കെ. സി. സി. എന്‍. എ. തെരഞ്ഞെടുപ്പും ക്നാനായ ജനങ്ങളുടെ പ്രതീക്ഷയും.

posted Mar 10, 2011, 2:12 AM by Knanaya Voice
ക്നാനായ കത്തോലിക്കരുടെ അല്‍മായ സംഘടനകളില്‍ ഏറ്റവും ശക്തവും, സജീവവുമായ ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ.) യുടെ 2011 - 2013 കാലഘട്ടങ്ങളിലേയ്ക്കുള്ള ഭരണസമിതിയുടെ അമരത്തെത്തിയ ഡോ. ഷീന്‍സ് ആകശാലയേയും, മറ്റു ഭാരവാഹികളേയും ക്നാനായ വോയ്സ് എഡിറ്റോറിയല്‍ ടീം അഭിനന്ദിക്കുന്നു. ശക്തമായ ഒരു ത്രികോണ മത്സരമാണ് ഇത്തവണ നടന്നത്. ടോമി മ്യാല്‍ക്കരപ്പുറം, ജോജോ വട്ടാടിക്കുന്നേല്‍, ഡോ. ഷീന്‍സ് ആകശാല എന്നിവര്‍ നേതൃത്വം നല്‍കിയ മൂന്നു മുന്നണികളിലും സമുദായത്തിലെ പ്രഗത്ഭരും, മിടുക്കന്മാരുമായ ആള്‍ക്കാരുടെ പ്രാതിനിധ്യം ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയവും പരാജയവും സാധാരണം. ഭരണപക്ഷ പ്രതിപക്ഷ കാഴ്ചപ്പാടില്‍ മുന്നോട്ടു പോകാതെ സമുദായത്തിന്റെ ഉന്നമനത്തിന് ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന ഒരു നാഷണല്‍ കൌണ്‍സിലാണ് നോര്‍ത്ത് അമേരിക്കയിലെ ക്നാനായക്കാര്‍ ആഗ്രഹിക്കുന്നത്. ഡോ. ഷീന്‍സിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് പരിപൂര്‍ണ്ണപിന്തുണ നല്‍കി വിഷയങ്ങള്‍ വസ്തുനിഷ്ഠമായി പഠിച്ച് ചര്‍ച്ച് ചെയ്ത് ഒത്തൊരുമിച്ച് തീരുമാനമെടുത്ത് മുന്നോട്ടു പോകണം.
        കെ. സി. സി. എന്‍. എ. ഭരണസമിതി ഒരു കണ്‍വെന്‍ഷന്‍ കമ്മറ്റിയായി തരംതാഴാതെ സമുദായത്തെ ബാധിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങളില്‍ ജ്വലിക്കുന്ന ശബ്ദമായി മാറണം. യുവജനങ്ങളെ ഉയര്‍ത്തുവാനും, വളര്‍ത്തുവാനും വേണ്ടി പരിശ്രമിക്കുമെന്ന് തെരഞ്ഞെടുപ്പ് വേളകളില്‍ കേള്‍ക്കാറുള്ള സ്ഥിരം പല്ലവി ഏറ്റുപറഞ്ഞ് തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അതെല്ലാം ഒരു പഴങ്കഥയായി മാറാതിരിക്കാന്‍ പുതിയ ഭരണസമിതിക്ക് കഴിയണം. ക്നാനായ സമൂഹത്തിലും കുടുംബങ്ങളിലും ഇന്ന് നിത്യസംഭവങ്ങളായിരിക്കുന്ന ചില സാമൂഹിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ നമ്മുടെ സോഷ്യല്‍ വര്‍ക്കേഴ്സുമായി സഹകരിച്ചു പ്രവര്‍ത്താക്കാന്‍ പുതിയ ഭരണസമിതിക്ക് കഴിയണം. പ്രാദേശികമായ വിഷയങ്ങള്‍ക്കൊണ്ടോ, അതോ മറ്റേതെങ്കിലും പ്രശ്നങ്ങളുടെ പേരിലോ പ്രവര്‍ത്തനം മന്ദീഭവിച്ചുനില്‍ക്കുന്ന കീഴഘടകങ്ങളേ പ്രവര്‍ത്തന മണ്ഡലത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്താന്‍ പുതിയ നേതൃത്വത്തിന് കഴിയണം.
        സഭയും, സമുദായവും പരസ്പരം അംഗീകരിക്കുകയും തന്താങ്ങളൂടെ പ്രവര്‍ത്തനമണ്ഡലത്തിന്റെ അതിര്‍ത്തി ലംഘിക്കാതെ പ്രവര്‍ത്തിച്ച് സഭയേയും സമുദായത്തേയും വളര്‍ത്തുവാന്‍ തക്കതായ ഓപ്പണ്‍ കമ്മ്യൂണിക്കേഷന്‍ ആവശ്യമാണ്. സഭാനേതൃത്വവും അല്‍മായ നേതൃത്വവും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് ജനങ്ങളുടെ ഇടയിലേയ്ക്ക് ഇറക്കിവിട്ട് തമ്മില്‍ അടുപ്പിക്കാതെ അപ്പര്‍ ലെവലില്‍ പറഞ്ഞുതീര്‍ക്കാന്‍ സാധിക്കണമെന്നാണ് സാധാരണ ക്നാനായക്കാര്‍ ആഗ്രഹിക്കുന്നത്. 
        വിമന്‍സ് ഫോറം, കെ. സി. വൈ. എല്‍. എന്‍. എ. തുടങ്ങിയ സംഘടനകള്‍ മാതൃസംഘടനയായ  കെ. സി. സി. എന്‍. എ. യുടെ പോഷകസംഘടനയാണെന്നുള്ളത് മറക്കരുത്. തുറന്ന ചര്‍ച്ചകളിലൂടെ, സൌഹാര്‍ദ്ദപരമായ അന്തരീക്ഷത്തിലൂടെ നല്ല നേതാവായി, നല്ല സുഹൃത്തായി, നല്ല അയല്‍ക്കാരനായി, നല്ല വീട്ടുകാരനായി, കെ. സി. സി. എന്‍. എ. യേ അടുത്ത രണ്ട് വര്‍ഷം നയിക്കുവാന്‍ ഡോ. ഷീന്‍സ് ആകശാല നേതൃത്വം നല്‍കുന്ന ടീമിന് സാധിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുകയും എല്ലാവിധ ആശംസകളും നേരുന്നു.

ക്നാനായ വോയ്സ് എഡിറ്റോറിയല്‍ ടീം.
Comments