റിലീജിയസ് ഫെസ്റ്റിവല്‍ മാര്‍ച്ച് 26-ന്

posted Mar 11, 2011, 8:56 PM by Knanaya Voice   [ updated Mar 13, 2011, 12:24 PM by Unknown user ]

ചിക്കാഗോ: സെന്റ് മേരീസ്, സേക്രഡ് ഹാര്‍ട്ട് മതബോധന സ്കൂളുകളുടെ സംയുക്താഭിമുഖ്യത്തിലുള്ള റിലീജിയസ് ഫെസ്റ്റിവല്‍ മാര്‍ച്ച് മാസം 26-ാം തീയതി പാര്‍ക്ക് റിഡ്ജിലുള്ള മെയിന്‍ ഈസ്റ്റ് സ്കൂളില്‍ അരങ്ങേറും. ചിക്കാഗോ സെന്റ് തോമസ് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. റിലീജിയസ് ഫെസ്റ്റിവലിനോടനുബന്ധിച്ച് കോട്ടയം രൂപതയുടെ ശതാബ്ദിയും ചിക്കാഗോ സെന്റ് തോമസ് രൂപതയുടെ ദശാബ്ദിയും മാര്‍ അങ്ങാടയത്ത് പിതാവിന്റെ മെത്രാഭിഷേകവും ആഘോഷിക്കുന്നതായിരിക്കും. ഇരു സ്കൂളിലെയും കുട്ടികളും അദ്ധ്യാപകരുമായി എണ്ണൂറോളം പേരാണ് കലോത്സവത്തിന്റെ ഭാഗമായി സ്റ്റേജില്‍ ഡാന്‍സുകളും സ്കിറ്റുകളും അവതരിപ്പിക്കുന്നത്. ഉല്പത്തി മുതല്‍ അവസാനവിധി വരെയുള്ള ബൈബിള്‍ സംഭവങ്ങളും കോട്ടയം രൂപതയും ഉത്ഭവവും വളര്‍ച്ചയും പ്രതിപാദിക്കുന്ന ക്നാനായ ചരിത്രവും ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടുകൂടി സ്റ്റേജില്‍ തന്മയത്വമായി അവതരിപ്പിക്കുന്നതായിരിക്കും. ബൈബിള്‍ ഭാഗങ്ങളും ചരിത്രങ്ങളും കൂട്ടികളുടെ മനസ്സുകളില്‍ പതിപ്പിച്ചെടുക്കുക എന്ന ഉദ്ദേശത്തോടുകൂടി ദൃശ്യ-ശ്രവണ വിവരണങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നൂതന സാങ്കേതിക വിദ്യ ഈ വര്‍ഷത്തെ ഫെസ്റ്റിവലിന്റെ പ്രത്യേകയായിരിക്കും. ഫെസ്റ്റിവിലനുവേണ്ടിയുള്ള അവസാനവട്ട പരിശീലന പരിപാടികള്‍ പൂര്‍ത്തിയായി വരുന്നതായി പ്രോഗ്രാം കോര്‍ഡിനേറ്റേഴ്സ് അറിയിച്ചു.
ചിക്കാഗോ ക്നാനായ സമൂഹത്തിന്റെ ഒരുമയും ഐക്യവും വിളിച്ചറിയിച്ചുകൊണ്ട് ഇരുദേവാലയങ്ങളിലെയും മുഴുവന്‍ ജനങ്ങള്‍ക്കും ഒന്നിച്ചുചേരുവാനുള്ള അവസരം ഒരുക്കുന്ന ഫെസ്റ്റിവല്‍ കുടുംബസമേതം കണ്ട് ആസ്വദിക്കുവാന്‍ എല്ലാവരേയും മാര്‍ച്ച് 26-ാം തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് മെയിന്‍ ഈസ്റ്റ് ഹൈസ്കൂളിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി വികാരി എബ്രഹാം മുത്തോലത്ത് അറിയിച്ചു. ഫെസ്റ്റിവലിന് ജോണി തെക്കേപ്പറമ്പില്‍, സജി പൂതൃക്കയില്‍, സാബു മുത്തോലത്ത്, മേരി ആലുങ്കല്‍, സാലി കിഴക്കേക്കുറ്റ്, ഷീബ മുത്തോലത്ത്, റ്റോമി കുന്നശ്ശേരി, മനീഷ് കൈമൂലയില്‍, മോളി മുത്തോലത്ത്, ഷൈനി വിരുത്തിക്കുളങ്ങര, ജോസ്മി ഇടുക്കുതറ, ഡെന്നി പുല്ലാപ്പള്ളി, ടീനാ കോലടി, ജയിന്‍ മാക്കീല്‍, എന്നിവര്‍ നേതൃത്വം നല്‍കും. സേക്രഡ് ഹാര്‍ട്ട്, സെന്റ് മേരീസ് ദേവാലയങ്ങളിലെ എക്സിക്യൂട്ടീവ് കമ്മറ്റികളുടെയും പേരന്റ് വോളന്റിയര്‍മാരുടെയും നേതൃത്വത്തില്‍ ഫെസ്റ്റിവലിന് ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു.

ജോസ് കണിയാലി, സാജു കണ്ണമ്പള്ളി
Comments