ഒന്‍പതാം യൂറോപ്യന്‍ ക്‌നാനായ കുടുംബമേളയ്ക്ക്‌ തുടക്കം

posted Aug 31, 2009, 6:56 PM by Saju Kannampally   [ updated Aug 31, 2009, 7:57 PM by Anil Mattathikunnel ]
 
 
റോം: മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഒന്‍പതാം യൂറോപ്യന്‍ ക്‌നാനായ കുടുംബമേളയ്ക്കു റോമില്‍ വര്‍ണാഭമായ തുടക്കം. റോമിലെ സാക്രോഫാനോയില്‍ വെള്ളിയാഴ്‌ച വൈകിട്ട്‌ ആരംഭിച്ച കുടുംബമേളയും കണ്‍വന്‍ഷനും കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശേരില്‍ തിരി തെളിച്ച്‌ ഉദ്‌ഘാടനം ചെയ്‌തു.

കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ രാജു മുളയ്ക്കപറമ്പിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സുപ്രീം കോടതി ജഡ്‌ജി ജ്‌സ്‌റ്റിസ്‌ സിറിയക്‌ ജോസഫ്‌, നാഗ്‌പൂര്‍ അതിരൂപതാ അധ്യക്ഷന്‍ മാര്‍ ഏബ്രഹാം വിരുത്തിക്കുളങ്ങര, മിയാമി രൂപതാ അധ്യക്ഷന്‍ മാര്‍ ജോര്‍ജ്‌ പള്ളിപറമ്പില്‍, റോഷി അഗസ്‌റ്റിന്‍ എംഎല്‍എ, മോണ്‍. തോമസ്‌ കുരിശുംമൂട്ടില്‍, 
മോണ്‍. ലൂയി ബ്രിസ്‌തോര്‍ത്താ, സാബു മന്നാകുളം, ജോയി നെടിയകാലായില്‍, ലൂക്ക്‌ ചക്കാലപ്പടവില്‍, ജോര്‍ജ്‌ നെല്ലാമറ്റം, ടോമി മൂര്‍ത്തിക്കല്‍, ജയിംസ്‌ മാവേലി, ഡോ. പുന്നൂസ്‌ പാലക്കാട്ട്‌ എന്നിവര്‍ പ്രസംഗിച്ചു.

നേരത്തേ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍നിന്നെത്തിയ 500ലധികം പ്രതിനിധികള്‍ അവരവരുടെ രാജ്യങ്ങളുടെ പതാകയ്ക്കു പിന്നില്‍ അണിനിരന്നു നടത്തിയ നഗരി ചുറ്റിയ ഘോഷയാത്ര പ്രകമ്പനം കൊള്ളിച്ചു. ചട്ടയും മുണ്ടും ധരിച്ച ക്‌നാനായ യുവതികളും താലപ്പൊലിയേന്തിയ ബാലികമാരും വാദ്യമേളങ്ങളും നടവിളികളും ഘോഷയാത്രയ്ക്കു മാറ്റുകൂട്ടി. തുടര്‍ന്നു വിശുദ്ധ പത്താം പീയൂസ്‌ നഗറില്‍ മിയാമി രൂപതാ അധ്യക്ഷന്‍ മാര്‍ ജോര്‍ജ്‌ പള്ളിപറമ്പില്‍ കണ്‍വന്‍ഷന്റെ പതാക ഉയര്‍ത്തി.

വൈകിട്ടു ക്‌നാനായ തനിമ വിളിച്ചോതുന്ന കലാസന്ധ്യ നടന്നു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. കണ്‍വന്‍ഷനോടനുബന്ധിച്ചു ചര്‍ച്ചകളും സെമിനാറുകളും കായികമേളയും നടത്തപ്പെട്ടു. യൂറോപ്യന്‍ രാജ്യങ്ങളിലെ ക്‌നാനായക്കാരുടെ പ്രശ്‌നങ്ങളും വെല്ലുവിളികളും ഭാവി ജീവിതത്തെയും ആസ്‌പദമാക്കി മോണ്‍. ഏബ്രഹാം മുത്തോലത്ത്‌ പ്രബന്ധം അവതരിപ്പിച്ചു. വിവിധ പരിപാടികളോടെ കുടുംബമേള ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ ഇവിടെ സമാപിക്കും. 

കൈപ്പുഴ ജോണ്‍ മാത്യു 

 
 
Comments