ഫാ. സജി തോട്ടത്തില്‍ ഇഗ്ല്ണ്ടില്‍ പൗരോഹിത്യത്തിന്റെ പതിറ്റാണ്ട്‌ പിന്നിടുന്നു

posted Jan 4, 2010, 10:04 AM by Anil Mattathikunnel   [ updated Jan 8, 2010, 2:27 AM by Unknown user ]
ഇംഗ്ലണ്ടിലെ കത്തോലിക്കാ വിശ്വാസികള്‍ക്ക്‌ ആത്മീയ നേതൃത്വം നല്‍കുന്ന ന്യൂകാസിലിലെ ഫാ. സജി തോട്ടത്തില്‍ ഇഗ്ല്ണ്ടില്‍ പൌരോഹിത്യത്തിന്റെ പതിറ്റാണ്ട്‌ പിന്നിടുന്നു. 1973 സെപ്‌റ്റംബര്‍ 20–ാം തീയതി കോട്ടയം അതിരൂപതയില്‍പ്പെട്ട അട്ടപ്പാടി രാജഗിരി സെന്റ്‌ സ്റ്റീഫന്‍സ്‌ പള്ളി ഇടവകാംഗങ്ങളായ ലൂക്കോസ്‌– മേരി ദമ്പതികളുടെ നാലു മക്കളില്‍ മൂന്നാമനായിട്ടാണ്‌ അച്ചന്റെ ജനനം. സൈമണ്‍ എന്ന ക്രിസ്‌തീയ നാമം സ്വീകരിച്ച അച്ചന്‍ രാജഗിരി സെന്റ്‌ സ്റ്റീഫന്‍സ്‌ എല്‍.പി. സ്‌കൂള്‍, ഗവ. യുപി സ്‌കൂകള്‍ കൂക്കംപാളയം, സെന്റ്‌ പീറ്റേഴ്സ്‌ കോണ്‍വെന്റ്‌ ഹൈസ്‌കൂള്‍ കൂക്കംപാളയം എന്നിവിടങ്ങളില്‍നിന്നാണ്‌ സ്‌കൂള്‍ വിദ്യാഭ്യാസം നേടിയത്‌.

അതിനിടെ ദൈവവിളി തിരിച്ചറിഞ്ഞ്‌ കോട്ടയം അതിരൂപതയുടെ കീഴിലുള്ള മിഷണറീസ്‌ ഓഫ്‌ പയസ്‌ ടെന്‍തില്‍ ചേര്‍ന്നു. കോട്ടയം സേക്രട്ട്‌ ഹാര്‍ട്ട്‌ മൌണ്ടിലുള്ള മൈനര്‍ സെമിനാരിയില്‍ വൈദിക പഠനം തുടങ്ങിയ അച്ചന്‍ തുടര്‍ന്ന്‌ ആലുവ സെന്റ്‌ ജോസഫ്‌ പൊന്തിഫിക്കല്‍ സെമിനാരിയില്‍നിന്ന്‌ തിയോളജി, ഫിലോസഫി എന്നിവയും പൂര്‍ത്തിയാക്കി. തുടര്‍ന്ന്‌ റീജന്‍സി കാലത്ത്‌ നാഗലാന്‍ഡ്‌ രൂപതയിലെ കൊഹിമ രൂപതയുടെ മൈനര്‍ സെമിനാരിയില്‍ വൈദിക വിദ്യാര്‍ഥികള്‍ക്ക്‌ അധ്യാപകനായും ജോലി ചെയ്‌തു.

തിരിച്ച്‌ ആലുവ സെമിനാരിയില്‍ എത്തി പഠനം പൂര്‍ത്തിയാക്കുകയും 1999 ഡിസംബര്‍ 27–ാം തീയതി കോട്ടയം ക്രിസ്‌തുരാജ കത്തീഡ്രലില്‍ അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ടില്‍നിന്നും വൈദിക പട്ടം സ്വീകരിക്കുകയും പ്രഥമ ദിവ്യബലിയര്‍പ്പിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ കിടങ്ങൂള്‍ സെന്റ്‌ മേരീസ്‌ പള്ളിയില്‍ എത്തി അസിസ്റ്റന്റ്‌ വികാരിയായി സേവനമനുഷഠിച്ചതിനു ശേഷം ഗുജറാത്ത്‌ ഭൂകമ്പത്തിനു ശേഷം നടന്ന റിലീഫ്‌ ക്യാമ്പുകളുടെ ചാര്‍ജ്‌ വഹിക്കുകയും ചെയ്‌തു.

പിന്നീട്‌ കേരളത്തില്‍ തിരിച്ചെത്തി നിലമ്പൂര്‍, ചുള്ളിക്കാട്‌, അമരമ്പലം, മുണ്ടേരി, എന്നിവിടങ്ങളില്‍ സേവനം അനുഷ്‌ഠിക്കവേയാണ്‌ ന്യൂകാസില്‍ ആന്‍ഡ്‌ ഹെക്‌സാം രൂപതയുടെ കാലം ചെയ്‌ത ബിഷപ്പ്‌ കെവിന്റെ അഭ്യര്‍ഥന പ്രകാരം ന്യൂകാസില്‍ രൂപതയില്‍ സേവനത്തിനെത്തുകയും ഇവിടെ ന്യൂകാസില്‍ സെന്റ്‌ ആന്‍ഡ്രൂസ്‌ പള്ളിയില്‍ അസി. വികാരിയായി നിയമിച്ചത്‌. ചെറിയ ചെറിയ വിശ്വാസ സമൂഹങ്ങളായി വളര്‍ന്നുവന്നു കൊണ്ടിരുന്ന ന്യൂകാസില്‍ നോര്‍ത്ത്‌ഷീല്‍ഡ്‌ സതര്‍ലന്‍ഡ്‌ എന്നിവിടങ്ങളിലുള്ള മലയാളികള്‍ ഉള്‍പ്പെടെയുള്ള വിശ്വാസ സമൂഹത്തിന്റെ ആത്മീയ നേതൃത്വം അച്ചന്റെ നേതൃത്വത്തില്‍ ഭംഗിയായി നടന്നു പോകുന്നു.

ന്യുകാസിലിന്റെ സമീപ പ്രദേശങ്ങളായ ഡാര്‍ലിംഗ്‌ടണ്‍, മിഡില്‍സ്‌ബ്രോ, കീത്‌ലി, എന്നിവിടങ്ങളിലും വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങള്‍ക്കും അച്ചന്‍ നേതൃത്വം നല്‍കുന്നു. എളിമയും ലാളിത്യവും വിനയവും കൈമുതലാക്കി തന്നെ ഏല്‍പ്പിച്ച ദൌത്യം ഭംഗിയായ നിര്‍വഹിക്കുന്ന ബഹുമാനപ്പെട്ട സജി അച്ചന്‌ എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു.
 
 
ഷൈമോന്‍ തോട്ടുങ്കല്‍
Comments