ഫാ.സണ്ണി കൊക്കരവാലേല്‍ റോമിലെ ഓറിയെന്റല്‍ ഇന്‍സ്‌റ്റിട്യൂട്ടിന്റെ റെക്‌ടര്‍

posted Jul 11, 2009, 6:53 PM by Anil Mattathikunnel


റോം: റോമിലെ വിഖ്യാതമായ ഓറിയെന്റല്‍ ഇന്‍സ്‌റ്റിട്യൂട്ടിന്റെ റെക്‌ടറായി ക്‌നാനായ സമുദായംഗമായ റവ.ഡോ.സണ്ണി കൊക്കരവാലേല്‍ നിയമിതനായി.ഈശോ സഭാ വൈദികരുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഓറിയെന്റല്‍ ഇന്‍സ്‌റ്റിട്യൂട്ടിന്റെ റെക്‌ടറായിരുന്ന റവ.സിറീള്‍ വേസില്‍ പൌരസ്ത്യ കാര്യാലയത്തിന്റെ സെക്രട്ടറിയും ആര്‍ച്ച്‌ ബിഷപ്പുമായി നിയമിതനായ ഒഴിവിലാണ്‌ റവ.ഡോ.സണ്ണി റെക്‌ട്രായി നിയമിതനായിരിക്കുന്നത്‌.

കോട്ടയം അതിരൂപതയിലെ വാകത്താനം ഇടവകാംഗമായ റവ.ഡോ.സണ്ണി1989 ജൂണ്‍ 19 ന്‌ ഈശോ സഭാംഗമായി. 1998 ജനുവരി 25 ന്‌ പൌരോഹിത്യം സ്വീകരിച്ച അദ്ദേഹം പൌരസ്ത്യ കാനോന്‍ നിയമത്തില്‍ ഡോക്‌ട്രേറ്റ്‌ നേടിയിട്ടുണ്ട്‌.

റോമിലെ പൊന്തിഫിക്കല്‍ ഇന്‍സ്‌റ്റിട്യൂട്ട്‌ പൌരസ്ത്യ ദൈവശാസ്ത്രത്തിന്റേയും പൌരസ്ത്യ കാനോന്‍ നിയമത്തിന്റേയും ആഗോള പഠനകേന്ദ്രമാണ്‌. 1917 ല്‍ ബനഡിക്‌റ്റ്‌ 15 മന്‍ മാര്‍പ്പാപ്പയാല്‍ സ്‌ഥാപിതമായ ഈ ഇന്‍സ്‌റ്റിട്യൂട്ടില്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന്‌ പ്രത്യേകിച്ച്‌ സീറൊ മലബാര്‍ സഭ ഉള്‍പ്പെടെയുള്ള പൌരസ്ത്യ റീത്തുകാരായ വൈദികരും അല്‍മായരും അദ്ധ്യയനം നടത്തുന്നുണ്ട്‌.സീറോ മലബാര്‍ സഭയിലേയും മലങ്കര സഭയിലേയും പല മെത്രാന്മാരും ഓറിയെന്റല്‍ ഇന്‍സ്‌റ്റിട്യൂട്ടിന്റെ പൂര്‍വ്വ വിദ്ധ്യാര്‍ത്ഥികളാണ്‌.

1922 മുതല്‍ ഇന്‍സ്‌റ്റിട്യൂട്ടിന്റെ ഭരണം ഈശോ സഭാ വൈദികരാണ്‌ നടത്തുന്നത്‌. പൌരസ്ത്യ സഭകളുടെ കാര്യാലയത്തിന്റെ അദ്ധ്യക്ഷണാണ്‌ ഇന്‍സ്‌റ്റിട്യൂട്ടിന്റെ ഗ്രാന്‍ഡ്‌ ചാന്‍സലര്‍. സീറോ മലബാര്‍ സഭയുടെ വിഖ്യാത ചരിത്രകാരന്‍ പ്ലാസിഡ്‌ പൊടിപാറ ഇവിടെ അദ്ധ്യാപകനായിരുന്നു. ഇഥം പ്രഥമമായാണ്‌ ഒരു ഏഷ്യാക്കാരന്‍ ഈ വിഖ്യാത വിദ്യാലയത്തിന്റെ റെക്‌ടറായി നിയമിതനായിരിക്കുന്നത്‌ എന്ന വസ്തുത ക്‌നാനായ സമുദായത്തിന്‌ എന്നും അഭിമാനിക്കുവാന്‍ പോന്ന ചരിത്ര സംഭവമാണ്‌. ഫാ.സണ്ണിക്ക്‌ ക്‌നാനായ ശബ്‌ദത്തിന്റെ അഭിനന്ദനങ്ങള്‍.

ജോയിസണ്‍ പഴയമ്പള്ളില്‍

Comments