയുടെ രൂപീകരണത്തിലും, വളര്‍ച്ചയിലും ക്‌നാനായ സമുദായം നല്‍കിയിരിക്കുന്ന സേവനം വിലപ്പെട്ടതാണ്‌. കൂട്ടായ്‌മ വളര്‍ത്തുന്നതോടൊപ്പം കുടുംബജീവിതത്തിന്റെ ഭദ്രതയിലേക്കും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കുടുംബജീവിതത്തോടൊപ്പം ഇടവകയുടെയും, രൂപതയുടെയും വളര്‍ച്ചയില്‍ പങ്കാളികളാകന്‍ ശ്രമിക്കണമെന്നും മാര്‍ അങ്ങാടിയത്ത്‌ ആഹ്വാനം ചെയ്‌തു.
വടക്കേ അമേരിക്കയിലെ ക്‌നാനായ സമൂഹത്തിന്റെ ആധ്യാത്മിക വളര്‍ച്ചയ്‌ക്കായി മിഷനുകളും, ഇടവകകളും രൂപീകരിക്കുന്ന കാര്യത്തില്‍ കെ.സി.സി.എന്‍.എ യ്‌ക്ക്‌ മുന്നിട്ടു പ്രവര്‍ത്തിക്കുവാന്‍ കഴിയുന്നതില്‍ സന്തോഷവും, അഭിമാനവുമുണ്ടെന്ന്‌ ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെ.സി.സി.എന്‍.എ പ്രസിഡന്റ്‌ ജോര്‍ജ്‌ നെല്ലാമറ്റം പറഞ്ഞു. ഡാളസ്‌ കണ്‍വന്‍ഷന്‍ ചരിത്ര സംഭവമായി മാറ്റുവാന്‍ അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ജോര്‍ജ്‌ നെല്ലാമറ്റം അഭിനന്ദനങ്ങള്‍ നേര്‍ന്നു.
കഴിഞ്ഞ വര്‍ഷത്തെ യുവജനോത്സവത്തില്‍ ഫ്യൂഷന്‍ ഡാന്‍സില്‍ ഒന്നാം ‌സഥാനം നേടിയ ഷിക്കാഗോയിലെ കുട്ടികള്‍ അവതരിപ്പിച്ച ഓപ്പണിംഗ്‌ ഡാന്‍സോടെയാണ്‌ ഉദ്‌ഘാടന ചടങ്ങുകള്‍ തുടങ്ങിയത്‌. ഷിക്കാഗോ റീജിയണ്‍ വൈസ്‌ പ്രസിഡന്റ്‌ അലക്‌സാണ്ടര്‍ കൊച്ചുപുരയ്‌ക്കല്‍ അതിഥികളെ പരിചയപ്പെടുത്തി സദസിലേക്കു ക്ഷണിച്ചു. സംഘടനയുടെ സ്‌പിരച്വല്‍ ഡയറക്ടര്‍ ഫാ.തോമസ്‌ മുളവനാല്‍ പ്രാരംഭ പ്രാര്‍ഥന നയിച്ചു. ഡാളസ്‌ ക്‌നാനായ അസോസിയേഷന്‍ പ്രസിഡന്റ്‌ സാബു തടത്തില്‍ സ്വാഗതം ആശംസിച്ചു. കണ്‍ൃവന്‍ഷന്‍ ചെയര്‍മാന്‍ ജിജു കൊളങ്ങായില്‍ കണ്‍വന്‍ഷന്‍ നടപടിക്രമം വിശദീകരിച്ചു. സില്‍വാനിയോസ്‌ മാര്‍ അയൂബ്‌ മെത്രാപ്പോലീത്തയും അനുഗ്രഹ പ്രഭാഷണം നടത്തി. സെക്രട്ടറി സുനില്‍ മാധവപ്പള്ളി റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. വെബ്‌സൈറ്റിന്റെ ഉദ്‌ഘാടനം സന്തോഷ്‌ ചക്കുങ്കല്‍ (ഡാളസ്‌) നിര്‍വഹിച്ചു. തോമസ്‌ ചാഴികാടന്‍ എം.എല്‍.എ, മോണ്‍.ഏബ്രാഹം മുത്തോലത്ത്‌, മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ, ജോസ്‌ സിറിയക്‌ ഐ.എ.എസ്‌, യു.കെ.കെ.സി.എ പ്രസിഡന്റ്‌ ഐന്‍സ്റ്റിന്‍ വാലയില്‍, വിമന്‍സ്‌ ഫോറം പ്രസിഡന്റ്‌ മേരി മഠത്തില്‍പറമ്പില്‍, കെ.സി.വൈ.എല്‍ പ്രസിഡന്റ്‌ ജയ്‌സണ്‍ ചക്കാലയ്‌ക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡോമി തറയില്‍ (മിനിസോട്ട) സിഡി പ്രകാശനം നിര്‍വഹിച്ചു. ടെക്‌സാസ്‌ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ബോബി കണ്ടത്തില്‍ നന്ദി പറഞ്ഞു.രാവിലെ ഫാ.തോമസ്‌ കുരിശുംമൂട്ടില്‍ മലങ്കര റീത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. ഉച്ചകഴിഞ്ഞ്‌ കലാ – സാഹിത്യ മത്സരങ്ങള്‍ തുടര്‍ന്നു. വിവിധ സെമിനാറുകളും, ബെന്നി പുന്നത്തുറയുടെ റിട്രീറ്റും കണ്‍വന്‍ഷന്റെ രണ്ടാം ദിവസം സജീവമാക്കി. കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കുമായി വിവിധ പ്രോഗ്രാമുകള്‍ ഒരുക്കിയരുന്നു. ലാസ്‌ വേഗാസ്‌, ഡിട്രോയിറ്റ്‌, കാനഡ, താമ്പ, സാന്‍ അന്റോമിയോ, ലോസ്‌ ആഞ്ചലസ്‌, ന്യൂയോര്‍ക്ക്‌ എന്നിവിടങ്ങളില്‍ നിന്നുള്ള കലാപ്രതിഭകല്‍ അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാവിരുന്ന്‌ ഏറെ ആസ്വദ്യകരമായിരുന്നു.

ജോസ്‌ കണിയാലി

Photos By Jose Kaniyaly
 
 
 
 
 
 
 
 
Comments