കെ.സി.സി.എന്‍.എ.യില്‍ ത്രികോണമത്സരം

posted Feb 18, 2011, 4:25 AM by Knanaya Voice   [ updated Feb 18, 2011, 8:58 AM by Anil Mattathikunnel ]

ചിക്കാഗോ: വടക്കേ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇരുപത് ക്നാനായ കത്തോലിക്കാ സംഘടനകളുടെ ദേശീയ ഫെഡറേഷനായ ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ.സി.സി.എന്‍.എ.) അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള ദേശീയ നേതൃത്വത്തെ തെരഞ്ഞെടുക്കുവാനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു. മാര്‍ച്ച് 5-ാം തീയതി ശനിയാഴ്ച അറ്റ്ലാന്റയില്‍വെച്ചാണ് ഇലക്ഷന്‍. പ്രസിഡന്റ് സ്ഥാനത്തേക്ക് ശക്തമായ ത്രികോണമത്സരമാണ്. ഷീന്‍സ് ആകശാല (ന്യൂയോര്‍ക്ക്), ജോജോ വട്ടാടിക്കുന്നേല്‍ (സാന്‍ഹൊസെ), ടോമി മ്യാല്‍ക്കരപ്പുറത്ത് (താമ്പാ) എന്നിവരാണ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍. തങ്ങളുടെ നയപരിപാടികള്‍ വിശദീകരിക്കുവാനും സംഘടനാപ്രതിനിധികളെ നേരില്‍ക്കണ്ട് വോട്ടുകള്‍ അഭ്യര്‍ത്ഥിക്കുവാനും അമേരിക്കയിലുടനീളം പ്രചരണപരിപാടികള്‍ സംഘടിപ്പിക്കുന്ന തിരക്കിലാണ് മത്സരാര്‍ത്ഥികള്‍.

ഷീന്‍സ് ആകശാല പ്രസിഡന്റായി നയിക്കുന്ന പാനലില്‍ വൈസ് പ്രസിഡന്റായി ജോജി മണലേല്‍ (ലോസ് ആഞ്ചലസ്), ജനറല്‍ സെക്രട്ടറിയായി ജോസ് ലൂക്കോസ് പള്ളിക്കിഴക്കേതില്‍ (ഡിട്രോയിറ്റ്), ജോയിന്റ് സെക്രട്ടറിയായി നോയല്‍ ചാരാത്ത് (ബോസ്റണ്‍) എന്നിവര്‍ മാറ്റുരയ്ക്കുന്നു. ജോജോ വട്ടാടിക്കുന്നേല്‍ പ്രസിഡന്റായി നയിക്കുന്ന പാനലില്‍ ജനറല്‍ സെക്രട്ടറിയായി സിബി വാഴപ്പള്ളി (ലോസ് ആഞ്ചലസ്), ജോയിന്റ് സെക്രട്ടറിയായി ജാക്സണ്‍ കുടിലില്‍ (അറ്റ്ലാന്റ) എന്നിവര്‍ മത്സരിക്കുന്നു. വൈസ് പ്രസിഡന്റായി മത്സരിക്കുന്ന ലൂക്ക് പതിയിലിനെ (ന്യൂയോര്‍ക്ക്) വട്ടാടിക്കുന്നേല്‍ പിന്തുണയ്ക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ നാഷണല്‍ കൌണ്‍സില്‍ അംഗങ്ങളുള്ള ചിക്കാഗോയില്‍നിന്നും ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന നിമി തുരുത്തുവേലിയെ ഈ രണ്ട് ടീമുകളും പിന്തുണയ്ക്കുന്നു.
മത്സരരംഗത്ത് ശക്തമായ സാന്നിദ്ധ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് ഫ്ളോറിഡായിലെ താമ്പായില്‍നിന്നുമുള്ള ടോമി മ്യാല്‍ക്കരപ്പുറം നിലകൊള്ളുന്നു. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന സാജു ചെമ്മലക്കുഴിയേയും (അറ്റ്ലാര്‍ജ്), ട്രഷറര്‍ സ്ഥാനാര്‍ത്ഥി മാത്യു പാറക്കലിനേയും (ഫിലഡല്‍ഫിയ) ടോമി പിന്തുണയ്ക്കുന്നു.
 
കെ.സി.സി.എന്‍.എ. ജനറല്‍ സെക്രട്ടറി, റിലീജിയസ് അഫയേഴ്സ് കമ്മീഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച ഷീന്‍സ് ആകശാല വ്യക്തമായ കാഴ്ചപ്പാടുകളും ദൃഢമായ ലക്ഷ്യവുമായാണ് ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ക്നാനായ സമുദായത്തിന്റെ  തനിമയും ഒരുമയും  കാത്തുസൂക്ഷിക്കുകയും അതിനെ പരിപോഷിപ്പിക്കുകയും ചെയ്യുന്നതിനപ്പുറം സമുദായാംഗങ്ങളുടെ സമഗ്രവളര്‍ച്ചയ്ക്കായി പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ചൂണ്ടിയുള്ള പ്രചാരണ പരിപാടികള്‍ക്കാണ് അദ്ദേഹം നേതൃത്വം നല്‍കുന്നത്. മുപ്പത് വയസ്സില്‍ താഴെയുള്ള ക്നാനായ യുവജനങ്ങളെ അമേരിക്കന്‍  മുഖ്യധാരയിലെത്തിക്കുന്നതിനാവശ്യമായ നയപരിപാടികള്‍ രൂപീകരിക്കുമെന്ന് ഷീന്‍സ് പറയുന്നു. സമുദായാംഗങ്ങളില്‍നിന്നുതന്നെ കഴിവും പരിജ്ഞാനവുമുള്ളവരെ കണ്ടെത്തി സമൂഹവളര്‍ച്ചക്കാവശ്യമായ കാര്യങ്ങള്‍ ചെയ്യുക, അമേരിക്കന്‍ വിദ്യാഭ്യാസ മണ്ഡലത്തിലെ നൂതനസംരംഭങ്ങള്‍ മനസ്സിലാക്കിയുള്ള കര്‍മ്മ പരിപാടികള്‍, യുവജനങ്ങള്‍ക്ക് പരിശീലനക്ളാസ്സുകള്‍, പ്രായമായവര്‍ക്ക് ആരോഗ്യസംരക്ഷണപരിപാടികള്‍ തുടങ്ങിയ നിരവധി കാര്യങ്ങള്‍ നടപ്പിലാക്കുമെന്ന് ഷീന്‍സ് ആകശാല പ്രഖ്യാപിക്കുന്നു.
 
