റ്റാമ്പാ: സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്ക് ഇടവകയില്‍ കുട്ടികള്‍ക്കായി ചെറുപുഷ്പ മിഷന്‍ ലീഗ് ആരംഭിച്ചു. ഒക്ടോബര്‍ 16-ാം തീയതി ഞായറാഴ്ച വി. കൊച്ചു ത്രേസ്യായുടെ ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്കുശേഷം ഇടവകയിലെ ഡിവൈന്‍ മേഴ്സി സോഷ്യല്‍ ഹാളില്‍വച്ച് ഇടവക വികാരി റവ. ഫാ. ബിന്‍സ് ചേത്തലില്‍ ഈ പ്രേഷിത സംഘടനയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രാര്‍ത്ഥനയില്‍ അധിഷ്ഠിതമായ ജിവിതം നയിക്കുവാനും സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുവാനും കുട്ടികളെ ചെറുപ്പം മുതലേ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി റവ. ഫാ. ബിന്‍സ് ചേത്തലില്‍ വിശദമായി പ്രതിപാദിച്ചു. 1947 -ല്‍ ഫാ. ജോസഫ് മാലിപ്പറമ്പില്‍, പി. സി. ഏബ്രാഹം (കുഞ്ഞേട്ടന്‍) എന്നിവരുടെ നേതൃത്വത്തില്‍ ഭരണങ്ങാനത്ത് എളിയ രീതിയില്‍ ആരംഭിച്ച ചെറുപുഷ്പ മിഷന്‍ ലീഗ്, ഇന്ന് ഭാരത കത്തോലിക്ക സഭയുടെ അവിഭാജ്യഘടകമായി മാറിയിരിക്കുന്നു. കുട്ടികളെ സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കുവാനും, അവരില്‍ പ്രാര്‍ത്ഥനാ ശീലവും, സേവനസന്നദ്ധതയും, നേതൃത്വബോധവും വളര്‍ത്തിയെടുക്കുവാനുമായി ഈ സംഘടന അക്ഷീണം പ്രവര്‍ത്തിച്ചുവരുന്നുവെന്നും. സി. സി. ഡി. പ്രിന്‍സിപ്പാള്‍ ജോയ്സണ്‍ പഴയംപ്പള്ളി വിശദീകരിച്ചു. മിഷന്‍ ലീഗിന്റെ സുഗമമായ നടത്തിപ്പിനായി ബിനി വാഴപ്പള്ളില്‍, ജസ്റീന ഇല്ലിക്കല്‍, ജോവല്‍ പുതുശ്ശേരി, സ്റീഫന്‍ കിഴക്കനടിയില്‍ എന്നിവരെ കോ-ഓര്‍ഡിനേറ്റേഴ്സായും സോണിയ പഴുക്കായില്‍, കുഞ്ഞുമോള്‍ പുതുശ്ശേരിയില്‍, ജസ്സി വെട്ടുപാറപ്പുറം, ജസ്സി പാറടിയില്‍, ബിജോയ് മൂശ്ശാരിപ്പറമ്പില്‍ എന്നിവരെ ഡയറക്ടേഴ്സായും തിരഞ്ഞെടുത്തു. 6-ം ക്ളാസ്സുമുതല്‍ 12-ം ക്ളാസ്സുവരെയുള്ള കുട്ടികളായിരിക്കും മിഷന്‍ ലീഗില്‍ അംഗങ്ങളാകുക.
ജോസ്മോന്‍ തത്തംകുളം
|