മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ വര്‍ക്കി വിതയത്തിലിന്റെ നിര്യാണത്തില്‍ ക്നാനായ റീജിയണ്‍ അനുശോചിച്ചു.

posted Apr 1, 2011, 5:38 PM by Knanaya Voice
ചിക്കാഗോ: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ വര്‍ക്കി വിതയത്തിലിന്റെ നിര്യാണത്തില്‍ ക്നാനായ കാത്തലിക് റീജിയണ്‍ അനുശോചനം രേഖപ്പെടുത്തി. അനുരഞ്ജനവും സമാധാനവും എന്ന മുദ്രാവാക്യത്തിലൂന്നി സീറോ മലബാര്‍ സഭയെ ഉയര്‍ച്ചയിലേയ്ക്ക് നയിച്ച ആത്മീയ പിതാവായിരുന്ന മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ വര്‍ക്കി വിതയത്തിലെന്ന് ക്നാനായ കാത്തലിക് റീജിയണ്‍ ഡയറക്ടര്‍ മോണ്‍. എബ്രാഹം മുത്തോലത്ത് അഭിപ്രായപ്പെട്ടു. ക്നാനായ കത്തോലിക്കരുടെ ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും താങ്ങും തണലുമായി പ്രവര്‍ത്തിച്ച മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ നിര്യാണത്തിലൂടെ ക്നാനായ സുമദായത്തിന് ഒരു നല്ല സുഹൃത്തിനെയാണ് നഷ്ടപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
    1996 -ല്‍ ഹൂസ്റ്റണില്‍ നടന്ന ക്നാനായ കണ്‍വെന്‍ഷനില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിനൊപ്പം പങ്കെടുത്ത് ക്നാനായ സമുദായത്തോട് തനിക്കുള്ള സ്നേഹം പ്രകടിപ്പിക്കുകയുണ്ടായി. പ്രവാസി ക്നാനായ കത്തോലിക്കര്‍ക്ക് ആദ്യമായി ഉണ്ടായ മേയ്വുഡ് ദൈവാലയത്തില്‍ 2009-ല്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് വരുകയും പ്രാര്‍ത്ഥിക്കുയും ചെയ്തത് ചരിത്രത്തിന്റെ ഭാഗമായാണ് ക്നാനായ കത്തോലിക്കര്‍ കാണുന്നതെന്ന് ക്നാനായ കാത്തലിക് റീജിയണ്‍ പുറപ്പെടുവിച്ച അനുശോചന സന്ദേശത്തില്‍ പറയുന്നു.

ജോര്‍ജ്ജ് തോട്ടപ്പുറം
Comments