ചിക്കാഗോ: പ്രവാസികള്‍ക്ക് ഇന്ത്യന്‍ പാര്‍ലമെന്റിലും നിയമസഭയിലും നോമിനേഷനിലൂടെ പ്രാതിനിധ്യം ലഭിക്കത്തക്കരീതിയില്‍ ഭരണഘടനാഭേദഗതി കൊണ്ടുവരണമെന്ന് ബാബു ചാഴികാടന്‍ ഫൌണ്ടേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ജോസ് കണിയാലി, ജനറല്‍ സെക്രട്ടറി ജോര്‍ജ് തോട്ടപ്പുറം എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഈ ആവശ്യം ജനശ്രദ്ധയില്‍ കൊണ്ടുവന്ന കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ലീഡറും ഫൌണ്ടേഷന്‍ രക്ഷാധികാരിയുമായ കെ.എം. മാണിയെ ഭാരവാഹികള്‍ അഭിനന്ദിച്ചു. പ്രവാസികളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനും പരിഹാരം കാണാനും അവരുടെ പ്രാതിനിധ്യം ആവശ്യമാണ്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് നട്ടെല്ലായി നിലകൊള്ളുന്ന ഗള്‍ഫിലും അമേരിക്കയിലും യൂറോപ്പിലുമുള്ള പ്രവാസികള്‍ക്ക് ഭരണരംഗത്തും പ്രാതിനിധ്യം നല്‍കുവാനുള്ള നടപടികള്‍ ആരംഭിക്കണം. പ്രവാസികള്‍ക്കുള്ള അംഗീകാരം എന്നതിനെക്കാളുപരി രാജ്യവളര്‍ച്ചയ്ക്ക് അവരുടെ സഹകരണം ഉറപ്പുവരുത്താനും അത് സഹായിക്കും. 'പ്രവാസി പ്രാതിനിധ്യം ഇന്ത്യന്‍ ഭരണരംഗത്ത്' എന്ന വിഷയത്തെക്കുറിച്ച് ഒക്ടോബര്‍ മാസത്തില്‍ ബാബു ചാഴികാടന്‍ ഫൌണ്ടേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക സംഘടിപ്പിക്കുന്ന ദേശീയസെമിനാറില്‍ വടക്കേ അമേരിക്കയിലെ സാമൂഹിക-സാംസ്കാരിക- രാഷ്ട്രീയ- മാധ്യമ സംഘടനാ നേതാക്ക•ാര്‍ പങ്കെടുക്കും. അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ഈ വിഷയത്തെക്കുറിച്ച് ഒരു തുറന്ന ചര്‍ച്ചയ്ക്ക് ഈ ദേശീയ സെമിനാര്‍ വഴിയൊരുക്കുമെന്ന് ഫൌണ്ടേഷന്‍ ഭാരവാഹികള്‍ പ്രസ്താവിച്ചു. പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കിയ യു.പി.എ. സര്‍ക്കാരിന്റെ നടപടി അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ പ്രവാസികള്‍ നാട്ടിലെത്തി വോട്ട് രേഖപ്പെടുത്തുകയെന്നത് പ്രായോഗികമല്ല. അതിനാല്‍ ഇന്‍ഡ്യന്‍ കോണ്‍സുലേറ്റ് മുഖാന്തിരം വോട്ട് രേഖപ്പെടുത്തുവാന്‍ പ്രവാസികള്‍ക്ക് അവസരം നല്‍കുന്നതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരണം. ഇക്കാര്യത്തില്‍ ഭരണപ്രതിപക്ഷ കക്ഷികള്‍ പ്രവാസികള്‍ക്കുവേണ്ടി ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് ഫൌണ്ടേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ചാക്കോ മറ്റത്തിപറമ്പില്‍ |