കെ.സി.സി.എന്‍.എ. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് കാഹളമുയര്‍ത്തി ഷിക്കാഗോയില്‍ 'മീറ്റ് ദ കാന്‍ഡിഡേറ്റ്' പരിപാടി

posted Jan 18, 2011, 10:19 PM by Knanaya Voice   [ updated Jan 19, 2011, 12:26 PM by Saju Kannampally ]
ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ.) .യുടെ ആസന്നമായ തിരഞ്ഞെടുപ്പിന്റെ മുഴുവന്‍ ആവേശവും ഷിക്കാഗോയില്‍ ഉയര്‍ത്തിക്കൊണ്ട് ഷിക്കാഗോ കെ.സി.എസ്. മീറ്റ് ദി കാന്‍ഡിഡേറ്റ് പരിപാടി നടത്തി. മൂന്ന് പാനലുകളാണ് ഇത്തവണ കെ.സി.സി.എന്‍.എ. ഇലക്ഷനില്‍ മത്സരിക്കുന്നത്. ഷീന്‍സ് ആകശാല, ടോമി മ്യാല്‍ക്കരപ്പുറത്ത്, ജോജോ വട്ടാടികുന്നേല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ടീമുകളാണ് ഇത്തവണ ഇലക്ഷനില്‍ മാറ്റുരക്കുന്നത്. മൂന്നു പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളും 15 മിനിറ്റ് നീണ്ട പ്രസംഗത്തിലൂടെ തങ്ങളുടെ നയപരിപാടികള്‍ വിശദീകരിച്ചു. തുടര്‍ന്ന് കെ. സി. എസ്. അംഗങ്ങളില്‍നിന്ന് മുന്‍കൂര്‍ ലഭിച്ച വിവിധ ചോദ്യങ്ങള്‍ക്ക്, സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടേതായ ശൈലിയില്‍ ഉത്തരം നല്‍കി. അടുത്ത കെ.സി.സി.എന്‍.എ. കണ്‍വെന്‍ഷന്‍ നടത്തുന്ന സ്ഥലം, കണ്‍വെന്‍ഷനില്‍ യുവജന പങ്കാളിത്തം, ക്നാനായ മിഷനുകളോടും സീറോ മലബാര്‍ നേതൃത്വത്തോടുമുള്ള സമീപനം, കോട്ടയം രൂപതയുടെ അധികാര പരിധി വ്യാപിക്കുന്നതിലേയ്ക്കുള്ള പരിപാടികള്‍ കണ്‍വെന്‍ഷനില്‍ അഡോപ്റ്റഡ് കുട്ടികളുടെ പങ്കാളിത്തം. അംഗസംഘടനകള്‍ ശക്തമാക്കുന്നതിനുള്ള നയപരിപാടികള്‍ എന്നിവയെക്കുറിച്ച് മൂന്നു സ്ഥാനാര്‍ത്ഥികളും തങ്ങളുടെ ആശയങ്ങള്‍, കമ്മ്യൂണിറ്റ് സെന്ററില്‍ ആകാംക്ഷാപൂര്‍വ്വം തിങ്ങിനിറഞ്ഞ സദസ്സിനും മുന്‍പില്‍ വിശദീകരിച്ചു. സിറിയക് കൂവക്കാട്ടില്‍, ബിനു പൂത്തുറ, സൈമണ്‍ മുട്ടത്തില്‍, മത്തിയാസ് പുല്ലാപ്പള്ളി, ജോമോന്‍ തൊടുകയില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കെ.സി.സി.എന്‍.എ. ഇലക്ഷനില്‍ വോട്ടവകാശം ഇല്ലെങ്കിലും തങ്ങളെ നയിക്കുവാന്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍നിന്നും അവരുടെ നയപരിപാടികള്‍ നേരിട്ട് കേള്‍ക്കുവാന്‍ ഈ പരിപാടി സഹായിച്ചു എന്നും ഇത്തരം പരിപാടി സംഘടിപ്പിച്ച കെ.സി.എസ്. എക്സിക്യൂട്ടീവ് അഭിനന്ദനം അര്‍ഹിക്കുന്നു എന്നും പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ അംഗങ്ങളും അഭിപ്രായപ്പെട്ടു.

വാശിയേറിയ ഈ ഇലക്ഷനിലെ പുതിയ പുതിയ സംഭവവികാസങ്ങള്‍ തല്‍സമയം തന്നെ ക്നാനായ വോയ്സ് നിങ്ങളിലെത്തിക്കുന്നതാണ്.

ക്നാനായ വോയിസിനുവേണ്ടി റോയി ചേലമലയില്‍

 

Comments