ബര്‍മിങ്ങ്‌ഹാം: ഇംഗ്ലണ്ടിലെ കൂടല്ലൂര്‍ നിവാസികള്‍ കൂടല്ലൂര്‍ സെന്റ് മേരീസ് പള്ളിയിലെ പ്രധാന തിരുനാള്‍ നടത്തുന്നു. കോട്ടയം അതിരൂപതയുടെ ശതാബ്‌ദി സമാപനവര്‍ഷമായ 2012–ലെ പ്രധാന തിരുനാള്‍ നടത്തുവാനാണ് എണ്‍പതിലധികമുള്ള കൂടല്ലൂര്‍ക്കാരായ കുടുംബാംഗങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ഏഴുദിവസം നീണ്ടുനില്‍ക്കുന്ന തിരുനാളിന് കുടുംബനവീകരണധ്യാനം, കുട്ടികളുടെ ആദ്യകുര്‍ബ്ബാന സ്വീകരണം, വയലാര്‍ രവിയും, ശശി തരൂരും മുഖ്യാതിഥികളാകുന്ന പ്രവാസി സംഗമം, ഇടവകക്കാരായ വൈദികര്‍ക്ക് സ്വീകരണവും കുര്‍ബ്ബാനയും, ഇടവകജനമൊരുക്കുന്ന കലാസന്ധ്യ, കൂടാരയോഗവാര്‍ഷികവും മതബോധന സമ്മേളനവും, പരിശുദ്ധ കുര്‍ബ്ബാനയുടെ പ്രദിക്ഷണം, പാരീഷ് ഡയറക്‌ടറി പ്രകാശനം, വിവിധ റീത്തില്‍പ്പെട്ട മത മേലദ്ധ്യക്ഷന്മാര്‍ക്ക് സ്വീകരണം എന്നിവയാണ് പ്രധാന പരിപാടികള്‍. 30 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന തിരുനാളിന് പ്രസുദേന്തികളെല്ലാവരും ഒരേ വിമാനത്തിലായിരിക്കും കൊച്ചിയില്‍ എത്തുക. തുടര്‍ന്ന് എല്ലാവരും സ്‌പേഷ്യല്‍ ബസില്‍ യാത്രതിരിച്ച് കൂടല്ലൂര്‍ കവലയിലെ സ്വീകരണം ഏറ്റുവാങ്ങും. പ്രധാന തിരുനാള്‍ ദിനത്തിലും, തലേദിവസത്തെ രാത്രി പ്രദക്ഷണത്തിലും തിരുനാള്‍ പ്രസുദേന്തിമാര്‍ ഒരേ തരത്തിലുള്ള വസ്ത്രമണിയും. തിരുനാള്‍ പ്രസുദേന്തിമാരാകുവാന്‍ അഗ്രഹിക്കുന്നവരും, കൂടുതല്‍ വിവരങ്ങള്‍ അറിയുവാനും ബെന്നി മാവേലിയുമായി ബന്ധപ്പെടേണ്ടതാണ്. സഖറിയാ പുത്തെന്‍കളം |