മണികിലുക്കം 2010 മലയാളികളുടെ സാന്നിദ്ധ്യംകൊണ്ട് ശ്രദ്ധേയമായി

posted Nov 21, 2010, 4:03 AM by Knanaya Voice   [ updated Nov 21, 2010, 9:20 PM by Saju Kannampally ]
മെല്‍ബണ്‍: ഗ്ളോബല്‍ മലയാളി കൌണ്‍സില്‍ ഓസ്ട്രേലിയ പ്രൊവിന്‍സ്സിന്റെ ആഭിമുഖ്യത്തില്‍ മെല്‍ബണിലെ ക്വിസ്സ് ബ്രോ സെര്‍ബിയന്‍ ഹാളില്‍ നടന്ന മണികിലുക്കം 2010 മെഗാഷോ ജനസാന്നിദ്ധ്യംകൊണ്ട് ശ്രദ്ധേയമായി. കലാഭവന്‍മണിയും സംഘവും അസിലൈസിലും, ബ്രിസ്സ് ബെയിനിലും നടത്തിയ കലാപരിപാടികള്‍ വിജയകരമായിരുന്നെങ്കിലും മെല്‍ബണിലെ ഷോ കലാപരമായി താഴ്ന്ന നിലവാരം പുലര്‍ത്തിയത് മെല്‍ബണിലെ മലയാളികള്‍ക്ക് നിരാശ പകര്‍ന്നു. വൈകുന്നേരം 5.30 ന് ആരംഭിക്കേണ്ട പരിപാടികള്‍ കലാഭവന്‍മണിയുടെ പിടിവാശിമൂലം വൈകിയാണ് ആരംഭിച്ചത്. പരിപാടികള്‍ക്കിടയില്‍ ഇന്റര്‍വെല്‍ അനുവദിക്കാതിരുന്നതും സംഘാടകര്‍ക്കും കാണികള്‍ക്കും അതൃപ്തി ഉണ്ടാക്കി. ഗ്ളോബല്‍ മലയാളി കൌണ്‍സില്‍ സംഘടിപ്പിച്ച മണികിലുക്കം 2010 ന് തുടക്കം മുതല്‍തന്നെ ചില കേന്ദ്രങ്ങളില്‍നിന്നും എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. അതിന്റെ ഭാഗമായി കലാഭവന്‍ മണിയേയും സംഘത്തേയും ഉപയോഗിച്ച് പരിപാടികള്‍ മോശമാക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. എന്തായാലും നല്ല ഒരു കലാവിരുന്ന് ആസ്വദിക്കാന്‍ വന്ന മലയാളികള്‍ക്ക് നിരാശയായിരുന്നു ഫലം. ഗ്ളോബല്‍ മലയാളി കൌണ്‍സിലിന്റെ കമ്മറ്റി ടിക്കറ്റ് എടുത്തുവന്ന മലയാളികളോട് ഖേദം പ്രകടിപ്പിച്ചു. പരിപാടിയുടെ അവസാനഭാഗത്ത് ടിക്കറ്റ് കൂപ്പണ്‍ നറുക്കിട്ട് ഒരു പവന്റെ ഗോള്‍ഡ് കോയിന്‍ ജോസ്ക്കോ ജൂവലേഴ്സ് സ്പോണ്‍സര്‍ ചെയ്തത് കലാഭവന്‍ മണി സോബു ഫാമിലിക്ക് സമ്മാനിച്ചു. രണ്ടാം സമ്മാനമായി 5000 രൂപയുടെ പുളിമൂട്ടില്‍ സില്‍ക്ക് ഹൌസ് സ്പോണ്‍സര്‍ ചെയ്ത ഗിഫ്റ്റ് കൂപ്പണ്‍ ലൌലി ജോര്‍ജ്ജ് ഫാമിലിക്ക് കലാഭവന്‍ മണി സമ്മാനിച്ചു. കലാപരിപാടിയുടെ തുടക്കത്തില്‍ ബിനോയി ഉഴവൂര്‍ ആലപിച്ച ഈശ്വരപ്രാര്‍ത്ഥനാ ഗാനം ഏവരും ഹൃദയത്തില്‍ ഏറ്റുവാങ്ങി. ഗ്ളോബല്‍ മലയാളി കൌണ്‍സില്‍ നടത്തിയ മണികിലുക്കം ജനങ്ങളുടെ സഹകരണംകൊണ്ട് വിജയമായി. അടുത്ത പരിപാടി കലാമൂല്യം ഊന്നല്‍ നല്‍കിക്കൊണ്ടായിരിക്കും നടത്തുക എന്ന് കോ-ഓര്‍ഡിനേറ്റര്‍മാരായ ബിറ്റു തോമസും, സജി തൈപ്പറമ്പനം അറിയിച്ചു. ഇപ്രാവശ്യം പൊതുജനങ്ങള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടിന് കമ്മറ്റിക്കുവേണ്ടി സെക്രട്ടറി ജോസ് എം. ജോര്‍ജ്ജ് ഖേദം പ്രകടിപ്പിച്ചു. ഗ്ളോബല്‍ മലയാളി കൌണ്‍സിലിന്റെ ഭാരവാഹികളായ റെജി പാറയ്ക്കല്‍, ഡോ. ജോയി മണവാളന്‍, രാജന്‍ ബേബി, സിബി എബ്രാഹം, ഗിരീഷ് നായര്‍, ജോര്‍ജ്ജ് എബ്രാഹം, സെബാസ്റ്യന്‍ ജേക്കബ്, അലക്സ് കുന്നത്ത്, ബിനോയി ജോര്‍ജ്ജ്, ആഷിഷ് സിറിയക്, ബേബി സിറിയക് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി

റെജി പാറയ്ക്കല്‍

 

Comments