ഷിക്കാഗോ: കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തോളം ഷിക്കാഗോ മലയാളി സമൂഹത്തിന്റെ സാമൂഹിക സാംസ്ക്കാരിക ജീവിതത്തിന്റെ ഭാഗമായിരുന്ന പ്രശസ്ത സിനിമാ-സീരിയല്‍ താരം കുമരകം രഘുനാഥിനും പത്നി പ്രശസ്ത നര്‍ത്തകിയും ഡബിംഗ് ആര്‍ട്ടിസ്റ്റും നൃത്താദ്ധ്യാപികയുമായ ബിന്ദു രഘുനാഥിനും ഷിക്കാഗോ പൌരാവലി സ്നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി. ഫെബ്രുവരി 19-ാം തീയതി ശനിയാഴ്ച വൈകിട്ട് മോര്‍ട്ടണ്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ പള്ളിഹാളിലാണ് യാത്രയയപ്പ് സമ്മേളനം നടത്തപ്പെട്ടത്. അമേരിക്കയിലെ അരദശാബ്ദത്തെ കലാപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥിര താമസത്തിനും കലാസപര്യയുടെ തുടര്‍ച്ചയ്ക്കുമായി നാട്ടിലേയ്ക്ക് തിരിച്ചുപോകുന്ന താരദമ്പതികള്‍ക്ക് ആശംസകള്‍ അര്‍പ്പിക്കുന്നതിനും, നന്ദിയുടെയും, കടപ്പാടിന്റെയും നിറഹൃദയങ്ങളുമായി സമൂഹത്തിന്റെ വിവിധ തുറകളില്‍പ്പെട്ട നിരവധി പ്രമുഖ വ്യക്തികള്‍ എത്തിച്ചേര്‍ന്നു. ആര്‍ട്ടിസ്റ്റ് നാരായണന്‍ കുട്ടപ്പന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, വിവിധ സംഘടനകളേയും പ്രസ്ഥാനങ്ങളേയും പ്രതിനിധീകരിച്ച് നിരവധി നേതാക്കള്‍ ആശംസകള്‍ അര്‍പ്പിച്ചു. റവ. ഫാ. എബ്രാഹം മുത്തോലത്ത് (വികാരി, സെന്റ് മേരീസ് ക്നാനായ കാത്തലിക് ചര്‍ച്ച്) ജോണ്‍ സി. ഇലയ്ക്കാട് (സാഹിത്യവേദി), ഷാജന്‍ ആനിത്തോട്ടം (ഇല്ലിനോയി മലയാളി അസോസിയേഷന്‍), സ്റ്റാന്‍സി, ബിജു സഖറിയാ (ഇന്‍ഡ്യ പ്രസ് ക്ളബ്ബ്), ജോയിച്ചന്‍ പുതുക്കുളം (ഫ്രീലാന്‍ഡ് ജേര്‍ണലിസ്റ്റ്), ഡോ. ബിനു ഫിലിപ്പ്, സൈമണ്‍ ചാക്കോ (മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍), ഡോ. ശ്രീധരന്‍ കര്‍ത്താ, രവി കുട്ടപ്പന്‍, ചാക്കോ മറ്റത്തിപ്പറമ്പില്‍ (ഷിക്കാഗോ മലയാളി അസോസിയേഷന്‍) എന്നിവര്‍ രഘുനാഥിന്റെയും പത്നിയുടെയും കലാരംഗത്തെ സംഭാവനകളെ അനുസ്മരിക്കുരയും വിജയകരമായൊരു കലാജീവിതം ജന്മനാട്ടില്‍ ഉണ്ടാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. നേഹാ ഹരിദാസ് പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. ഹൃദ്യവും ഊഷ്മളവുമായ സമ്മേളനം സംഘടിപ്പിച്ച നാരായണന്‍ കുട്ടപ്പനെ ഏവരും അഭിനന്ദിച്ചു. കുമരകം രഘുനാഥ് നടത്തിയ മറുപടി പ്രസംഗത്തില്‍, ഇത്തരമൊരു യാത്രയയപ്പ് സംഘടിപ്പിച്ചതിനും കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം തനിക്കും കുടുംബത്തിനും ഷിക്കാഗോയിലെ പ്രബുദ്ധരായ മലയാളി സമൂഹം നല്‍കിയ സഹകരണത്തിനും സ്നേഹാദരങ്ങള്‍ക്കും പ്രത്യേകം നന്ദി പറഞ്ഞു. സ്നേഹവിരുന്നോടെ സമ്മേളനം സമംഗളം സമാപിച്ചു. ഡൊമിനിക് ചൊള്ളമ്പേല്‍ ഫോട്ടോഗ്രാഫി കൈകാര്യം ചെയ്തു. ജോയിച്ചന്‍ പുതുക്കുളം |