നീണ്ടൂര്‍ പള്ളി തിരുനാള്‍: മാഞ്ചസ്ററിലും തിരുനാളാഘോഷം

posted Mar 4, 2010, 10:58 PM by Anil Mattathikunnel   [ updated Mar 4, 2010, 11:01 PM ]


മാഞ്ചസ്റര്‍: പ്രവാസ ജീവിതത്തിന്റെ തിരക്കിലും തങ്ങളുടെ ജീവിതത്തില്‍ അനുഗ്രഹവര്‍ഷം പൊഴിച്ചുനില്‍ക്കുന്ന മാതൃഇടവകയുടെ മദ്ധ്യസ്ഥനായ വിശുദ്ധ മിഖായേല്‍  മാലാഖയുടെ ദര്‍ശനതിരുനാള്‍ നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍  ആഘോഷപൂര്‍വ്വം കൊണ്ടാടാനുള്ള ഒരുക്കത്തിലാണ് ഇംഗ്ളണ്ടിലേയ്ക്ക് കുടിയേറിയ നീണ്ടൂര്‍ ഇടവകാംഗങ്ങള്‍. മാഞ്ചസ്ററിലെ റോമ്പഡേയിലുള്ള വിശുദ്ധ ആഗസ്തിനോമ്പിന്റെ നാമധേയത്തിലുള്ള വിശുദ്ധ ദേവാലയത്തില്‍ നീണ്ടൂരുകാര്‍ ഒന്നുചേരും. രാവിലെ 11 മണിക്ക് മാഞ്ചസ്ററിലെ സീറോ മലബാര്‍ ചാപ്ളയ്ന്‍ ഫാ. സജി മലയില്‍ പുത്തന്‍പുര നീണ്ടുരുകാരോടൊപ്പം വിശുദ്ധ ബലിയര്‍പ്പിക്കും. നീണ്ടൂര്‍ ഗ്രാമത്തെ പുളകച്ചാര്‍ത്തണിയിച്ചുകൊണ്ട് നഗരം ചുറ്റിയുള്ള പ്രദക്ഷിണം നടക്കുന്ന അതേസമയം ഗൃഹാതുരത്വസ്മരണകള്‍ അയവിറക്കി നൂറോളം കുടുംബങ്ങള്‍ വരുന്ന നീണ്ടൂരിന്റെ പ്രവാസിമക്കള്‍ തിരുനാള്‍ സ്മരണകള്‍ അയവിറക്കും. ന്യൂകാസില്‍ ബ്രദേഴ്സ് അവതരിപ്പിക്കുന്ന നാടന്‍ ചെണ്ടമേളം, ഗാനമേള, സുഹൃത്ത് സംഗമം, സ്നേഹവിരുന്ന് തുടങ്ങിയവയും പരിപാടികള്‍ക്ക് കൊഴുപ്പേകും. യു.കെ.യിലെ പ്രവാസിമലയാളികള്‍ക്കിടയില്‍ സംഘടനാ വൈഭവംകൊണ്ടും, നേതൃത്വഗുണംകൊണ്ടും ശ്രദ്ധേയരായ ഷാജി വരാക്കുടി, ഷെല്ലി ഫിലിപ്പ്, നീണ്ടൂര്‍ ബെന്നി, ജയിംസ് കലളിക്കാട്ടില്‍, സോണി തോട്ടം, അലക്സ് പള്ളിയമ്പില്‍, ജയിംസ് വട്ടക്കുന്നേല്‍ എന്നീ പ്രമുഖരാണ് പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. ബാല്യകാലത്ത് മാതാപിതാക്കളുടെ കരംഗ്രഹിച്ച് ഇടവക തിരുനാളില്‍ പങ്കെടുത്തതും യുവത്വത്തില്‍ ഈ തിരുനാള്‍ നടത്തിപ്പിന് നേതൃത്വം നല്‍കിയതുമൊക്കെ ആയുള്ള സുന്ദരസ്മരണകള്‍ നെഞ്ചിലേറ്റി മുഖ്യദൂതനായ മിഖായേല്‍ മാലാഖയുടെ അനുഗ്രഹം യാചിച്ചുകൊണ്ട് ദര്‍ശനതിരുനാളിനായി കാത്തിരിക്കുകയാണ് നീണ്ടൂരിന്റെ മക്കള്‍.
 
ഷൈമോന്‍ തോട്ടുങ്കല്‍
Comments