ചിക്കാഗോ: പ്രഥമ പ്രവാസി ക്നാനായ കത്തോലിക്കാ ഇടവകയായ ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് പള്ളിയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന മതബോധന സ്ക്കൂള്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് സന്ദര്‍ശിച്ചു. ഈ വര്‍ഷം ജൂണ്‍ 12 ന് ഞായറാഴ്ച പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനൊരുങ്ങുന്ന കുട്ടികളുടെ പരിശീലന പരിപാടികള്‍ നേരില്‍ കാണുകയും കുട്ടികള്‍ക്ക് മാര്‍ അങ്ങാടിയത്ത് ക്ളാസെടുക്കുകയും ചെയ്തു. വിശ്വാസം, വിശ്വസ്തത എന്നീ മൂല്യങ്ങളെ കാത്തുസൂക്ഷിച്ചുകൊണ്ട് ഉത്തമ ക്രൈസ്തവരായി വളരുവാന്‍ ബിഷപ്പ് ആഹ്വാനം ചെയ്തു. അതിനുള്ള പരിശീലന കളരികളാണ് മതബോധന ക്ളാസുകള്‍. ദിവ്യകാരുണ്യത്തെക്കുറിച്ചും, കൂദാശകളുടെ പ്രാധാന്യത്തെക്കുറിച്ചും മാര്‍ അങ്ങാടിയത്ത് കുട്ടികള്‍ക്ക് അറിവ് പകര്‍ന്നു.
ആദ്യ കുര്‍ബാന സ്വീകരണത്തിനായി കുട്ടികള്‍ക്ക് വിദഗ്ദ്ധ പരിശീലനം നല്‍കുന്ന മതാദ്ധ്യാപകരായ റജീന മടയനകാവില്‍, ബിനോയ് കിഴക്കനടിയില്‍, സൂരജ് കോലടിയില്‍, സിന്ധ്യ നെടിയകാലായില്‍, റ്റോണി മടയനകാവില്‍ എന്നിവരെയും മാതാപിതാക്കളേയും ബിഷപ്പ് അഭിനന്ദിച്ചു. ഇടവക വികാരി മോണ്‍. അബ്രാഹം മുത്തോലത്ത് സ്വാഗതവും സീമ തേക്കുംകാട്ടില്‍ കൃതജ്ഞതയും പറഞ്ഞു. തുടര്‍ന്നു നടന്ന സ്നേഹവിരുന്നില്‍ ബിഷപ്പിനോടൊപ്പം, മോണ്‍. അബ്രാഹം മുത്തോലത്ത്, പ്രധാനാദ്ധ്യാപകരായ ജോണി തെക്കേപ്പറമ്പില്‍, സാബു മുത്തോലത്ത്, ഇടവക ട്രസ്റിമാരായ ജോയി വാച്ചാച്ചിറ, ഫിലിപ്പ് കണ്ണോത്തറ, സണ്ണി മുത്തോലത്ത്, പി.ആര്‍.ഒ ജോസ് കണിയാലി, സെക്രട്ടറി ജോസ് താഴത്തുവെട്ടത്ത്, മാതാപിതാക്കള്‍, കുട്ടികള്‍ എന്നിവര്‍ പങ്കെടുത്തു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ റ്റീന കോലടിയുടെ നേതൃത്വത്തില്‍ ആദ്യകുര്‍ബാന സ്വീകരിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ സ്വീകരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. റിപ്പോര്‍ട്ട് : ജോസ് കണിയാലി |