സാന്‍ഹൊസെ ക്നാനായ കാത്തലിക് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍, ചിക്കാഗോ കെ.സി.എസ്. സെക്രട്ടറി, ഉഴവൂര്‍ സെന്റ് സ്റീഫന്‍സ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ തുടങ്ങിയ വിവിധ നിലകളില്‍ കഴിവുതെളിയിച്ചിട്ടുള്ള ജോജോ വട്ടാടിക്കുന്നേല്‍ മികച്ച സംഘാടകനും വാഗ്മിയുമാണ്. വടക്കേ അമേരിക്കന്‍ ക്നാനായ സമുദായത്തെ വളര്‍ച്ചയുടെ പടവുകളില്‍ അനുസ്യൂതം മുന്നേറുവാനുള്ള നിശ്ചയദാര്‍ഢ്യവുമായാണ് ജോജോ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
ദേശീയാടിസ്ഥാനത്തില്‍ കിഡ്സ് ക്ളബിന് വ്യക്തമായ മാര്‍ഗ്ഗരേഖകളുണ്ടാക്കി പ്രവര്‍ത്തിക്കുക, യുവജനങ്ങളുടെ അറിവും കാര്യപ്രാപ്തിയും ഈ മേഖലകളില്‍ ഉപയോഗയോഗ്യമാക്കുക, ക്നാനായ തനിമയും, പാരമ്പര്യങ്ങളും നിലനിര്‍ത്തുവാനാവശ്യമായ പരിപാടികള്‍, പ്രാദേശികാടിസ്ഥാനത്തില്‍ കെ.സി.വൈ.എല്‍, കെ.സി.ജെ.എല്‍. സംഘടനകളെ ശക്തമാക്കി റീജിയണല്‍ കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കുക, അമേരിക്കന്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍ ക്നാനായ യുവജനങ്ങള്‍ക്ക് പ്രോത്സാഹനം, ലോകമെമ്പാടുമുള്ള ക്നാനായ സമുദായത്തെ ബന്ധപ്പെടുവാന്‍ ആധുനിക സോഷ്യല്‍നെറ്റ്വര്‍ക്കുകള്‍ തുടങ്ങിയ നിരവധി പദ്ധതികള്‍ ജോജോ പ്രഖ്യാപിച്ചിരിക്കുന്നു.

താമ്പാ ക്നാനായ കാത്തലിക് കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡന്റ്, മുന്‍ കെ.സി.സി.എന്‍.എ. നാഷണല്‍ കൌണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് കഴിവു തെളിയിച്ചിട്ടുള്ള മികച്ച സംഘാടകനും സമുദായ സ്നേഹിയുമാണ് ടോമി മ്യാല്‍ക്കരപ്പുറത്ത്. സുതാര്യവും നൂതനവുമായ കര്‍മ്മപരിപാടികളിലൂടെ സ്ത്രീകളെയും യുവജനങ്ങളെയും മുന്‍നിരയിലെത്തിക്കുക, ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഭരണകേന്ദ്രവും സാധാരണക്കാരും തമ്മിലുള്ള അകലം കുറച്ച് സമുദായാംഗങ്ങളുടെ ഇടയിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കുമെന്ന് ടോമി പറയുന്നു. ആദ്ധ്യാത്മിക നേതൃത്വത്തോട് സഹകരിച്ചുകൊണ്ട് ആദ്ധ്യാത്മിക സമൂഹവളര്‍ച്ചയെ ത്വരിതപ്പെടുത്തും. സമഗ്രമായ പുരോഗതിയിലൂടെ മാത്രമേ സമുദായ നന്മ സാധ്യമാകൂ എന്നും അതിനായി മുഴുവന്‍ സമയനേതൃത്വമാണ് ഇന്നാവശ്യമെന്നും ടോമി മ്യാല്‍ക്കരപ്പുറത്ത് ചൂണ്ടിക്കാട്ടി.

പുത്തന്‍ പ്രഖ്യാപനങ്ങളും കര്‍മ്മ പരിപാടികളുമായി കെ.സി.സി.എന്‍.എ.യെ ആര് നയിക്കുമെന്ന വിധിയെഴുത്തിനായി മാര്‍ച്ച് 5-ാം തീയതി വരെ കാത്തിരിക്കാം.

ജോസ് കണിയാലി

Comments