ക്നാനായ നൈറ്റ് ഡിസംബര്‍ നാലിന്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

posted Dec 2, 2010, 2:04 PM by Saju Kannampally

ഷിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റി (കെസിഎസ്) യുടെ വാര്‍ഷികോല്‍സവമായ ക്്നാനായ നൈറ്റ് ഷിക്കാഗോയിലെ മാതര്‍ ഹൈസ്കൂളില്‍ വച്ച്  (Mather High Scholl, 5835 N Lincoln Ave, Chicago 60659)  ഡിസംബര്‍ നാലിന് നടക്കും. ഇതിന്റെ തയാറെടുപ്പുകള്‍ എല്ലാം പൂര്‍ത്തിയായതായി കെസിഎസ് പ്രസിഡന്റ് മേയാമ്മ വെട്ടിക്കാട്ട്, സെക്രട്ടറി ജോസ് തൂമ്പനാല്‍, ജോയിന്റ് സെക്രട്ടറി സ്റ്റീഫന്‍ ചൊള്ളമ്പേല്‍ എന്നിവര്‍ അറിയിച്ചു. ശതാബ്ദി ആഘോഷിക്കുന്ന കോട്ടയം അതിരൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു എന്നത് ഈ വര്‍ഷത്തെ ആഘോഷത്തിന്റെ പ്രത്യേകതയാണ്.

4 ശനിയാഴ്ച വൈകുന്നേരം 5. 30ന് കെസിഎസ് യുവജനോല്‍സവം, കെസിഎസ് ഒളിംപിക്സ് എന്നിവയിലെ വിജയികള്‍ക്കുള്ള സമ്മാനദാനത്തോടെ പരിപാടികള്‍ ആരംഭിക്കും. 6.30ന് വിശിഷ്ടാതിഥികളെ വാദ്യഘോഷത്തോടെ വേദിയിലേക്ക് ആനയിക്കും. തുടര്‍ന്നു നടക്കുന്ന സമ്മേളനത്തില്‍ കെസിഎസ് പ്രസിഡന്റ് മേയാമ്മ വെട്ടിക്കാട്ട് അധ്യക്ഷപ്രസംഗം നടത്തും. ബിഷപ് മാര്‍ പണ്ടാരശേരില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

തുടര്‍ന്ന് വികാരി ജനറാളും കെസിഎസ് സ്പിരിച്വല്‍ ഡയറക്ടറുമായ ഫാ. അബ്രഹാം മുത്തോലത്ത്, കെസിസിഎന്‍എ പ്രസിഡന്റ് ജോര്‍ജ് നെല്ലാമറ്റം എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. കോട്ടയം രൂപതയുടെ ശതാബ്ദിയോടനുബന്ധിച്ച് ഷിക്കാഗോ കെസിഎസ് പുറത്തിറക്കുന്ന 'സ്മരണിക 2010 ബിഷപ് പ്രകാശനം നിര്‍വഹിക്കും. കെസിസിഎന്‍എ കലാപ്രതിഭ പോള്‍ എടാട്ട്, കെസിഎസ് കലാതിലകം സോനാ കദളിമറ്റം, റണ്ണര്‍ അപ് ഷാരോണ്‍ പിള്ളവീട്ടില്‍, ബ്രിട്നി ചൂട്ടുവേലില്‍, വിവാഹ ജീവിതത്തില്‍ അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍, നവദമ്പതികള്‍ എന്നിവരെ ആദരിക്കും.

തുടര്‍ന്ന് കെസിഎസ് സര്‍വീസ് അവാര്‍ഡുകള്‍ നല്‍കും. മെത്രാഭിഷേകത്തിന്റെ നാലാം വാര്‍ഷികം ആഘോഷിക്കുന്ന ബിഷപ് മാര്‍ പണ്ടാരശേരിലിനെ കെസിഎസ് ചടങ്ങില്‍ ആദരിക്കും. കോട്ടയം രൂപതാ ശതാബ്ദി വിദ്യാഭ്യാസ നിധിയിലേക്കുള്ള സംഭാവനകള്‍ ബിഷപ് സ്വീകരിക്കും. കെസിഎസ് സെക്രട്ടറി ജോസ് തൂമ്പനാല്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി സ്റ്റീഫന്‍ ചൊള്ളമ്പേല്‍ കൃതജ്ഞതയും അര്‍പ്പിക്കും.

തുടര്‍ന്ന് കെസിഎസ് കലാതിലകങ്ങള്‍ അവതരിപ്പിക്കുന്ന നൃത്തങ്ങളോടെ കലാപരിപാടികള്‍ ആരംഭിക്കും. രണ്ട് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന നോണ്‍സ്റ്റോപ് എന്റര്‍ടെയ്നര്‍ ക്നാനായ നൈറ്റ്- 2020 കണ്ണിനു വിരുന്നാകും. പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കലാപരിപാടികളുടെ കോ - ഓര്‍ഡിനേറ്റര്‍മാരായ ജയിംസ് തിരുനെല്ലിപ്പറമ്പില്‍, ചിന്നു തോട്ടം എന്നിവര്‍ അറിയിച്ചു.

ഫാ. ജോസഫ് കുടിലില്‍, ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്ത്, സിസ്റ്റര്‍ സേവര്‍, സിസ്റ്റര്‍ അനുഗ്രഹ, സിസ്റ്റര്‍ ജസീന, കെസിസിഎന്‍എ റീജനല്‍ വൈസ് പ്രസിഡന്റ് അലക്സാണ്ടര്‍ കൊച്ചുപുരയ്ക്കല്‍, കെസിസിഎന്‍എ വനിതാ ഫോറം വൈസ് പ്രസിഡന്റ് ഡെല്ലാ നെടിയകാലായില്‍, കെസിഎസ് ലെയ്സണ്‍ ബോര്‍ഡ് ചെയര്‍മാന്‍ മൈക്കിള്‍ മാണിപറമ്പില്‍, കെസിഎസ് ലെജിലേറ്റീവ് ബോര്‍ഡ് ചെയര്‍മാന്‍ ടോമി അമ്പേനാട്ട് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

കെസിഎസ് ഭാരവാഹികളായ മേയാമ്മ വെട്ടിക്കാട്ട്, ജോണ്‍ പാട്ടപതി, ജോസ് തൂമ്പനാല്‍, സ്റ്റീഫന്‍ ചൊള്ളമ്പേല്‍, കെസിഎസ് പോഷകസംഘടനാ ഭാരവാഹികള്‍, ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

റോയി ചേലമലയില്‍

Comments