മാര്‍ ജോസഫ്‌ പണ്ടാരശേരിക്ക് ഷിക്കാഗോയിലെ ഇരു ദേവാലയങ്ങളിലും ഉജ്വല വരവേല്പ്

posted Dec 5, 2010, 9:40 PM by Saju Kannampally   [ updated Dec 6, 2010, 2:18 PM ]

സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍നിന്നും വിദ്യാഭ്യാസഫണ്ടിലേക്ക്‌ 65,000 -ല്‍ പരം ഡോളര്‍ സമാഹരിച്ചു


ഷിക്കാഗോ: കോട്ടയം അതിരൂപതയുടെ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി അതിരൂപതയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ സഹായത്തിനായി രൂപംകൊടുത്ത വിദ്യാഭ്യാസ സഹായ ഫണ്ടിന്റെ ധനസമാഹരണത്തിന്റെ ഭാഗമായി മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ എത്തിയ കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശേരിലിന്‌ ഇടവക ജനങ്ങള്‍ ഊഷ്‌മളമായ വരവേല്‍പ്‌ നല്‍കി. രാവിലെ ഒമ്പതിന്‌ നടന്ന സമൂഹബലിയില്‍ മാര്‍ ജോസഫ്‌ പണ്ടാരശേരില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്‌, ഫാ. ജോസ്‌ ഇല്ലിക്കുന്നുംപുറത്ത്‌ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ദിവ്യബലിക്കുശേഷം വചനശുശ്രൂഷയ്‌ക്ക്‌ പ്രത്യേകം പരിശീലനം ലഭിച്ചവര്‍ക്ക്‌ കൊച്ചുപിതാവ്‌ ആശീര്‍വാദം നല്‍കി അനുഗ്രഹിച്ചു. 1500 ലധികം പേര്‍ ദിവ്യബലിയില്‍ പങ്കെടുത്തിരുന്നു.
അതിരൂപതയുടെ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന വിദ്യാഭ്യാസ പദ്ധതി, ഇന്‍ഷുറന്‍സ്‌ പദ്ധതി എന്നിവയെക്കുറിച്ച്‌ മാര്‍ പണ്ടാരശേരില്‍ വിശദീകരിച്ചു. തുടര്‍ന്ന്‌ റ്റോമി – ഷേര്‍ളി നെല്ലാമറ്റത്തില്‍ നിന്ന്‌ 5000 ഡോളറിന്റെ ചെക്ക്‌ സ്വീകരിച്ചുകൊണ്ട്‌ സെന്റ്‌ മേരീസിലെ ധനസമാഹരണം ഉദ്‌ഘാടനം ചെയ്‌തു. പിനാ മണപ്പള്ളി അഗാപ്പേ മൂവ്‌മെന്റിന്റെ ഭാഗമായി 2500 ഡോളറും, വിമന്‍സ്‌ ഫോറം കോ ഓര്‍ഡിനേറ്റര്‍ മേഴ്‌സി ഇടയാലില്‍ 1500 ഡോളറും കൊച്ചുപിതാവിനെ ഏല്‌പിച്ചു. 470-ല്‍ പരം മതബോധന കുട്ടികള്‍ ഈ പദ്ധതിയില്‍ സഹകരിച്ചുകൊണ്ട്‌ കൊച്ചുപിതാവിന്‌ തുകകള്‍ നല്‍കിക്കൊണ്ട്‌ ആശീര്‍വാദം സ്വീകരിച്ചു. പിന്നീട്‌ ഇടവകയിലെ മുഴുവന്‍ ജനങ്ങളും ധനസമാഹരണത്തില്‍ പങ്കുചേര്‍ന്നുകൊണ്ട്‌ സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍നിന്നും വിദ്യാഭ്യാസഫണ്ടിലേക്ക്‌ 65,000 -ല്‍ പരം ഡോളര്‍ സമാഹരിച്ചു നല്‍കി. ഫണ്ട്‌ സമാഹരണത്തിന്‌ ട്രസ്റ്റി കോഓര്‍ഡിനേറ്റര്‍ ബിജു കിഴക്കേക്കുറ്റ്‌, പീറ്റര്‍ കുളങ്ങര, സാബു തറത്തട്ടേല്‍, ജോയിസ്‌ മറ്റത്തില്‍കുന്നേല്‍, സെക്രട്ടറി സാജു കണ്ണംപള്ളി, പി.ആര്‍.ഒ. റോയി നെടുംചിറ എന്നിവര്‍ ചേര്‍ന്ന്‌ നേതൃത്വം കൊടുത്തു.

റോയി നെടുംചിറ


നല്ല വാര്‍ത്തകള്‍ പ്രചരിപ്പിക്കുക :  മാര്‍ പണ്ടാരശ്ശേരില്‍

ചിക്കാഗോ: സമൂഹത്തിന്റെയും കുടുംബങ്ങളുടെയും നന്മയ്ക്കായി മംഗളവാര്‍ത്തക്കാലത്തിന്റെ പ്രചാരകരായി മാറുവാന്‍ കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ആഹ്വാനം ചെയ്തു.  മറ്റുള്ളവരിലെ നന്മകള്‍ കാണുവാനും നല്ല വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും നോയമ്പുകാലത്ത് പ്രത്യേകം പരിശ്രമിക്കണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ക്നാനായ കാത്തലിക്  ഇടവകയിലെ വിശ്വാസസമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ബിഷപ്പ്. മാര്‍ ജോസഫ് പണ്ടാരശ്ശേരിയുടെ  മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന സമൂഹബലിയില്‍ ഇടവക വികാരി മോണ്‍. അബ്രാഹം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്ത് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. സേക്രട്ട് ഹാര്‍ട്ട് ക്നാനായ ഇടവകയുടെ രൂപീകരണം വടക്കേ അമേരിക്കയില്‍ മറ്റ് ക്നാനായ ഇടവകകളുടെ  രൂപീകരണത്തിന് പ്രചോദനവും വഴികാട്ടിയുമായിത്തീര്‍ന്നതായി മാര്‍ പണ്ടാരശ്ശേരില്‍ അനുസ്മരിച്ചു. ബിഷപ്പിന്റെ സേക്രട്ട് ഹാര്‍ട്ട് ഇടവക സന്ദര്‍ശനത്തിന്റെ ക്രമീകരണങ്ങള്‍ക്ക് ഇടവക ട്രസ്റിമാരായ ജോയി വാച്ചാച്ചിറ, സണ്ണി മുത്തോലത്ത്, ഫിലിപ്പ് കണ്ണോത്തറ, അലക്സ് കണ്ണച്ചാംപറമ്പില്‍, പി.ആര്‍.ഒ. ജോസ് കണിയാലി, സെക്രട്ടറി ജോസ് താഴത്തുവെട്ടത്ത്, വിമന്‍സ് മിനിസ്ട്രി ഭാരവാഹികളായ ഡോളി പുത്തന്‍പുരയില്‍, ഡെന്നി പുല്ലാപ്പള്ളില്‍, ഗ്രേസി വാച്ചാച്ചിറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


ജോസ് കണിയാലി
















Comments