മാര്‍ക്കിന്റെ 'ഔട്ട്സ്റ്റാന്‍ഡിംഗ് അച്ചീവ്മെന്റ്' അവാര്‍ഡ് ജോസ് കണിയാലിക്ക്

posted Oct 26, 2010, 7:28 AM by Saju Kannampally   [ updated Oct 26, 2010, 7:36 AM ]
മാര്‍ക്ക് ഔട്ട്സ്റ്റാന്‍ഡിംഗ് അവാര്‍ഡ് നേടിയ ജോസ് കണിയാലിക്ക് മാര്‍ക്ക് പ്രസിഡന്റ് ഫിലിപ്പ് കുന്നേല്‍, സെക്രട്ടറി വിജയന്‍ വിന്‍സെന്റ് എന്നിവര്‍ ചേര്‍ന്ന് പ്രശംസാഫലകം സമ്മാനിക്കുന്നു. ജെസി റിന്‍സി, ടോം കാലായില്‍, റെന്‍ജി  വര്‍ഗീസ്, ജോസ് കല്ലിടുക്കില്‍, സ്കറിയാക്കുട്ടി തോമസ്, ഫിലിപ്പ് സ്റീഫന്‍, ഷൈനി ഹരിദാസ്, ജോര്‍ജ് പ്ളാംമൂട്ടില്‍, ശിവപ്രസാദ് പിള്ള, റെജിമോന്‍ ജേക്കബ്, സാംസണ്‍ വര്‍ക്കി എന്നിവരാണ് സമീപം.
 
 
 

ചിക്കാഗോ: മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിറേറ്ററി കെയറിന്റെ ഈ വര്‍ഷത്തെ 'ഔട്ട്സ്റ്റാന്‍ഡിംഗ് അച്ചീവ്മെന്റ്' അവാര്‍ഡിന് അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കേരള എക്സ്പ്രസ് എക്സിക്യൂട്ടീവ് എഡിറ്ററുമായ ജോസ് കണിയാലി അര്‍ഹനായി. ഒക്ടോബര്‍ 23 ന് മോര്‍ട്ടന്‍ ഗ്രോവിലെ സെന്റ് മേരീസ് ക്നാനായ കാത്തലിക് പള്ളി ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ട മാര്‍ക്കിന്റെ റെസ്പിറേറ്ററി കെയര്‍ വാരാഘോഷ സമ്മേളനത്തില്‍വെച്ച് പ്രസിഡന്റ് ഫിലിപ്പ് ജോസഫ് കുന്നേല്‍, സെക്രട്ടറി വിജയന്‍ വിന്‍സെന്റ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് സമ്മാനിച്ചു.

               റെസ്പിറേറ്ററി കെയര്‍ പ്രൊഫഷണിലോ  സമൂഹത്തിന്റെ ഇതര മേഖലകളിലോ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുന്ന  റെസ്പിറേറ്ററി കെയര്‍ പ്രാക്ടീഷണേഴ്സിനായി ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ പുരസ്ക്കാരം. 2001 ല്‍ സ്ഥാപിച്ച മാര്‍ക്കിന്റെ  ആരംഭദിശയില്‍ ഉപദേശകസമിതി അംഗമായിരുന്ന  ജോസ് കണിയാലി ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, ഇന്ത്യാ പ്രസ് ക്ളബ് ചിക്കാഗോ സ്ഥാപക പ്രസിഡന്റ്,  ഇന്ത്യാ പ്രസ് ക്ളബ് ഓഫ്  നോര്‍ത്ത്  അമേരിക്കയുടെ ദേശീയ പ്രസിഡന്റ്, 2002 ലെ ഫൊക്കാന ചിക്കാഗോ കണ്‍വന്‍ഷന്‍ ജനറല്‍  കണ്‍വീനര്‍ തുടങ്ങിയ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1996 ല്‍ ചിക്കാഗോയില്‍ നടത്തപ്പെട്ട നേര്‍ത്തമേരിക്കന്‍ ക്നാനായ കണ്‍വന്‍ഷന്‍, 2002 ലെ ഫൊക്കാന കണ്‍വന്‍ഷന്‍, 2008 ലെ ഇന്ത്യാ പ്രസ് ക്ളബ് ചിക്കാഗോ കോണ്‍ഫറന്‍സ്, 2009 ലെ ഇന്ത്യാ പ്രസ് ക്ളബ് ന്യൂ ജേഴ്സി കോണ്‍ഫറന്‍സ് തുടങ്ങിയവയുടെ വിജയത്തിന് പിന്നില്‍ ജോസ് കണിയാലിയുടെ സമര്‍ത്ഥമായ നേതൃത്വമുണ്ടായിരുന്നു. 2004 ല്‍ ബാബു ചാഴികാടന്‍ ഫൌണ്ടേഷന്റെ പ്രവാസി പ്രതിഭാ പുരസ്ക്കാരത്തിനും അര്‍ഹനായി. ഇന്ത്യാ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഉപദേശക സമിതിചെയര്‍മാന്‍,  ബാബു ചാഴികാടന്‍  ഫൌണ്ടേഷന്‍ ഓഫ് നേര്‍ത്ത് അമേരിക്കയുടെ  പ്രസിഡന്റ് തുടങ്ങിയ നിലകളിലും ജോസ് കണിയാലി  ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു.

                അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് ജോസ് കണിയാലി നടത്തിയ മറുപടി പ്രസംഗത്തില്‍ മാര്‍ക്ക് നല്‍കിയ ഈ അവാര്‍ഡ് പൊതുജീവിതത്തില്‍ തനിക്ക് ലഭിച്ച ഏറ്റവും വിലപ്പെട്ട അംഗീകാരമായി കരുതുന്നുവെന്ന്  അറിയിച്ചു.  മാര്‍ക്കിന്റെ പ്രസിഡന്റുമാരായിരുന്ന  ജെയ്മോന്‍ സ്കറിയ,  ജോസഫ് ചാണ്ടി കാഞ്ഞൂപ്പറമ്പില്‍,  ജോണ്‍ ചിറയില്‍, ജോസ് കല്ലിടുക്കില്‍ തുടങ്ങിയവരുടെ ലക്ഷ്യബോധത്തോടുകൂടിയ പ്രവര്‍ത്തനമാണ്  സംഘടനയെ ശക്തിപ്പെടുത്തുവാന്‍ സഹായിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

              മാര്‍ക്ക് മുന്‍ പ്രസിഡന്റ് ജോസ് കല്ലിടുക്കിലാണ് അവാര്‍ഡ് ജേതാവിനെ സദസ്സിന് പരിചയപ്പെടുത്തിയത്. മാര്‍ക്കിനെ ശക്തമായ പ്രൊഫഷണല്‍ സംഘടനയാക്കിത്തീര്‍ക്കുന്നതില്‍ അമേരിക്കയിലെ മലയാള മാധ്യമങ്ങള്‍ നല്‍കിയ സംഭാവനകളെ അദ്ദേഹം പ്രകീര്‍ത്തിച്ചു. മാര്‍ക്ക് കോട്ടയം മെഡിക്കല്‍ കോളേജിന് നല്‍കിയ വെന്റിലേറ്റര്‍ സംഭാവനയോടനുബന്ധിച്ചും, നിര്‍ദ്ധനവിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വിദ്യാഭ്യാസ സഹായത്തോടനുബന്ധിച്ചും കോട്ടയത്ത് നടത്തിയ സമ്മേളനങ്ങളുടെ വിജയത്തില്‍ ജോസ് കണിയാലിയുടെ സുപ്രധാന പങ്ക് ജോസ് കല്ലിടുക്കില്‍ അനുസ്മരിച്ചു. മൂന്നുപതിറ്റാണ്ടോളം കേരളത്തിലെയും അമേരിക്കയിലെയും പൊതുപ്രവര്‍ത്തനരംഗത്ത് നല്‍കിയ വിലപ്പെട്ട സംഭാവനകളെ പരിഗണിച്ചാണ് മാര്‍ക്ക് ഈ അവാര്‍ഡ് നല്‍കുവാന്‍ തീരുമാനിച്ചതെന്ന് ജോസ് കല്ലിടുക്കില്‍ അറിയിച്ചു.

 റോയി ചേലമലയില്‍ (പി.ആര്‍.ഒ)

 

Comments