ക്രിസ്തുമസ്: രക്ഷാകരാനുഭവത്തിന്റെ പങ്കുചേരല്‍

posted Dec 24, 2010, 2:43 AM by Knanaya Voice   [ updated Dec 24, 2010, 2:51 AM ]
ലോകമെങ്ങും ക്രിസ്തുവിനെ വരവേല്‍ക്കുവാന്‍ ഒരുങ്ങിയിരിക്കുന്ന ഈ അവസരത്തില്‍ ക്രിസ്തുമസ്സ് ആഘോഷങ്ങളുടെ പ്രസക്തിയെക്കുറിച്ച് ചിന്തിക്കുന്നത് നന്നായിരിക്കും. ദൈവത്തിന്റെ രക്ഷാകരാനുഭവത്തിന്റെ പങ്കുചേരലാണ് ക്രിസ്തുമസ്സ്. സ്നേഹത്തിന്റെയും, ത്യാഗത്തിന്റെയും ഭാവമായി പൂര്‍ണ്ണതയുടെ സ്വര്‍ഗ്ഗം വിട്ട് ഈ ഭൂമിയില്‍ നമ്മോടൊത്ത് വസിക്കുവാന്‍ വന്ന യഥാര്‍ത്ഥ സ്നേഹത്തിന്റെ ആഘോഷമാണ് ക്രിസ്തുമസ്സ്. ഇമ്മാനുവേല്‍ അഥവാ 'ദൈവം നമ്മോടുകൂടെ' എന്നതാണ് ക്രിസ്തുമസ്സിന്റെ സന്ദേശം. ക്രിസ്തു നമ്മോടുകൂടെ ഉണ്ടെങ്കില്‍ നമുക്ക് ആഘോഷത്തിന്റെ ദിനങ്ങളാണ്. ജാതി-മത വ്യത്യാസമില്ലാതെ എല്ലാ മാനവരും ഈശ്വരനില്‍ സന്തോഷവും സമാധാനവും കണ്ടെത്തുന്നു. മനുഷ്യഹൃദയങ്ങളിലാണ് ക്രിസ്തു ജനിക്കേണ്ടത്. യേശുവിന് വസിക്കുവാന്‍ നമ്മുടെ ഹൃദയങ്ങളെയാണ് നാം ഒരുക്കേണ്ടത്. ബാഹ്യമായ മറ്റുകാര്യങ്ങളെല്ലാം ആ ഒരുക്കത്തിന്റെ പ്രതീകങ്ങളായി മാറണം. നമ്മുടെ നോമ്പുകള്‍ ക്രിസ്തുവാകുന്ന രക്ഷകനെ ഹൃദയത്തില്‍ സ്വീകരിക്കുവാന്‍ വേണ്ട തയ്യാറെടുപ്പുകളുടെ ഒരുക്കദിനങ്ങളാകണം. ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍ എന്തുകൊണ്ടെന്നാല്‍ അവര്‍ ദൈവത്തെ കാണുമെന്ന് ബൈബിള്‍ നമ്മേ പഠിപ്പിക്കുന്നു. ഈശ്വരസാന്നിദ്ധ്യം നമുക്ക് മനസ്സിലാവണമെങ്കില്‍ ക്രിസ്തു ഓരോ മനുഷ്യഹൃദയങ്ങളില്‍ ജനിക്കുകയും, അവിടെ വസിക്കുകയും ചെയ്യണം. തണുപ്പുള്ള ആ രാത്രിയില്‍ ആട്ടിടയന്മാരും, രാജാക്കന്മാരും, ജ്ഞാനികളുമൊക്കെ ക്രിസ്തുവിനെ തേടിവന്നു. നാം നമ്മുടെ അയല്‍ ഭവനങ്ങളില്‍, സമൂഹത്തിലെ താഴെത്തട്ടില്‍ ഉള്ളവരില്‍, ദരിദ്രരില്‍, അനാഥരില്‍, ക്രിസ്തുവിനെ അന്വേഷിക്കണം. അവിടെ തണുത്തുവിറച്ച് ഭക്ഷ്യപാനീയങ്ങളില്ലാതെ കിടക്കുന്ന ഉണ്ണികള്‍ ഉണ്ടോയെന്ന് അന്വേഷിക്കണം. ഒരു പക്ഷെ അവിടെ ഉണ്ണിയേശുവിനെ നമുക്ക് കാണുവാന്‍ സാധിച്ചേക്കാം. നമ്മുടെ സമൃദ്ധിയില്‍ സന്തോഷിച്ചുകൊണ്ടല്ല നാം ക്രിസ്തുവിനെ അന്വേഷിക്കേണ്ടത്. ക്രിസ്തുമസ്സ് നക്ഷത്രങ്ങള്‍, ക്രിസ്തുമസ്സ് കാര്‍ഡുകള്‍, ട്രീകള്‍, വര്‍ണ്ണശബളമായ അലങ്കാര ദീപങ്ങള്‍, ഗിഫ്റ്റുകള്‍ വാങ്ങികൊടുക്കല്‍ ഇവയിലൊന്നുമല്ല ക്രിസ്തു വസിക്കുന്നത്. ഇവയൊക്കെയും ബാഹ്യമായ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്ന അലങ്കാരങ്ങള്‍ മാത്രമാണ്. ക്രിസ്തുവിനെ സ്വീകരിക്കുവാന്‍ നാം ചെയ്യേണ്ടത് ഈ കാര്യങ്ങളുമല്ല. പിന്നെയോ വിശക്കുന്നവന് ഭക്ഷണം നല്‍കുവാനും, കരയുന്നവന്റെ കണ്ണീര്‍ ഒപ്പുവാനും, നഗ്നനെ ഉടുപ്പിക്കുവാനും, ഭവനരഹിതനെ താമസിപ്പിക്കുവാനും, ദുഃഖിതന് സാന്ത്വനമേകുവാനും നമുക്ക് കഴിയണം. താന്‍ ലോകത്തിന്റെ പ്രകാശമാകുന്നുവെന്നും, തന്റെ പിന്നാലെ വരുന്നവന്‍ അന്ധകാരത്തില്‍ നടക്കുകയല്ലായെന്നും ക്രിസ്തു നമ്മേ ഉത്ബോധിപ്പിക്കുന്നു. ക്രിസ്തുവിനെ ജീവിതത്തില്‍ സ്വീകരിച്ചുകൊണ്ട് എല്ലാ അന്ധകാരത്തേയും അകറ്റുവാന്‍ നാം തയ്യാറാണോ? ദൈവം കാണിച്ചുതന്ന മാതൃക ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ട് മറ്റുള്ളവരെ സഹായിക്കുവാന്‍ നമുക്ക് സാധിക്കണം. ആരോടും പിണക്കമില്ലാതെ, പരിഭവങ്ങളില്ലാതെ മറ്റുള്ളവരുടെ നന്മകളില്‍ സന്തോഷിക്കുന്നവരായി മാറുന്നതോടൊപ്പം ക്രിസ്തുമസ് ദിനങ്ങളില്‍ സമ്മാനങ്ങള്‍ വാങ്ങിക്കുമ്പോള്‍ ഒരു നേരത്തെ ഭക്ഷണം പോലുമില്ലാതെ ജീവിക്കുന്നവരെക്കൂടി നാം ഓര്‍ക്കണം. അവരെ സഹായിക്കുവാന്‍ കഴിയുന്ന നല്ല മനസ്സിന്റെ ഉടമകളായി മാറുവാന്‍ നമുക്ക് സാധിക്കണം. ജാതി-മത വ്യത്യാസമില്ലാതെ ക്രിസ്തുമസ്സിന്റെ ശരിയായ ദൂത് എല്ലാവരിലും പ്രകടമായി കാണുവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. മാലിന്യമില്ലാതെ തൂമഞ്ഞു ചെയ്യുന്ന ഈ ക്രിസ്തുമസ്സ് ദിനങ്ങളില്‍ നിര്‍മ്മലമായ ഹൃദയത്തിന്റെ ഉടമകളായി ക്രിസ്തുവിനെ വരവേല്‍ക്കാന്‍ നമുക്ക് ഒരുങ്ങാം. എല്ലാവര്‍ക്കും ക്രിസ്തുമസ്സിന്റെയും, പുതുവത്സരത്തിന്റെയും മംഗളാശംസകള്‍ നേര്‍ന്നുകൊണ്ട് സ്നേഹത്തോടെ,

ആര്‍ച്ച് ബിഷപ്പ് സില്‍വാനോസ് അയൂബ് മെത്രാപ്പോലീത്ത
Comments