പ്രതിസന്ധികളില്‍ പതറാതെ ആറരപളളികള്‍

posted Jun 30, 2010, 11:37 PM by Knanaya Voice   [ updated Jul 1, 2010, 5:05 PM by Anil Mattathikunnel ]
കേരളത്തിലെന്നതുപോലെ  പ്രവാസി നാടുകളിലും  ക്നാനായ സമുദായം തനതാത്മകതയോടെ നിലനില്‍ക്കണമെങ്കില്‍ ക്നാനായ പളളികള്‍ ആവശ്യമാണ്. എന്നാല്‍ സഭാ നിയമപ്രകാരം  ക്നാനായ പളളികള്‍ സ്ഥാപിക്കുന്നതിനാവശ്യമായ സൌകര്യം അമേരിക്കയില്‍ ഉണ്ടായത് 2001 ജൂലൈ 1ന് ഷിക്കാഗോ സെന്റ് തോമസ് സീറോമലബാര്‍ രൂപത ഉദ്ഘാടനം ചെയ്തതോടെയാണ്.നാളിതുവരെ അജപാലന സംവിധാനങ്ങള്‍, തങ്ങളുടെ പരിമിതിയില്‍ നിന്നു കൊണ്ട് സാധിക്കുന്നിടത്തോളം ഒരുക്കി കൊടുത്തിരുന്ന സംഘടനാ സംവിധാനത്തോട് ചിലര്‍ക്കുണ്ടായ  അമിത താല്പര്യം, ക്നാനായ പളളികള്‍ സ്ഥാപിക്കുന്നതിനോടുളള എതിര്‍പ്പായി മാറി.ചുരുക്കം ചിലര്‍ നേതൃത്വം കൊടുത്തു പരത്തിയ തെറ്റിദ്ധാരണ സമുദായത്തില്‍ പ്രാദേശീക തലങ്ങളില്‍ വിളളലുകള്‍ സൃഷ്ടിച്ചു.എന്നാല്‍ ഇടവകകള്‍ സ്ഥാപിതമായി കഴിയുമ്പോള്‍ ക്നാനായ സഭാ വിശ്വാസികള്‍ക്ക്  പുത്തനുണര്‍വ്വും ഐക്യവും ആത്മീയ വളര്‍ച്ചയും സന്തോഷവും സംജാതമാകുന്നുവെന്നതാണ് ഷിക്കാഗോയിലെയും അറ്റ്ലാന്റയിലേയും അനുഭവം. പളളിവരുന്നതുവഴി സംഘടന ചെറുതാകുകയല്ല,മറിച്ച് അതിനു പ്രവര്‍ത്തന സൌകര്യവും  മേഖലകളും വ്യാപകമാകുകയാണ് ചെയ്യുന്നത്. ഈ ദര്‍ശനം ഉള്‍ക്കൊണ്ട്  കെ.സി.സി.എന്‍.എ.യും പ്രാദേശീക സംഘടനകളും കാലോചിതമാറ്റത്തിനു തയ്യാറായി ക്നാനായ റീജിയണെയും മിഷനുകളെയും ദേവാലയ സ്ഥാപനത്തെയും പിന്തുണയ്ക്കുന്നത് ആശാവഹമാണ്.

ഷിക്കാഗോയിലെയും അറ്റ്ലാന്റയിലേയും മാതൃക  പിന്തുടര്‍ന്നു കൊണ്ട് പുതുതായി ആറ് പളളികള്‍ നാം അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ വാങ്ങി, ജൂലൈ 17 മുതല്‍ ഓഗസ്റ് 8 വരെ കാലഘട്ടത്തില്‍ കൂദാശ ചെയ്യുകയാണ്.ഡിട്രോയിറ്റ് (ജൂലൈ 17),ഷിക്കാഗോ സെന്റ്മേരീസ് (ജൂലൈ 18),സാന്‍ അന്റോണിയ (ജൂലൈ 21), ഡാളസ്(ജൂലൈ 26), ലോസ് ആഞ്ചലസ് (ജൂലൈ 31), റ്റാമ്പാ (ഓഗസ്റ് 1) എന്നിവയാണ് കൂദാശ ചെയ്യപ്പെടുന്ന  പുതിയ പളളികള്‍ കൂടാതെ അമേരിക്കയില്‍ ക്നാനായക്കാര്‍  ആദ്യമായി നിര്‍മ്മിക്കുന്ന  പളളിയുടെ കല്ലീടീല്‍ കര്‍മ്മം ജൂലൈ 28 ന് ഹൂസ്റണില്‍ നടക്കും. വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്റെ  ആശിര്‍വാദം ജൂലൈ 31 ന് നടക്കും. ഈ ചടങ്ങുകള്‍ അനുഗ്രഹീതമാക്കുവാന്‍ എത്തുന്ന  മാര്‍ മാത്യുമൂലക്കാട്ട്,മാര്‍ ജേക്കബ് അങ്ങാടിയാത്ത്,മാര്‍ജോസഫ് പണ്ടാരശ്ശേരില്‍ എന്നീ പിതാക്കന്മാരെയും മറ്റ് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. ഇനിയും നമുക്കു കൂടുതല്‍ ക്നാനായ മിഷനുകളും പളളികളും അമേരിക്കയിലെ വിവിധ ക്നാനായ കേന്ദ്രങ്ങളില്‍ ഉണ്ടാകണം. അതിന് അതാതു സ്ഥലങ്ങളിലുളള ക്നാനായ സഹോദരങ്ങള്‍ക്ക് ഈ ദേവാലയ കൂദാശ പ്രചോദനമാകട്ടെ എന്നുപ്രത്യാശിക്കുന്നു. സമുദായത്തിന്റെ സമഗ്രമായ വളര്‍ച്ചയ്ക്കുപകരിക്കുന്ന ദേവാലയ സ്ഥാപനത്തിന് അനുഗ്രഹവര്‍ഷം ചൊരിയുന്ന ദൈവത്തിനും,വേണ്ട പ്രോത്സാഹനം നല്‍കുന്ന അഭിവന്ദ്യ പിതാക്കന്മാര്‍ക്കും, പ്രതിസന്ധികളില്‍ പതറാതെ പ്രേഷിത പ്രവര്‍ത്തനം നടത്തുന്ന ബഹു.വൈദീകര്‍ക്കും അല്മായ സഹോദരങ്ങള്‍ക്കും ഹൃദയംഗമമായ നന്ദി.
ഫാ.ഏബ്രഹാം മുത്തോലത്ത്
Comments