കെ.സി.സി.എന്‍.എ. തെരഞ്ഞെടുപ്പ് ചൂടില്‍

posted Feb 9, 2011, 1:21 AM by Knanaya Voice   [ updated Feb 9, 2011, 10:48 AM by Saju Kannampally ]
ചിക്കാഗോ: നേര്‍ത്ത് അമേരിക്കയിലെ ക്നാനായ കത്തോലിക്കരുടെ മാതൃസംഘടനയായ ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു. അമേരിക്കയില്‍ കുടിയേറിയ മലയാളികളുടെ സംഘടനകളില്‍ ഫോമാ-ഫൊക്കാന തെരഞ്ഞെടുപ്പിനേക്കാള്‍ വീറും വാശിയും സാമ്പത്തിക ചിലവുമേറിയ ഒന്നായി കെ.സി.സി.എന്‍.എ. തെരഞ്ഞെടുപ്പ് മാറിയിരിക്കുന്നു. രണ്ടുവര്‍ഷത്തേയ്ക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുക്കാനുള്ള നാഷണല്‍ കൌണ്‍സില്‍ യോഗം മാര്‍ച്ച് 5-ാം തീയതി അറ്റ്ലാന്റായില്‍ നടക്കുമ്പോള്‍ അവിടെവച്ചറിയാം കെ.സി.സി.എന്‍.എ. ആരു ഭരിക്കുമെന്ന്. തെരഞ്ഞെടുപ്പിന്റെ ചൂട് ഓരോ ക്നാനായ കത്തോലിക്കനിലും വാശിയേറിയ വാദപ്രതിവാദങ്ങള്‍ക്കും വാതുവെയ്പ്പിനും തുടക്കമായിരിക്കുന്നു. ത്രികോള മത്സരത്തിന് വേദിയൊരുങ്ങുന്ന തെരഞ്ഞെടുപ്പില്‍ ജോജോ വട്ടാടിക്കുന്നേല്‍ (സാന്‍ഹൊസേ) ഷീന്‍സ് ആകശാലയില്‍ (ന്യൂയോര്‍ക്ക്), ടോമി മേല്‍ക്കരപ്പുറം (റ്റാമ്പാ), എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് അങ്കംവെട്ടുന്നത്. കെ.സി.സി.എന്‍.എ. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന വിമന്‍സ് ഫോറം തെരഞ്ഞെടുപ്പിലും ഈ ചേരിതിരിവ് പ്രകടമായിരുന്നു. വിമന്‍സ് ഫോറത്തിന്റെ നാഷണല്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജന: സെക്രട്ടറി എന്നിവര്‍ക്ക് കെ.സി.സി.എന്‍.എ. തെരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളതുകൊണ്ട് ആ വോട്ടുകള്‍ തങ്ങലുടെ പക്ഷത്താക്കാന്‍ മൂന്നു സ്ഥാനാര്‍ത്ഥികളും തങ്ങലുടെ പാനലുകള്‍ വിമന്‍സ് ഫോറത്തിലും അവതരിപ്പിച്ചു. വിമന്‍സ് ഫോറത്തിന്റെ നേതൃത്വം ജോജോ വട്ടാടിക്കുന്നേല്‍ നേതൃത്വം കൊടുത്തു. കെ.സി.സി.എന്‍. എ. തെരഞ്ഞെടുപ്പ് രാഷ്ട്രീയം വുമന്‍സ് ഫോറത്തിലും, കെ.സി.വൈ.എന്‍.എന്‍. എ.യിലും വ്യാപിക്കുന്നതില്‍ പലര്‍ക്കും എതിര്‍പ്പുണ്ട്. ഇരുപത് യൂണിറ്റുകളുള്ള കെ.സി.സി.എന്‍.എ. യില്‍ വോട്ടിന്റെ എണ്ണംകൊണ്ട് ശ്രദ്ധിക്കപ്പെടുന്നത് ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയാണ്. 16 വോട്ടുകളാണ് കെ.സി.എസ്സിന് ഇത്തവണയുള്ളത്. 20 യൂണിറ്റുകളില്‍ ഏതാണ് 104 പേരോളം വോട്ട് ചെയ്യുന്നതാണ്. മുന്‍ കെ.സി.സി.എന്‍.എ. പ്രസിഡന്റ് ജോണി പുത്തന്‍പറമ്പിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയര്‍മാന്‍. സാന്‍ഹൊസേ ക്നാനായ കണ്‍വെന്‍ഷന്റെ ചെയര്‍മാന്‍ ജോജോ വട്ടാടിക്കുന്നേല്‍, കെ.സി.സി.എന്‍.എ. മുന്‍ ജന: സെക്രട്ടറിയും കെ.സി.സി.എന്‍.എ. ചര്‍ച്ച് അഫേഴ്സ് കമ്മറ്റി ചെയര്‍മാനുമായ ഷീന്‍സ് ആകശാല, താമ്പാ ക്നാനായ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് ടോമി മേല്‍ക്കരപ്പുറം എന്നീ പ്രഗത്ഭര്‍ മാറ്റുരക്കുന്ന തെരഞ്ഞെടുപ്പ് രംഗം ചൂടായിക്കഴിഞ്ഞു. വീറും വാശിയും കൂടുന്നതനുസരിച്ച് തെരഞ്ഞെടുപ്പ് പ്രചാരണവും ചെലവേറുക സ്വാഭാവികം. ക്നാനായ മാതാപിതാക്കളില്‍ നിന്നും ജനിച്ച് ക്നാനായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നവര്‍ക്ക് മാത്രമായ ക്നാനായ സംഘടനയില്‍ തങ്ങളുടെ കഴിവും പ്രാഗത്ഭ്യവും വോട്ടര്‍മാരുടെ മുന്‍പില്‍ പ്രകടിപ്പിക്കുവാന്‍ സ്ഥാനാര്‍ത്ഥികള്‍ സംസ്ഥാനങ്ങള്‍ തോറും നെട്ടോട്ടം ഓടുകയാണ്. തെരഞ്ഞെടുപ്പിലെ പിന്നാമ്പുറകഥകളുമായി ഇനി അടുത്തലക്കം.

ക്നാനായ വോയ്സ് ഇലക്ഷന്‍ ടീം
Comments